ന്യൂജേഴ്സി: “പ്രൊമോട്ടിംഗ് സ്കില്‍സ്, സപ്പോര്‍ട്ടിംഗ് ഹെല്‍ത്ത് കെയര്‍” എന്ന ആശയവുമായി ന്യൂജേഴ്സിയില്‍ ആരംഭിച്ച എം ബി എന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15നു വൂഡ്ബ്രിഡ്ജ് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഉത്ഘാടന പരിപാടിയോടനുബന്ധിച്ചു പൂമരം ഷോ 2017 അവതരിപ്പിച്ചു.
കുട്ടികളിലെയും,യുവജനങ്ങളിലെയും പ്രത്യേക കഴിവുകളെ കണ്ടെത്തി, അവ വളര്‍ത്തിക്കൊണ്ടുവരിക, ആരോഗ്യ പരിപാലനത്തിനുള്ള ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെന്ന് ചെയര്മാന് മാധവന് ബി നായര്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് എം ബി എന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മാതൃക ആയിരിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
എം ബി എന്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഗീതാ നായര്‍ നിലവിളക്കു കൊളുത്തി നിര്‍വഹിച്ചു. ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണ്‍ ജാനകി അവുല, ട്രഷറര്‍ ഭാസ്കര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഫൊക്കാനാ നേതാക്കളായ പോള്‍ കറുകപ്പിള്ളില്‍, ജി. കെ. പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച സംഗീത നൃത്ത ഹാസ്യ പരിപാടികള്‍ കരഘോഷത്തോടെ കാണികള്‍ ആസ്വദിച്ചു. പൂമരം ഷോ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ചെയ്ത അഞ്ജലി എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍ ഡയറക്ടേഴ്സ് ആയ രഞ്ജിത് പിള്ള, രജനീഷ് , ജയന് അരവിന്ദാക്ഷന് എന്നിവര്‍ ന്യൂജേഴ്സിയില്‍ ഷോ അവതരിപ്പിക്കുവാന്‍ സഹായിച്ച എം ബി എന്‍ ഫൗണ്ടേഷന് നന്ദി അറിയിച്ചു. മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി, അബി, അനൂപ് ചന്ദ്രന് എന്നിവരെയും പൂമരം ഷോയുടെ ചീഫ് സ്പോണ്സര് ആയ ജി കെ പിള്ളയെയും പൊന്നാട അണിയിച്ചു ആദരിച്ചു. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തക വിനീത നായര്‍ ചടങ്ങില്‍ എത്തിയവര്‍ക്കും, എം ബി എന്‍ ഫൗണ്ടേഷന്റെ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിച്ചു.