ബിസിസിഐക്കെതിരെ കടുത്ത നിലപാടുമായി ശ്രീശാന്ത്; വേണ്ടിവന്നാല്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കും

sreesant-830x412വാതുവയ്പ് കേസിൽ ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പോരാടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ ശ്രമിക്കും. ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

വാതുവയ്പ് കേസിൽ ബിസിസിഐ രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റു ചെയ്തെന്ന് കോടതി കണ്ടെത്തിയവരെ സഹായിക്കുകയും, കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ തന്നെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടാണ് ബിസിസിഐയുടേത്. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. മൽസരങ്ങൾക്കുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തു കഴിഞ്ഞെന്നും ശ്രീശാന്ത് ദുബായിൽ പറഞ്ഞു.

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചുകൊണ്ടാണ് ശ്രീശാന്തിന്റെ വിലക്കില്‍ നിര്‍ണായക തീരുമാനമായത്. വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആജീവനാന്ത വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. നേരത്തെ ശ്രീശാന്തിന്റെ അപ്പീല്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

ശ്രീശാന്തിനെതിരെ തെളിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും താരത്തെ ക്രിക്കറ്റില്‍നിന്ന് മാറ്റി നിര്‍ത്തിയത് ശരിയായില്ല എന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഒത്തുകളി കേസ് കോടതി തളളിയതിനാല്‍ ബിസിബിസിസിഐ വിലക്ക് നിലനില്‍ക്കില്ല എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്. എന്നാല്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തി ആജീവനനാന്ത വിലക്ക് റദ്ദാക്കാന്‍ ബിസിസിഐ തയ്യാറായില്ല. മാത്രമല്ല വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ബിസിസിഐ അപ്പീല്‍ പോകുകയും ചെയ്തിരുന്നു.

2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.

Print Friendly, PDF & Email

Related News

Leave a Comment