കെ.എസ്‌.സി ഫിലിം ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു

IMG_0889കേരള സോഷ്യല്‍ സെന്ററിന്റെ ഫിലിം ക്ലബ് ‘സിനിമാ കൊട്ടക’ ദേശീയ പുരസ്‌കാര ജേതാവായ സിനിമാ സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം നിർവഹിച്ചു . സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സെന്റര്‍ സെക്രട്ടറി
ടി.കെ. മനോജ്, ഹൃസ്വചിത്ര സംവിധായകന്‍ നിസാര്‍ ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വിപണിയുടെയും മൂലധനത്തിന്റെയും സമ്മര്‍ദ്ദം സിനിമാരംഗത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്ക് എതിര് നില്‍ക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഒരു മുന്നേറ്റം സിനിമാ രംഗത്ത് ആവശ്യമാണെന്ന് ഫാറൂഖ് അബ്ദുല്‍ റഹ്മാൻ ഉദ്ഘാന പ്രസംഗത്തില്‍ പറഞ്ഞു. അതിനായി അദ്ദേഹം നേതൃത്വം നല്‍കുന്ന പുതിയ ജനകീയ സിനിമാ പ്രസ്ഥാനത്തെക്കുറിച്ചും പരാമര്‍ശിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ‘ഇശലില്‍ കനല്‍ തോറ്റിയ കവി’ എന്ന കവി മോയിന്‍കുട്ടി വൈദ്യരുടെ ജീവചരിത്ര ചിത്രം പ്രദര്‍ശിപ്പിച്ചു. നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന്റെ കളിയച്ചന്‍ മുന്‍പ് കെ.എസ്.സിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നൂതനമായ ഒരു ആഖ്യാന രീതി അവലംബിച്ച ഈ ഡോക്യു ഫിക്ഷന്‍ ചിത്രം ഒരു ഡോക്യൂമെന്ററിയുടെ പ്രാഥമിക ധര്‍മ്മമായ വിവര സംവേദനത്തോടോപ്പം ഒരു കവിത പോലെ മാനോഹരവുമായിരുന്നു. അരൂപിയായ കവിയുടെ സാന്നിധ്യം ചിത്രത്തിലുടനീളം പ്രകൃതി ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തുന്നു. കവിയുടെ ജീവചരിത്രം മാത്രമല്ല സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രം നമുക്ക് കാണിച്ചു തരാനും സംവിധായകനു കഴിയുന്നു.

നിസാര്‍ ഇബ്രാഹിം എന്ന പ്രവാസി ചലച്ചിത്രകാരന്റെ ‘ആരോ ഒരാള്‍’ എന്ന ഷോര്‍ട്ട് ഫിലിമാണ് രണ്ടാമതായി പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ പികെ പാറക്കടവിന്റെ കഥയെ ആസ്പദമാക്കി എടുത്ത ഈ ഹ്രസ്വചിത്രം ആദ്യന്തം ഉദ്യോഗം നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സാങ്കേതികത്തികവും അഭിനേതാക്കളുടെ നല്ല പ്രകടനവും ചിത്രത്തെ ആസ്വാദനക്ഷമമാക്കി. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറം കെ.എസ്.സി ലൈബ്രേറിയന്‍ ഫൈസല്‍ ബാവ നയിച്ചു. സിനിമകളെ വിലയിരുത്തി അംഗങ്ങള്‍ സംസാരിച്ചു. ജനകീയ സിനിമാ പ്രസ്ഥാനങ്ങളുടെ പ്രസക്തിയെക്കുറിച്ചും അനിവാര്യതയെക്കുറിച്ചും ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ എടുത്തു പറഞ്ഞു.

IMG_0894 IMG_0930

Print Friendly, PDF & Email

Leave a Comment