ഇതാണ് സ്നേഹം ! (ലേഖനം)

Ithanu sneham bannerമനുഷ്യര്‍ ഏറെ ഇഷ്ടപ്പെടുന്ന പദമാണ് സ്നേഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛയില്ലാത്ത മനുഷ്യര്‍ ഇല്ല. ലോകത്തെ വെറുത്ത് ജീവിക്കുന്നെന്ന് അവകാശപ്പെടുന്ന സന്യാസിക്കും സന്യാസിനിയ്ക്കും ലോകത്തോട് പ്രിയമാണ്. ലോക പ്രതാപങ്ങളെയും സുഖത്തെയും സൗന്ദര്യത്തെയുമൊക്കെ നിഷേധിച്ച് ജീവിക്കുന്നെന്ന് പറയുന്ന പുരോഹിതനും ശത്രുവിനെ കണ്ട് ഭയന്നോടുന്ന ഭീരുവും അഴകോടു വിടര്‍ന്ന് വിലസുന്ന ഒരു മനോഹര പുഷ്പത്തെ കണ്ടാല്‍ നോക്കി നിന്നുപോകുമെന്ന് കുമാരനാശാന്‍ പാടി. സ്നേഹത്തിന്റെ വശ്യ ശക്തി അത്രയ്ക്ക് അവര്‍ണ്ണനീയവും അപ്രമേയവുമാകുന്നു. ഭൂമിയും അതിലെ സകല ജീവജാലങ്ങളും മനുഷ്യരും ആകാശഗോളങ്ങളും അനശ്വരവും അഭൗമികവുമായ ഈ സ്നേഹശക്തിക്ക് വിധേയമായിട്ടാകുന്നു ചരിക്കുന്നത്. ഈ അത്ഭുത സ്നേഹം ദൈവമാകുന്നു.

സ്നേഹം കൊണ്ട് ദൈവം ലോകത്തെയും മനുഷ്യ ഹൃദയങ്ങളെയും നിറച്ചിരിക്കുന്നു. ഒരുപോലെ ജാതിമത വര്‍ഗനിറവ്യത്യാസമന്യേ. ‘ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യന്‍ പുലയനിലും അണുകൃമിയിലും’ ഒക്കെയായി ഉള്ളൂര്‍ ഈ സ്നേഹത്തെ ദര്‍ശിച്ചു. വള്ളത്തോളിനാകട്ടെ കുറകൂടി വിശാലമായൊരു കാഴ്ചപ്പാടു തന്നെയായിരുന്നു സ്നേഹത്തെപ്പറ്റി ഉണ്ടായിരുന്നതെന്ന് തോന്നുന്നു. ‘ലോകമേ തറവാട്, തനിക്കീ ചെടികളും, പുല്‍‌കളും പുഴുക്കളും കൂടി താന്‍ കുടുംബക്കാര്‍’ എന്ന് അതിരും അയിത്തവും ഇല്ലാത്തെ വിശാല സുന്ദ്രമായ ഒരു സ്നേഹ ലോകത്തെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്.

‘സ്നേഹത്തില്‍ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു;
സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം
സ്നേഹം താനാനന്ദമാര്‍ക്കും’

എന്ന് ആശയത്തിലും അര്‍ത്ഥത്തിലും സ്നേഹമാതാത്മ്യത്തെ അതീവ ഹൃദയാവര്‍ജ്ജകമായിട്ടാകുന്നു ആശാന്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

അതെ, എല്ലാ മനുഷ്യരുടേയും വലിയ ആനന്ദം സ്നേഹമാകുന്നു. വില്യം ടെമ്പിള്‍ പറഞ്ഞു ‘ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം സ്നേഹമാകുന്നു’ എന്ന്. ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനവും സ്നേഹമാകുന്നു ! രത്നങ്ങളേക്കാളും രമ്യഹര്‍മ്യങ്ങളേക്കാളും സര്‍‌വ്വ സമ്പാദ്യങ്ങളേക്കാളും വിലയേറിയത് സ്നേഹം തന്നെയാകുന്നു. ‘ജീവിത പുഷ്പത്തിലെ തേനാകുന്നു സ്നേഹം’ എന്ന് വിക്ടര്‍ ഹ്യൂഗോല പറഞ്ഞു. ഇത്രയധികം എഴുതപ്പെടുകയും സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു വിഷയവും ലോകത്തില്‍ ഇല്ല.

ഈ സ്വര്‍ഗീയാനുഗ്രഹത്തിന്റെ യഥാര്‍ത്ഥമായ വില മനസ്സിലാക്കുവാന്‍ കഴിയാത്തതുമൂലം അതിനെ മധുര ഫലങ്ങള്‍ യഥായഥം ആസ്വദിച്ച് ജീവിക്കുവാന്‍ കഴിയാത്ത അസംഖ്യം ആളുകളുണ്ട്. അങ്ങനെയുള്ളവരുടെ ജീവിതം അരോചകപൂര്‍ണ്ണവും നിരാശാജനകവും തന്നെയായിരിക്കും.

“അറിയില്ലനുരാഗമേറെയാള്‍
അറിവോര്‍ തെറ്റിടുമൊക്കെയൊക്കുകില്‍
നിറവേറുകയില്ല കാമിതം;
കുറയും, ഹാ, സഖി ഭാഗ്യശാലികള്‍”

സ്നേഹമെന്നാല്‍ ബഹുഭൂരിപക്ഷമാളുകളെ സംബന്ധിച്ചും ലൈംഗിക വികാരങ്ങളെ മാത്രം മുന്‍‌നിര്‍ത്തിക്കൊണ്ടുള്ള ചില കാപട്യ പ്രകടനങ്ങളും വാഗ്ദാനങ്ങളും തട്ടിപ്പുകളുമായി അധഃപ്പതിച്ചു പോയിരിക്കുന്നു. ലൈംഗിക ബന്ധങ്ങള്‍ പോലും ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം. എങ്കില്‍ മാത്രമേ അതിന് മാധുര്യവും മാന്യതയും പരസ്പര കരുതലുകളുമൊക്കെ ഉണ്ടാകുകയുളൂ. തോമസ് മൂറിന്റെ ‘ദി സോള്‍ ഓഫ് സെക്സ് (The Soul of Sex) എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് “Sex is valid only when it expresses a loving feeling toward the partner” എന്നാകുന്നു. ഭര്‍ത്താവ് ഭാര്യേ സ്നേഹിക്കുന്നതും, ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നതും സ്വാര്‍ത്ഥതാപൂര്‍ത്തീകരണത്തിനു വേണ്ടിയാകുന്നു എന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.

അതിരില്ലാത്ത, അന്ധമായ സ്വാര്‍ത്ഥത തന്നെയാകുന്നു അനേകായിരങ്ങളുടെ വിലയേറിയ ജീവിതങ്ങളേയും ദാമ്പത്യബന്ധങ്ങളേയും നിര്‍ദ്ദയം ഇന്ന് തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നുന്നത് എന്നുള്ളതിന് ആര്‍ക്കും സംശയം വേണ്ട. അഭ്യസ്തവിദ്യനായ, നിയമജ്ഞനായ , കലാകാരന്മാരും സാംസ്ക്കാരിക നായകന്മാരുമായ മലയാളികള്‍ക്കും ജനസേവകന്മാരായി സദാ ചിരിച്ചുകൊണ്ട് നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്കും, സിനിമാ താര രാജാക്കന്മാര്‍ക്കും, സുഖിമാന്മാരായി അരമനകളില്‍ വസിക്കുന്ന ആത്മീയ നേതാക്കന്മാര്‍ക്കു പോലും വഴിയിലും വീടുകളിലുമായി സ്ത്രീകള്‍ ക്രൂരമായി ബലാല്‍ക്കാരം ചെയ്യപ്പെട്ടാല്‍ – പീഡിപ്പിക്കപ്പെട്ടാല്‍ അതില്‍ അവര്‍ക്കിന്ന് ആത്മരോഷമില്ല ! പ്രതികരണങ്ങള്‍ പോലും ഇല്ല! അതിന് മനഃസ്സാക്ഷി വെണ്ടേ? ചെയ്യുന്നതോ ജനസേവനം! പഠിപ്പിക്കുന്നതോ “പരോപകാരമേ പുണ്യം! പാപമേ പരപീഢനം” എന്നും, സാക്ഷാല്‍ മനുഷ്യ സാഹോദര്യത്വത്തെപ്പറ്റിയുമൊക്കെയും. പ്രസംഗമോ “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കേണം” എന്നും. അവസാനം അധരം കൊണ്ട് ദൈവത്തിന് മഹത്വവും കൊടുക്കും !

വിഷയത്തിലേക്ക് കടക്കാം. സ്നേഹം! ഇന്നത് എവിടെയുണ്ട്? മനുഷ്യ ഹൃദയങ്ങളിലുണ്ടോ? മലയാളികളിലുണ്ടോ? അമേരിക്കന്‍ മലയാളികളിലുണ്ടോ? സ്നേഹം ഇന്ന് നമ്മുടെ ഭവനങ്ങളിലുണ്ടോ? ഭാര്യയിലുണ്ടോ? ഭര്‍ത്താവിലുണ്ടോ? ദൈവാലയങ്ങളിലുണ്ടോ സ്നേഹം ഇന്ന്?

എന്താണ് സ്നേഹം? ആയിരമായിരം നാവുകളാല്‍ പോലും സ്നേഹത്തെ വര്‍ണ്ണിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് ഒരു ഭക്തന്‍ പാടിയിരിക്കുന്നു. ‘സ്നേഹത്തില്‍ നിന്നുള്ള ദുഃഖം പോലും മധുരമാകുന്നു’ എന്ന് ഒരു ആംഗ്ലേയ കവി സ്നേഹത്തെ വാഴ്ത്തിയിരിക്കുന്നു. ലോകം മുഴുവന്‍ ഇന്ന് ശത്രുതയും വിദ്വേഷങ്ങളും കൊലയും അക്രമങ്ങളും ഭീകരതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ‘ഹനിപ്പവനും കിളി പാട്ടു പാടുന്നതും, വെട്ടുന്നവനും തരു ചൂടകറ്റുന്ന’തുമാണ് യഥാര്‍ത്ഥ സ്നേഹം! ബൈബിളിലും, ഖുറാനിലും, യഹൂദ മതഗ്രന്ഥമായ താല്‍മുദിലിലും, ഹൈന്ദവ വേദങ്ങളിലും നിറഞ്ഞു പ്രകാശിക്കുന്ന ദൈവം സ്നേഹവും കാരുണ്യവുമാകുന്നു !

മനുഷ്യ ജീവിതത്തില്‍ കാണുന്ന ഏറ്റവും വലിയ സ്നേഹം ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹമാകുന്നു. മടക്കി എന്തെങ്കിലും കിട്ടുമെന്നുള്ള ചിന്ത കൂടാതെ ജനിച്ച നാള്‍ മുതല്‍ ആ ശിശു വളര്‍ന്ന് വലുതാകുന്നതുവരെയും അഥവാ തനെ മരണം വരെയും ആ അമ്മ തന്റെ മോനെയോ മോളെയോ പ്രാണ നിര്‍‌വിശേഷം സ്നേഹിക്കുന്നു.

കഷ്ടങ്ങളില്‍ പിറുപിറുക്കാതെയും സമയത്ത് ഊണോ ഉറക്കമോ വിശ്രമമോ ഇല്ലാതെയും സദാ കര്‍മ്മനിരതയായി ഭര്‍ത്താവിനും മക്കള്‍ക്കും മറ്റുള്ളവരുക്കും അവശര്‍ക്കുമൊക്കെയായി നിസ്വാര്‍ത്ഥ സേവനം ചെയ്തു ജീവിക്കുന്ന ത്യാഗിനികളായ സ്ത്രീകള്‍ (എല്ലാവരുമല്ല) നന്മയുടെ പ്രതീകങ്ങളാകുന്നു! ദൈവ സ്നേഹത്തിന്റെ ഭൂമിയിലെ പ്രകാശ കിരണങ്ങളാകുന്നു! അതിന്റെയൊക്കെ വില എന്തെന്നറിയാതെ മദ്യപിച്ച് അവരെ ചീത്ത പറയുകയും തല്ലുകയും ചെയ്യുന്ന ധാരാളം മലയാളികളുമുണ്ട്. തുല്യ ശക്തിയില്ലാത്ത സ്ത്രീയെ തല്ലുന്നവന്‍ ഭീരുവാണ്. നീചനുമാകുന്നു. ജനപ്രിയ നടന്‍, നടിക്കെതിരായി കൊച്ചിയില്‍ ചെയ്യിച്ചതും നീചത്വമായിരുന്നു. എന്നിട്ടും ഈ നീചപ്രവൃത്തിക്ക് പിന്തുണ നല്‍കുന്ന മലയാളി വര്‍ഗത്തിന്റെ നീതിബോധം എത്രയോ വികടമായിരിക്കുന്നു! എന്താണ് സ്നേഹം? അതൊരനുഭവമാകുന്നു, അഭിനയമല്ല. സ്നേഹത്തെപ്പറ്റിയുള്ള മനോഹരമായ ഒരു നിര്‍‌വചനം ബൈബിളിലുണ്ട്. അതിങ്ങനെ വായിക്കാം. “എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല. സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കുകയും ചെയ്യുന്നു. സ്നേഹം നിഗളിക്കുന്നില്ല. അയോഗ്യമായി നടക്കുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. ദ്വേഷ്യപ്പെടുന്നില്ല. ദോഷം കണക്കിടുന്നില്ല. സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു. എല്ലാം വിശ്വസിക്കുന്നു. എല്ലാം പ്രത്യാശിക്കുന്നു. എല്ലാം സഹിക്കുന്നു. സ്നേഹം ഒരു നാളും ഉതിര്‍ന്നു പോകയില്ല” സാക്ഷാല്‍ സ്നേഹം ഇതാണ് !

Print Friendly, PDF & Email

One Thought to “ഇതാണ് സ്നേഹം ! (ലേഖനം)”

  1. Jolly

    മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നതും ഇന്നു മനുഷ്യരില്‍ നിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന സ്നേഹംത്തെ പറ്റി വളരെ ലളിതമായ ഭാഷയില്‍ ലേഖകന്‍ വര്‍ണ്ണിച്ചിരിരിക്കുന്നു. ലേഖകനു ഹൃദയം നിറഞ്ഞ അഭിനന്ദനം.

Leave a Comment