കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം തുടങ്ങി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്. സ്ഥിതിഗതികളില്‍ മാറ്റമില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ തുക വാങ്ങിയത് ശേഷം കീഴടങ്ങാന്‍ ആയിരുന്നു സുനിയുടെ പദ്ധതി. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
അതേസമയം കേസിലെ നിര്‍ണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ദീലിപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ജയിലില്‍ കിടന്നപ്പോഴും ശ്രമം ഉണ്ടായെന്നാണ് പൊലീസിന് ലഭിച്ച വിവരം. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതില്‍ ഒരു സാക്ഷിയുടെ കാര്യത്തില്‍ പൊലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ മുന്നോട്ടു വെച്ചായിരിക്കും പ്രോസിക്യൂഷന് ദിലീപിന്റെ ജാമ്യാപേക്ഷ എതിര്‍ക്കുക. രഹസ്യമൊഴി നല്കിയ സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന വിവരവുമുണ്ട്.
ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് വിചാരണയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന് കോടതി ജാമ്യാപേക്ഷയില്‍ പരിശോധിക്കുന്നുണ്ട്. ആ സ്ഥിതിക്ക് പൊലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നിര്‍ണായകമാകും.
ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply