Flash News

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം അനുഗ്രഹകരമായി പര്യവസാനിച്ചു

October 26, 2017 , ബെന്നി പരിമണം

twilight (62 of 183)ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ 19-ാമത് ദേശീയ സമ്മേളനം ന്യൂയോര്‍ക്കിലെ എലന്‍വില്ലിലുള്ള പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഹോണേഴ്‌സ് ഹാവെന്‍ റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള തീയതികളില്‍ നടത്തപ്പെട്ടു. ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യം വഹിച്ച പ്രസ്തുത സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമായി 450 ല്‍ പരം പ്രതിനിധികള്‍ സംബന്ധിച്ചു.

സെപ്റ്റംബര്‍ 1, വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിലെ പിഞ്ചുകുഞ്ഞുങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട ഘോഷയാത്രയോടെയും ഗായകസംഘത്തിന്റെ പ്രാര്‍ത്ഥനാഗീതത്തോടും കൂടി സമ്മേളനം ആരംഭിച്ചു. അനുഗ്രഹീതമായ ആരാധനയ്ക്കുശേഷം കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും സെന്റ് പീറ്റേഴ്‌സ് വികാരിയുമായ റവ. മോന്‍സി മാത്യു സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്കും പ്രതിനിധികള്‍ക്കും സ്വാഗതം ആശംസിച്ചു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് എപിസ്‌കോപ്പാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഭി. ഫീലക്‌സിനോസ് തിരുമേനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നതമായ രീതിയില്‍ അടുത്ത തലമുറയെ മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്ത കോഫറന്‍സ് അനുഗ്രഹീതമായി തീരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഈ ദേശത്തില്‍ ദൈവം നമ്മെ എന്തിനാക്കിയിരിക്കുന്നു എന്ന് മനസിലാക്കുവാനും ആത്മീയ ചൈതന്യം പ്രാപിക്കുവാനും ഏവര്‍ക്കും കഴിയട്ടെ എന്നും ആശംസിച്ചു. “Christian Coviction: A Commitment or Compromise” എന്ന കോണ്‍ഫറന്‍സ് ചിന്താവിഷയം പഠിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവീക ഉദ്ദേശ്യം മനസ്സിലാക്കുകയും ക്രിസ്തീയ പ്രതിബദ്ധതയില്‍ അടിയുറച്ച് നമ്മുടെ പാതയില്‍ മുന്നേറുവാനും ഏവര്‍ക്കും കഴിയണം എന്ന് ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ജീവിതം ഒരു ത്യാഗാത്മക ജീവിതമായി മാറണം. എന്തു നേടി എന്നുള്ളതല്ല എന്തു നാം നല്‍കുന്നു എന്നുള്ളതാണ് പ്രസക്തം. നമ്മുടെ ജീവിതം ജീവിക്കുന്ന ദൈവവുമായുള്ള ബന്ധത്തില്‍ നയിക്കണം എന്നും ആഹ്വാനം ചെയ്തു. റെജി ജോസഫ് രചിച്ച് ജോസി പുല്ലാട് സംഗീതസംവിധാനം നിര്‍വ്വഹിച്ച ‘ആകാശ ഗോളങ്ങള്‍ ചമച്ചവനേ അഖിലചരാചര രചയിതാവെ’ എന്നു തുടങ്ങുന്ന പ്രതിപാദ്യ ഗാനം കോണ്‍ഫറന്‍സ് ഗായക സംഘം ജീനാ മാത്യുവിന്റെ നേതൃത്വത്തില്‍ ആലപിച്ചു. തോമസ് കൊച്ചുമ്മന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച പ്രതിപാദ്യ അവതരണം ഏവരെയും ആകര്‍ഷിച്ചു. സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ പിഞ്ചു താരങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ വളരെ മനോഹരമായിരുന്നു. ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, ഭദ്രാസന യുവജന സഖ്യം ഉപാദ്ധ്യക്ഷന്‍ റവ. സജു ബി. ജോണ്‍, ഭദ്രാസന യുവജന സഖ്യം സെക്രട്ടറി അജു മാത്യു എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. സജി ഫിലിപ്പ്, സജിതാ ജേക്കബ് എന്നിവര്‍ അവതാരകരായിരുന്നു. കോണ്‍ഫറന്‍സ് ലീഡേഴ്‌സ് ആയി റവ. തോമസ് കുര്യന്‍, റവ. പ്രിന്‍സ് വര്‍ഗീസ്, റവ. എബ്രഹാം കുരുവിള, ഡോ. ഷോണ്‍ രാജന്‍ എന്നിവര്‍ സവിശേഷമായ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച റവ. തോമസ് കുര്യന്‍, നമ്മുടെ ക്രിസ്തീയ പ്രതിബദ്ധതയെപ്പറ്റി വ്യക്തമായ ബോധ്യം നമുക്കുണ്ടായിരിക്കണമെന്നും നമ്മുടെ ക്രിസ്തീയ സമര്‍പ്പണം മറ്റുള്ളവര്‍ക്കുവേണ്ടി ജ്വലിപ്പിക്കണമെന്നും നാം അനുഗ്രഹിക്കപ്പെട്ടവരായിരിക്കണമെന്നും ദൈവം നമ്മെ വിലക്കു വാങ്ങിയിരിക്കുന്നു എന്ന ബോധം ഉള്ളവരായിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ വറുഗീസ് ജേക്കബ് കൃതജ്ഞത പ്രകടിപ്പിച്ചു. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ സുവനീര്‍ കമ്മിറ്റി തയ്യാറാക്കിയ സുവനീറിന്റെയും ഭദ്രാസന യുവജനസഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവധാരയുടെയും പ്രകാശനവും ഉദ്ഘാടന സമ്മേളനത്തില്‍ നടന്നു.

YS Conference Group Pictureആത്മീയചൈതന്യവും കൂട്ടായ്മയും നിറഞ്ഞൊഴുകിയ കോണ്‍ഫറന്‍സില്‍ ക്യാംപ് ഫയര്‍, പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, സംവാദങ്ങള്‍ എന്നിവ ആവേശകരമായ അനുഭവങ്ങള്‍ സമ്മാനിച്ചു. ഉന്നത നിലവാരം പുലര്‍ത്തിയ കലയുടെ സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിച്ച ടാലന്റ് ഷോ, ജോസ് വര്‍ഗീസ്, ചിക്കാഗോ മുഖ്യപ്രഭാഷണം നിര്‍വഹിച്ച പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമം, ഭദ്രാസന യുവജന സഖ്യത്തിന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായി ക്രമീകരിച്ച റവ. സജു ബി ജോണ്‍ നേതൃത്വം നല്‍കിയ സമര്‍പ്പണ ശുശ്രൂഷ, അനുഗ്രഹീതമായ വിശുദ്ധ കുര്‍ബ്ബാന, പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ട കോണ്‍ഫറന്‍സ് സമ്മേളന സ്ഥലം സമ്മാനിച്ച രോമാഞ്ചജനകങ്ങളായ പ്രകൃതി സൗന്ദര്യം, സംഘടനാ പാടവത്തിന്റെ അതുല്യതയും ശ്രേഷ്ഠതയും വിളിച്ചറിയിച്ച കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ ആതിഥ്യ മര്യാദകള്‍, രുചികരമായ ഭക്ഷണം, സുഖപ്രദമായ താമസ സൗകര്യങ്ങള്‍ എന്നിവ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

സമയകൃത്യത പാലിക്കുന്ന കാര്യത്തില്‍ മാത്യു സാറിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി പ്രകടിപ്പിച്ച ശുഷ്‌കാന്തി സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. കോണ്‍ഫറന്‍സിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ചെയ്തുവന്ന റാഫിളിന്റെ നറുക്കെടുപ്പ് നടക്കുകയുണ്ടായി. 20-ാം ദേശീയ സമ്മേളനത്തിന്റെ ദീപശിഖ ഫിലഡല്‍‌ഫിയയിലുള്ള ക്രിസ്‌തോസ് മാര്‍ത്തോമ്മാ യുവജനസഖ്യം ഏറ്റുവാങ്ങി.

ഭദ്രാസനത്തിലെ നിരവധി വൈദികരും ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അംഗങ്ങളായ ലിബു കോശിയും, റോജിഷ് സാമുവേലും മുന്‍കാല നേതാക്കളായ ജോസ് വര്‍ഗീസ്, ഐപ്പ് പരിമണം, സന്തോഷ് എബ്രഹാം, ബിനു തോമസ്, മാത്യു തോമസ്, ലാജി തോമസ് എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

റവ. മോന്‍സി മാത്യു നേതൃത്വം കൊടുത്ത കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനറായി വറുഗീസ് ജേക്കബ്, കോ കണ്‍വീനറായി ഡോ. ലിസി മാത്യു, യുവജനസഖ്യം വൈസ് പ്രസിഡന്റ് അരുണ്‍ തോമസ്, സെക്രട്ടറി സജി ഫിലിപ്പ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവരും നിരവധി സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു. സമാനതകളില്ലാതെ ശ്രേഷ്ഠമായി സംഘടിപ്പിച്ച 19-ാം ദേശീയ സമ്മേളനം അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടുകൂടി ഒക്ടോബര്‍ 1, ഞായറാഴ്ച പര്യവസാനിച്ചു. സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി വിവിധങ്ങളായ രീതികളില്‍ സഹായിച്ച ഏവര്‍ക്കും സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ കൃതജ്ഞത യുവജനസഖ്യം സെക്രട്ടറി സജി ഫിലിപ്പ് പ്രകടിപ്പിച്ചു. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ ‘ലൈറ്റ് ടു ലൈഫ്’ എന്ന പുതിയ കാരുണ്യ പദ്ധതിക്ക് കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ പേരിലുള്ള സാമ്പത്തിക സഹായം സമാപന സമ്മേളനത്തില്‍ വച്ച് അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിയെ ഏല്പിച്ചു.

റെജി ജോസഫ് (രജിസ്ട്രേഷന്‍), അനില്‍ തോമസ് (സുവനീര്‍), ജോണ്‍ വര്‍ഗീസ് (ഫിനാന്‍സ്), ഷിബു മാത്യൂസ് (വെബ്സൈറ്റ്), മാത്യു പി. സാം (പ്രോഗ്രാം), റെഞ്ജി കൊച്ചുമ്മന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ഷൈന്‍ തോമസ് (ഫുഡ്), ഷിബി തോമസ് (ക്വയര്‍), സജി ടി മാത്യൂസ് (പ്രയര്‍), റീന മാത്യു (മെഡിക്കല്‍), ജിജി എബ്രഹാം (ഓഡിയോ വിഷ്വല്‍), ഷീജ എബ്രഹാം (റിസപ്ഷന്‍), റോയ് മാത്യു (അലും‌നൈ), ജോയ് ജോണ്‍ (ഗതാഗതം), പ്രേം അലക്സാണ്ടര്‍ (ഫെസിലിറ്റി & റിക്രിയേഷന്‍), ജെറി ജേക്കബ് (ചില്‍ഡ്രന്‍ & യൂത്ത്) എന്നിവര്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ysconference2017.org സന്ദര്‍ശിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top