ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട്

JCCT3കേരളമാകെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതനായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അമേരിക്കന്‍ മലയാളി ജോസഫ് ചാണ്ടി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റബിള്‍ മിഷനും, ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റും സാര്‍ത്ഥകമായ പ്രവര്‍ത്തന മികവിന്‍റെ ഇരുപത്തൊന്നു വര്‍ഷം പൂര്‍ത്തിയാക്കി, ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക്.

കഴിഞ്ഞ ഇരുപത്തൊന്നു വര്‍ഷമായി കേരളത്തിലുടനീളവും, അടുത്തയീടെയായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട രണ്ടര ലക്ഷത്തിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഇരുപതിനായിരത്തോളം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ട്രസ്റ്റിന്‍റെ സ്കോളര്‍ഷിപ്പ് നല്‍കിക്കഴിഞ്ഞു. ഓരോ വര്‍ഷവും പന്തീരായിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആയിരം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. പഠിക്കാന്‍ സമര്‍ഥരും എന്നാല്‍ സാമ്പത്തിക വിഷമതയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്കു പുറമേ അനാഥര്‍ക്കും, ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും, സാധു പെണ്‍കുട്ടികളുടെ വിവാഹത്തിനും, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും, ഭവന നിര്‍മ്മാണത്തിനും, ചികില്‍സയ്ക്കും, സാധുക്കള്‍ക്കു ഭക്ഷണത്തിനും, വികലാംഗര്‍ക്കുമെല്ലാം ട്രസ്റ്റ് സഹായം നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും ദത്തെടുക്കപ്പെട്ട സാധു കുടുംബങ്ങള്‍ക്കും മാസംതോറും സഹായം നല്‍കി വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ വര്‍ഷവും നല്‍കുന്ന സഹായധനം ഒരു കോടി രൂപയാണ്.

2017 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണം ജൂണ്‍ 21-ാം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സമ്മേളനത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ക്കു ഭക്ഷണവും, സാന്ത്വനവും നല്‍കുന്ന ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റിന് ഒന്നര ലക്ഷം രൂപ നല്‍കികൊണ്ടാണ് ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്നു നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുകളും, സാധുക്കള്‍ക്കും, രോഗികള്‍ക്കും ധനസഹായവും വിതരണം ചെയ്തു. ജനുവരി 26 ന് കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറിയില്‍ നടന്ന യോഗത്തില്‍ വച്ച് കിടങ്ങൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും തെരഞ്ഞെടുക്കപ്പെട്ട സാധുക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായമായി പതിനായിരം രൂപ വീതം നല്‍കി. പിന്നീട് ഒരു മാസക്കാലം കേരളത്തിലെ എല്ലാ ജില്ലകളിലും, കര്‍ണ്ണാടകയിലെ ബല്‍ത്തങ്ങാടിയിലും, തമിഴ്നാട്ടിലെ തിരുനല്‍വേലിയിലും, വിവിധ കോളേജുകളിലും സ്കൂളുകളിലും നടന്ന അമ്പതിലേറെ പൊതുയോഗങ്ങളില്‍ വെച്ച് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും മറ്റ് സഹായങ്ങളും വിതരണം ചെയ്തു. ഗ്രാമ, നഗരസഭാ സാരഥികള്‍ എം.എല്‍. എ മാര്‍, മന്ത്രിമാര്‍, ബിഷപ്പുമാര്‍, കലാകാരന്‍മാര്‍ തുടങ്ങി നൂറുകണക്കിനു നേതാക്കള്‍ സ്കോളര്‍ഷിപ്പു വിതരണത്തിനു നേതൃത്വം നല്‍കി. എല്ലായിടത്തും മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി നേരിട്ടെത്തുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍മാരായ ഡോ. എം ആര്‍ ഗോപാലകൃഷ്ണന്‍ , പി.ബി. കുരുവിള എന്നിവരും നേതൃത്വം നല്‍കി.

വിവിധ ജില്ലകളിലെ ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍മാരായ കോളേജധ്യാപകരും, സ്കൂളധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്കു ഉടനീളം സഹകരിച്ചു. കാലാവസ്ഥയുടേയും ഹര്‍ത്താലുകളുടേയും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും എല്ലായിടത്തും എത്തിച്ചേര്‍ന്ന് ഇക്കൊല്ലത്തെ സ്കോളര്‍ഷിപ്പ് വിതരണം വന്‍ വിജയമായി. മിക്ക സ്ഥലങ്ങളിലും ജോസഫ് ചാണ്ടിയുടെ സഹധര്‍മ്മണിയും, ട്രസ്റ്റ് ഡയറക്ടറുമായ ശ്രീമതി മേരി ജോസഫും എത്തിച്ചേര്‍ന്നുവെന്നുള്ളത് ഇക്കൊല്ലത്തെ പ്രധാന പ്രത്യേകതയാണ്. കേരള, തമിഴ്നാട് , കര്‍ണ്ണാടക സ്കോളര്‍ഷിപ്പുകള്‍ നേരിട്ടെത്തി വിതരണം ചെയ്തതിനു പുറമേ, ഇന്ത്യയിലെ എല്ലാ സംസഥാനങ്ങളിലേക്കുമുള്ള സ്കോളര്‍ഷിപ്പുകള്‍, സംസഥാന കോഓര്‍ഡിനേറ്റര്‍മാര്‍ക്കു അയച്ചുകൊടുത്തു.

2017- ജൂലൈ 19 ന് മൂലേടം എന്‍.എസ്.എം.സി.എം.എസ് .എല്‍.പി.എസില്‍ നടന്ന മഹാസമ്മേളനത്തോടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. ഈ സമ്മേളനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ക്കു പുറമേ, വിവിധ വിദ്യാലയങ്ങള്‍ക്കു അഞ്ചു കമ്പ്യൂട്ടറുകളും വിതരണം ചെയ്തു. രോഗികള്‍ക്കും, ദത്തു കുടുംബങ്ങള്‍ക്കുമുള്ള ധനസഹായവും നല്‍കി ഒരു മാസം നീണ്ടുനിന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയായി.

വാര്‍ത്ത: മാര്‍ട്ടിന്‍ വിലങ്ങോലില്‍

JCCT1 JCCT2 JCCT4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News