കൊച്ചിയില്‍ ഉത്തര കൊറിയയും നൈജറും ഏറ്റുമുട്ടി; കന്നിക്കളിക്കാരായ നൈജറിന്റെ ജയം കണ്ട് അന്ധാളിച്ച് കൊറിയ

niger-830x412കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മൽസരത്തിൽ ഏഷ്യൻ പ്രതിനിധികളായ ഉത്തര കൊറിയയ്ക്കെതിരെ ആഫ്രിക്കൻ കരുത്തുമായെത്തിയ നൈജറിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു നൈജറിന്റെ ജയം. മൽസരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. സലിം അബ്ദുറഹിമാനാണ് വിജയികൾക്കായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ബ്രസീലിനു പിന്നിൽ രണ്ടാമതെത്താനും നൈജറിനു സാധിച്ചു. സ്പെയിൻ, ഉത്തരകൊറിയ എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ.

ഉത്തരകൊറിയൻ താരങ്ങളുടെ ഗോളെന്നുറച്ച മൂന്നിലധികം ഷോട്ടുകളാണ് നൈജർ ഗോൾകീപ്പർ ഖാലിദ് ലവാലിയുടെ മികവുകൊണ്ടു മാത്രം ലക്ഷ്യത്തിലെത്താതെ പോയത്. പലതവണ ഇഞ്ചുകളുടെ വ്യത്യാസത്തിൽ അകന്നുപോയ ഗോൾഭാഗ്യംനൈജറിനെ തുണച്ചു. ഹബീബു സോഫിയാനിൽനിന്ന് സലിം അബ്ദുറഹ്മാനിലേക്കു പന്തെത്തുമ്പോൾ മുന്നിൽ ഗോളി മാത്രം. മികച്ചൊരു ഫിനിഷിങ്ങിലൂടെ സലിം സമനിലക്കെട്ടു പൊട്ടിച്ചു. സ്കോർ 1–0.

SSLIVE-NIGERNKOREA-nigerഇടയ്ക്ക് വീണുകിട്ടിയ അവസരങ്ങളിൽ ഉത്തരകൊറിയയും നൈജർ ഗോൾമുഖം വിറപ്പിച്ചു. 12–ാം മിനിറ്റിൽ ഉത്തരകൊറിയൻ താരം യുൻ മിന്നിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് നൈജർ ഗോൾകീപ്പർ ഖാലിദ് ലവാലി തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി. സ്റ്റേഡിയം എഴുന്നേറ്റുനിന്ന് കയ്യടിച്ചുപോയ സേവ്! 13–ാം മിനിറ്റിൽ റഫറി മൽസരത്തിലെ ആദ്യ മഞ്ഞക്കാർഡ് പുറത്തെടുത്തു. ജിബ്രില്ല ഇബ്രാഹിമാണ് മഞ്ഞക്കാർഡ് കണ്ടത്. 18–ാം മിനിറ്റിൽ വീണ്ടും ഉത്തരകൊറിയയുടെ ഒരു തകർപ്പൻ മുന്നേറ്റം നൈജർ ഗോൾകീപ്പറിന്റെ പ്രതിരോധത്തിൽ തട്ടിത്തകർന്നു. തൊട്ടുപിന്നാലെ നൈജറിനും കിട്ടി മികച്ചൊരു അവസരം. ഇബ്രാഹിം നമാട്ടയുടെ തകർപ്പൻ ഗോൾശ്രമം ഉത്തരകൊറിയൻ പോസ്റ്റിന്റെ വലതുവശത്തുകൂടി ഗാലറിയിലേക്കു പറന്നു.

ഇടയ്ക്ക് ഇരുടീമുകളും ഓരോ മാറ്റങ്ങളും വരുത്തി. നൈജർ നിരയിൽ സൗലേയ്ക്കു പകരം അർസാക്കുവും ഉത്തരകൊറിയൻ നിരയിൽ കുങ് ജിൻ സോങ്ങിനു പകരം റി കാങ് ഗൂക്കുമെത്തി. തുടർന്നും ഇരുടീമുകളും ഒട്ടേറെ ഗോളവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ആദ്യപകുതിക്കു തൊട്ടുമുൻപ് നൈജർ ഒന്നിലേറെത്തവണ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ ഉത്തരകൊറിയയെ കാത്തു.

കളിയിൽ ആദ്യപകുതിക്കു സമാനമായിരുന്നു രണ്ടാം പകുതിയും. ഗോളവസരങ്ങൾ മുറപോലെ പിറന്നെങ്കിലും ലക്ഷ്യത്തിലെത്തിയത് ഒരേയൊരെണ്ണം മാത്രം. 59–ാം മിനിറ്റിൽ നൈജർ താരം സലിം അബ്ദുറഹിമാൻ നേടിയ ഗോൾ മൽസരഫലം നിർണയിക്കുകയും ചെയ്തു. തോൽവി വഴങ്ങേണ്ടി വന്നെങ്കിലും പൊരുതിയാണ് കീഴടങ്ങിയതെന്ന ആശ്വാസം ഉത്തരകൊറിയയ്ക്കും സ്വന്തം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment