‘ഒരുമയോടെ’ ഒരു ഓണാഘോഷം യോങ്കേഴ്സില്‍ സെപ്തംബര്‍ 23-ന്

THOMAS K PHOTOന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ തൊട്ടടുത്തു കിടക്കുന്ന യോങ്കേഴ്‌സിലെ മലയാളികള്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു ഒരിക്കല്‍ക്കൂടി ഒരുമിച്ച് അണിനിരക്കുന്നു. യോങ്കേഴ്‌സിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടത്തിയിട്ടില്ലാത്ത കെങ്കേമമായ ഓണസദ്യയായിരിക്കും സെപ്റ്റംബര്‍ 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നടത്താനിരിക്കുന്നത്.

അടുത്തകാലം വരെ രണ്ടായി വിഭജിച്ചു നിന്നിരുന്ന യോങ്കേഴ്‌സിലെ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഷിനു ജോസഫും, അദ്ദേഹത്തിന്റെ ടീമുമാണ് മുന്‍കൈ എടുത്തതെന്ന കാര്യം എടുത്തു പറയേണ്ടതാണ്. 2000-ല്‍ സ്ഥാപിതമായ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍ ഫൊക്കാന വിഭജിച്ച അവസരത്തില്‍ അധികാര വടംവലി ഉണ്ടായതിന്റെ പേരില്‍ വിഭജിക്കപ്പെടുകയാണുണ്ടായത്.

ഫൊക്കാന പിളര്‍ന്ന അവസരത്തില്‍ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷനേയും പിളര്‍ത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേസ് സുപ്രീം കോടതി വരെ എത്തിയെങ്കിലും അന്നത്തെ വിവരമുള്ള ഒരു ജഡ്ജി രണ്ടു കൂട്ടരോടും നിങ്ങള്‍ തമ്മിലടിക്കാതെ വിഭജിക്കുന്നതാണ് ഏറ്റവും നല്ലതെന്നും, തമ്മിലടിച്ചാല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും, അങ്ങിനെ വരുന്നപക്ഷം നിങ്ങളുടെ വരുംതലമുറയ്ക്കുതന്നെ അത് ഒരു ശാപമായിരിക്കും എന്ന് ഉപദേശിക്കുകയും, ഉണ്ടായിരുന്ന പണം രണ്ടായി വിഭജിച്ചെടുത്ത് പിരിയുകയും, പിരിഞ്ഞവര്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന പേരില്‍ ചെറിയൊരു ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ ലേഖകന്‍ അന്ന് സുപ്രീം കോടതിയില്‍ പോയതിനാല്‍ സത്യാവസ്ഥ അറിയാവുന്ന ആളുമാണ്. ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സില്‍ ഫൊക്കാന അധികാരവടം വലിക്കുവേണ്ടി വീണ്ടും വിഭജനം ഉണ്ടാകാന്‍ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പല മെമ്പര്‍മാരോടുമൊപ്പം ഈ ലേഖകനും മാറി നില്‍ക്കുകയാണ്.

വാസ്തവത്തില്‍ ഫോമാ, ഫൊക്കാന ചേരിതിരിവാണ് അമേരിക്കയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പല മലയാളി സംഘടനകളും തമ്മിലടിച്ച് ക്ഷയിക്കാനുണ്ടായ കാരണം എന്നു നമുക്കു കാണുവാന്‍ സാധിക്കും. ധാരാളം മലയാളികള്‍ ഒന്നിച്ചു താമസിക്കുന്ന യോങ്കേഴ്‌സില്‍ മലയാളികള്‍ ഒരു ശക്തി തന്നെയാണ്. യോങ്കേഴ്‌സില്‍ മലയാളികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഷിനു ജോസഫിനെപ്പോലുള്ള ഒരാള്‍ നേതൃസ്ഥാനത്തേക്ക് കടന്നുവന്നത് യോങ്കേഴ്‌സ് നിവാസികളായ മലയാളികള്‍ക്കെല്ലാം പ്രത്യാശയ്ക്കു കാരണമായിത്തീര്‍ന്നിരിക്കുകയാണ്. എന്തിനേറെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറെക്കുറെ വൈരികളെപ്പോലെ കഴിഞ്ഞിരുന്ന എന്റെ തൊട്ടയല്‍പക്കക്കാരായ മുന്‍കാല സുഹൃത്തുക്കള്‍ കഴിഞ്ഞകാല തെറ്റുകള്‍ മറന്ന് സ്‌നേഹത്തിന്റെ കൂട്ടായ്മയിലേക്കു വന്നതു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം തോന്നി.

ഐ.എ.എം.സി.വൈ.യുടെ സ്ഥാപക സെക്രട്ടറിയും, ഔദ്യോഗികമായി ഇപ്പോഴും അതിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ലേഖകന്‍ കഴിഞ്ഞ 9 വര്‍ഷത്തോളം പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ത്തന്നെ ഉണ്ടായിരുന്നു. കൂടാതെ ഐ.എ.എം.സി.വൈ.യെ പ്രതിനിധീകരിച്ച് ഔദ്യോഗികമായി ഫൊക്കാനയിലെ നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ്.

ഇക്കാലയളവില്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കിയത് പ്രാദേശിക മലയാളി സംഘടനകള്‍ ഒന്നിക്കാതിരിക്കാനും ഭിന്നിപ്പുണ്ടാക്കാനും ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ഫൊക്കാനയിലെ കുരുട്ടുബുദ്ധികളായ ചില നേതാക്കന്മാരാണെന്ന സത്യമാണ്. അത്തരക്കാരോട് ഒരു വിധത്തിലും മാനസികമായി പൊരുത്തപ്പെട്ടു പോകാന്‍ എനിക്കു സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ യോങ്കേഴ്‌സ് മലയാളികളുടെ കൂട്ടായ്മയ്ക്കു വിഘാതമായി നില്‍ക്കാതിരിക്കാന്‍ വേണ്ടി ഫൊക്കാനയിലുള്ള എന്റെ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനം ഇതോടൊപ്പം രാജിവച്ചതായി ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെയെങ്കിലും ഫോമാ-ഫൊക്കാനാ എന്ന പേരില്‍ യോങ്കേഴ്‌സിലെ മലയാളികള്‍ തമ്മിലടിക്കാതെ ഒന്നിക്കാനിടവരട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതോടൊപ്പം ഷിനു ജോസഫിന്റെ നേതൃത്വത്തിലുള്ള യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. ഐ.എ.എം.സി.വൈയിലുള്ള എല്ലാ മെമ്പര്‍മാരും സാധിക്കുമെങ്കില്‍ സോണ്‍ഡേഴ്‌സ് ഹൈസ്‌ക്കൂളില്‍ വച്ചു നടക്കുന്ന മഹത്തായ ഓണാഘോഷത്തില്‍ പങ്കെടുത്ത് യോങ്കേഴ്‌സ് മലയാളികളുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

One Thought to “‘ഒരുമയോടെ’ ഒരു ഓണാഘോഷം യോങ്കേഴ്സില്‍ സെപ്തംബര്‍ 23-ന്”

  1. ഒരു യോങ്കേഴ്സ് നിവാസി

    ശ്രീ കൂവള്ളൂര്‍ എഴുതിയത് എത്രയോ ശരി. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഛിദ്രമുണ്ടാക്കി തന്‍‌കാര്യം കാണുന്നവരാണ് ഫൊക്കാന-ഫോമ സംഘടനകളില്‍. രണ്ടു സംഘടനകളും അംഗങ്ങളെ കൂട്ടാന്‍ മത്സരിക്കുമ്പോള്‍ സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞിരുന്ന പല സംഘടനകളും രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. പിളര്‍ന്നില്ലെങ്കില്‍ ഇവന്മാര്‍ പിളര്‍ത്തും. അതോടെ ആ സംഘടനകളുടെ അടിത്തറ ഇളകും. ചിരകാല സുഹൃത്തുക്കള്‍ പോലും വേര്‍പിരിയുന്ന അവസ്ഥ. ഇതിനൊരു മാറ്റം വരണം. വന്നേ തീരൂ. ഏതായാലും യോങ്കെഴ്സ് മലയാളി അസ്സോസിയേഷനും കൂവള്ളൂരിന്റെ സംഘടനയും ഒന്നാകാന്‍ തീരുമാനിച്ചതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. ഇനിയെങ്കിലും ഈ കൊച്ചു യോങ്കേഴ്സില്‍ എല്ലാ മലയാളികളും ഒരുമിച്ചൊരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണം.

Leave a Comment