ലാനേ ജയിക്ക നീണാള്‍…. (സുധീര്‍ പണിക്കവീട്ടില്‍)

lane sizeസാഹിത്യത്തിനു നോബല്‍ സമ്മാനം കിട്ടിയ ഈ അവസരത്തില്‍ ‘ലാന’ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 1913ല്‍ ആണ് ഭാരതം ആദ്യമായി സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടുന്നത്. അതിനു ശേഷം 2001 ല്‍ ഇന്ത്യന്‍ വംശജനാണെങ്കിലും ട്രിനിഡാഡ് – ടൊബോഗേയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച വിദ്യാധര്‍ സൂരജ് നയ്‌പോളിനു ആ വിശിഷ്ട അംഗീകാരം ലഭിച്ചു. ഇത്തവണ നോബേല്‍ സമ്മാനത്തിനു തനി മലയാള കവി ശ്രീ സച്ചിദാനന്ദന്റെ പേരു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. തനി മലയാള എന്നു പ്രയോഗിക്കുന്നത് ഇപ്പോള്‍ ധാരാളം പ്രവാസ മലയാളികളും കവികളും എഴുത്തുകാരുമുണ്ടല്ലോ എന്നുദ്ദേശിച്ചാണ്. ഇപ്പോള്‍ നോബേല്‍ സമ്മാനം ലഭിച്ച (2011) തോമസ് ട്രന്‍സ്രോമിന്റെ (2017ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം കസുവോ ഇഷിഗുറോ എന്ന ജപ്പാന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ്.) മിസ്റ്റര്‍ തോമസ് ട്രന്‍സ്രോമിന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍ സച്ചിദാനന്ദനു ഭാഗ്യം പരീക്ഷിക്കാന്‍ ഇനിയും പതിനേഴു വര്‍ഷങ്ങള്‍ ഉണ്ട്. ട്രന്‍സ്രോമരുടെ കവിതകളിലെ ചില വരികള്‍ സ്വതന്ത്ര വിവര്‍ത്തനം ചെയ്യട്ടെ. ‘ഹൃദയമിടിപ്പുകള്‍ അനുഭവപ്പെടുന്നത് എത്രയോ മനോഹരമാണ്. എന്നാല്‍ സ്വന്തം നിഴലുകള്‍ ചിലപ്പോള്‍ ശരീരത്തേക്കാള്‍ യാഥാര്‍ത്ഥ്യമുള്ളതായി തോന്നുന്നു. സൃഷ്ടി ഒറ്റക്ക് ചില കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന നിശ്ശബ്ദമായ സ്ഥലമാണ് ഞാന്‍.’

“അവര്‍ വെളിച്ചം കെടുത്തുന്നു. ഒരു നിമിഷം ആ വെളുത്ത ഗോളം തിളങ്ങുന്നു. പിന്നെ ഇരുട്ടിന്റെ പാനപാത്രത്തില്‍ ഒരു ഗുളിക പോലെ അലിയുന്നു. വീണ്ടും അതുദിച്ചു വരുന്നു.”

ഇങ്ങനെയൊക്കെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഭംഗിയായി (എന്റെ വിവര്‍ത്തനത്തിന്റെ പോരായ്മകള്‍ ക്ഷമിക്കുക) ശ്രീ ചെറിയാന്‍ കെ ചെറിയാനും ശ്രീ ജോസഫ് നമ്പിമഠവും എഴുതുന്നുണ്ടല്ലോ. ഒരാളുടെ രചനകള്‍ മേന്മയുള്ളതുകൊണ്ട് മാത്രം അദ്ദേഹത്തിനു അംഗീകാരങ്ങള്‍ കിട്ടണമെന്നില്ല. വളരെ അറിയപ്പെട്ടിരുന്ന ഒരു കവി, രണ്ടു ദശാബ്ദക്കാലം ആരും അറിയാതെ കഴിഞ്ഞു. സഹൃദയര്‍ ആ കവിയെ അംഗീകരിച്ചപ്പോള്‍ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ തേടി അവാര്‍ഡുകള്‍ വന്നു. ഒരുപക്ഷെ കാലം വിസ്മരിച്ച് കളയുമായിരുന്ന കവി.

എഴുത്തുകാരന്റെ കഴിവും സംഘടനകളുടെ പ്രവര്‍ത്തനവും അംഗീകാരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വളരെ പേര്‍ക്ക് ഒന്നുമറിയാതിരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ വിശ്വപ്രശസ്തനാകുന്നു. വാസ്തവത്തില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. എന്നാല്‍ ആ പ്രശസ്തി അംഗീകരിക്കപ്പെടുമ്പോഴാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പലരും നൈസ്സര്‍ഗികമായ സാഹിത്യ വാസനയുള്ളവരാണ്. അല്ലാത്തവര്‍ മിമിക്രിക്കാരെപ്പോലെ മറ്റുള്ളവര്‍ എഴുതുന്നത് സസൂക്ഷ്മം ശ്രദ്ധിച്ച് അതേപോലെ എഴുതാന്‍ മിടുക്കുള്ളവരാണ്. വായനക്കാരോ എഴുത്തുകാരോ ഇതു ശ്രദ്ധിക്കാത്തതുമൂലം സാഹിത്യചോരണം ഒരു സാധാരണ സംഭവമായി കഴിഞ്ഞു. ആരുണ്ടിവിടെ ചോദിക്കാന്‍?

ലാനയുടെ സാഹിത്യ സംരംഭങ്ങള്‍ അനുമോദനാര്‍ഹമെങ്കിലും അമേരിക്കന്‍ മലയാള സാഹിത്യമെന്ന ശാഖ വളര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കേണ്ടതാണ്. രചനകളുടെ മൂല്യനിര്‍ണ്ണയം നടത്താനും അത് സുധീരം പ്രഖ്യാപിക്കാനും അറിവും കരുത്തുമുള്ളവരായിരിക്കണം നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍. അച്ചടി പ്രസിദ്ധീകരണങ്ങള്‍ കൂടാതെ, വെബ് മാഗസിനുകളിലും എഴുത്തുകാര്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പ്രതിമാസം ഏറ്റവും നല്ല കവി, എഴുത്തുകാരന്‍ എന്ന സ്ഥാനത്തിനര്‍ഹരായവരെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായം പൊന്തി വന്നപ്പോള്‍ അതു വേണ്ട കാരണം പലര്‍ക്കും അപ്രീതി വരുമെന്ന നിലപാടാണ് പലരും സ്വീകരിച്ചത്. എല്ലവരെയും ഒരേപോലെ എന്ന മഹാമനസ്‌കതക്ക് മുമ്പില്‍ നമസ്‌കരിക്കണോ ചോദ്യം ചെയ്യണൊ എന്നുള്ളത് ഓരോരുത്തരുടേയും ചിന്താഗതിക്ക് വിട്ടു തരുന്നു. അതേസമയം എഴുത്തുകാരനെ തെറിവിളിക്കുന്നതാണു ശരിയായ നിരൂപണമെന്ന വിശ്വാസം പലരിലും രൂഢമായി കിടക്കുന്നതും അതിശയകരം തന്നെ. എന്തായാലും ഇവിടത്തെ എഴുത്തുകാരുടെ ശക്തിയും ദൗര്‍ബ്ബല്യങ്ങളും മനസ്സിലാക്കുന്നതിനും അവര്‍ക്ക് വേണ്ട് പ്രോത്സാഹനവും അംഗീകാരങ്ങളും കൊടുക്കുന്നതിനുമായിരിക്കണം നാട്ടിലുള്ള എഴുത്തുകാരെ തേടിപ്പിടിച്ച് അവരെ അനുമോദിക്കാന്‍ പോകുന്നതിനെക്കാള്‍ ഭേദം. വായിക്കാന്‍ ആളില്ലെങ്കില്‍ അല്ലെങ്കില്‍ അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനം. ഒരു കഥ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

പുല്‍തകിടികളും തടാകങ്ങളും നദികളുമുള്ള ഒരു ഉള്‍പ്രദേശത്ത് നാടന്‍ പാട്ടുകളുടെ മടിശ്ശീല കിലുക്കി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ അവിടെ ഒരു ശാസ്ത്രീയ സംഗീതനിപുണന്‍ എത്തിച്ചേര്‍ന്നു. ഗ്രാമവാസികള്‍ അയാളോട് പാടാന്‍ ആവശ്യപ്പെട്ടു.

നല്ലൊരു ശാസ്ത്രീയ സംഗീതമാകട്ടെ എന്നു കരുതി അയാള്‍ കച്ചേരി ആരംഭിച്ചു. രാഗങ്ങളുടെ ആരോഹവരോഹണത്തില്‍ അയാളുടെ കരണ ഞരമ്പുകള്‍ തടിച്ചു. സംഗീതത്തിനനുസരിച്ച് അയാളുടെ മുത്ത് ഭാവങ്ങള്‍ മാറിമറഞ്ഞു. ആ പരിശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ ശക്തിയായി വിയര്‍ത്തൊലിച്ചു. ഇതു തുടര്‍ന്നപ്പോള്‍ ഗ്രാമവാസികള്‍ കരയാനും മൂക്ക് പിഴിയാനും തുടങ്ങി. അയാള്‍ പാട്ടു നിര്‍ത്തി. കാരണം അന്വേഷിച്ചു. അവര്‍ മറുപടി പറഞ്ഞു. ഞങ്ങളുടെ ആടുകള്‍ മരണസമയത്ത് ഇതേപോലെ വെപ്രാളം കാട്ടുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മഹാനായ അങ്ങയുടെ അന്ത്യം ഞങ്ങളുടെ മുന്നിലായല്ലോ എന്ന വ്യസനം കാരണം ഞങ്ങള്‍ കരഞ്ഞ്‌പോയതാണ്. ശാസ്ത്രീയ സംഗീതക്കാരനു അയാളുടെ തെറ്റ് മനസ്സിലായി. ആസ്വദിക്കാനോ, മനസ്സിലാക്കാനോ കഴിയാത്ത ഒരു ജനക്കൂട്ടത്തിന്റെ മുന്നില്‍ താന്‍ ശാസ്ത്രീയ സംഗീതം ആലപിക്കരുതായിരുന്നു.

അതേപോലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ അതു ആസ്വദിക്കാനോ മനസ്സിലാക്കനോ പ്രതികരിക്കാനോ താല്‍പ്പര്യമില്ലാത്ത ഒരു സമൂഹത്തിന്റെ മുന്നില്‍ അവഗണിക്കപ്പെട്ടു പോകാതെ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അവര്‍ക്ക് നേടികൊടുക്കാന്‍ ലാന ഭാരവാഹികള്‍ ശ്രദ്ധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ലാനയുടെ സാഹിത്യ സമ്മേളനത്തിനു സകല വിജയങ്ങളും നേര്‍ന്നുകൊണ്ട് – നന്ദി നമസ്‌കാരം. ഇതെഴുതുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ ജയന്‍ വര്‍ഗീസ് കൈരളിയില്‍ എഴുതിയ വരികള്‍ ഓര്‍മ്മ വരുന്നു. അതിവിടെ ഉദ്ധരിക്കുന്നു. “മൂക്കില്ലാത്തവരുടെ നാട്ടില്‍ കസ്തൂരി വില്‍ക്കാനിറങ്ങിയ നിര്‍ഭാഗ്യവാന്റെ അവസ്ഥയാണു അമേരിക്കന്‍ മലയാളികളില്‍ നിലവാരമുള്ള രചനകള്‍ നടത്തുന്നവര്‍ അഭിമുഖീകരിക്കുന്നത്.”

ശുഭം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment