ബംഗ്ലാദേശ്, മ്യാന്മാര്‍ (ബര്‍മ്മ), പൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ ഒരു സാഹസയാത്ര (ഭാഗം – 3)

yathra 3 sizeട്രെയ്ന്‍ ബാങ്കോക്ക് മലേഷ്യ അതിര്‍ത്തിയിലെത്തിയപ്പോള്‍ മലേഷ്യന്‍ യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. തീവണ്ടി നീങ്ങിത്തുടങ്ങാറായപ്പോഴാണ് എല്ലാവരുടേയും പാസ്പോര്‍ട്ടുകള്‍ തിരിച്ചു കൊണ്ടുവരുന്നത് പക്ഷെ, അതില്‍ എന്‍റെ പാസ്പോര്‍ട്ടില്ല. ഒരു നിമിഷം അന്ധാളിച്ചു നില്‍ക്കുമ്പോള്‍ വണ്ടിയുടെ വേത കൂടി വരുന്നു.

ട്രെയ്നിന്‍റെ അകത്ത് എവിടെയും അരിച്ചാക്കുകള്‍ തലങ്ങും വിലങ്ങും ചെറിയ കുന്നുപോലെ ഇട്ടിരിക്കുന്നതുകൊണ്ട് ട്രെയ്നില്‍ നിന്ന് പുറത്തു കടക്കല്‍ എളുപ്പമായിരുന്നില്ല. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. പാസ്പോര്‍ട്ടില്ലാതെ യാത്ര തുടരാന്‍ നിര്‍വ്വാഹമില്ല. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്ന് എങ്ങനെയോ പുറത്തു ചാടി!

ഇമിഗ്രേഷന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ പാസ്പോര്‍ട്ട് തിരിച്ചു തന്നിട്ടു പറഞ്ഞു: ‘യു മസ്റ്റ് ഗോ ബാക്ക് ടു ബാങ്കോക്ക്’ സംഗതിയുടെ കിടപ്പ് ആദ്യം മനസ്സിലായില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ബാങ്കോക്കില്‍ നിന്ന് മലേഷ്യയിലേക്ക് വരുമ്പോള്‍, മലേഷ്യന്‍ അതിര്‍ത്തിയിലെ ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ പറാഞ്ഞതോര്‍ത്തു: ‘അടുത്ത പ്രാവശ്യം സിയാ (തായ്‌ലന്റ്) മില്‍ പോയി വരുമ്പോള്‍ എനിക്കെന്തെങ്കിലും സമ്മാനം കൊണ്ടുവരണം.’

എന്‍റെ ഉപ്പ മുപ്പത്തഞ്ചു വര്‍ഷം മലേഷ്യയിലായിരുന്നു. മലേഷ്യ എന്‍റെ ഉയര്‍ച്ചക്കു ഊറ്റം കൊള്ളിച്ചതിനു ഞാന്‍ ആ രാജ്യത്തെ ആദരവോടെ കണ്ടിരുന്നു. എങ്കിലും മലേഷ്യന്‍ ജീവനക്കാര്‍ കൈക്കൂലി മേടിക്കാന്‍ മടിക്കാത്തവരെന്ന കുപ്രസിദ്ധിയില്‍ ഉത്ക്കണ്ഠ തോന്നി. കോഴയെ ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരുപക്ഷെ, യുവത്വത്തിന്‍റെ ധൈര്യമാവാം.

ഇമിഗ്രേഷന്‍ ഓഫീസറുടെ നടപടിയില്‍ രോഷിതനായെങ്കിലും പരിഭ്രാന്തനായില്ല. സിംഗപ്പൂരില്‍ അനുജന്‍ സെയ്തുവുണ്ട്. അവന്‍ എന്നെ പ്രതീക്ഷിച്ചിരിക്കയാണ്. അവന്‍റെ ഫോണ്‍ നമ്പറും അഡ്രസും കൈയ്യിലുണ്ട്. മലേഷ്യയില്‍ അമ്മാമനും ഉപ്പയുടെ ആള്‍ക്കാരുമുണ്ട്.

ബാങ്കോക്കില്‍ തിരിച്ചെത്തിയിട്ട് അവിടത്തെ ഒരു പ്രധാന ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെ, ഒരു സര്‍ദാര്‍ജിയെ പരിചയപ്പെടാനിടയായി. അദ്ദേഹത്തോട് മലേഷ്യന്‍ അതിര്‍ത്തിയിലെ തിക്താനുഭവം വിവരിച്ചപ്പോള്‍ ലാഘവ സ്വരത്തില്‍ പറഞ്ഞു: ‘Oh, it’s not a problem. They do that all the time. Don’t worry. I’m going to KL (Kuala Lumpur); you can come with me. I give you enough money.’ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വളരെ ആശ്വാസം തോന്നി.

മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ദാര്‍ജിയോടൊപ്പം മലേഷ്യയിലേക്ക് തിരിച്ചു. അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കണ്ണ് നിറയെ തായ് കറന്‍സിയായ ബാട്ടും മലേഷ്യന്‍ ഡോളറായ റങ്കിറ്റും അമേരിക്കന്‍ ഡോളറും കാണിച്ചുകൊടുത്തു. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞയുടനെ സര്‍ദാര്‍ജിക്ക് കടപ്പാടോടെ കൈ കൊടുത്തു.

ക്വാലലംപൂരില്‍ ഇറങ്ങി. അമ്മാമനേയും ഉപ്പയുടെ ചില സുഹൃത്തുക്കളേയും കണ്ടു. പിറ്റേന്ന് ട്രെയ്ന്‍ വഴി സിംഗപ്പൂരില്‍ സെയ്തുവിന്‍റെ അടുത്തെത്തി. സെയ്തുവിനോട് അതിര്‍ത്തി ട്രെയ്നിലെ ദുരനുഭവം വിവരിച്ചപ്പോള്‍ അവന്‍ ഒരാന്തലോടെ പറഞ്ഞു: ‘അങ്ങനെ ചാട്യാ കാല് മുറിഞ്ഞേനെ’

Singapore-Chinatownസിംഗപ്പൂരില്‍ അന്ന് അബ്ദുള്ള എന്നയാള്‍ ‘മലേഷ്യ മലയാളി’ എന്ന പത്രം നടത്തിയിരുന്നു. അതില്‍ കല്‍ക്കത്തയിലേയും ബാംഗ്ലാദേശിലെയും അനുഭവങ്ങള്‍ ഞാനെഴുതിയ ലേഖനം അന്നത്തെ സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ കലിക മോഹനചന്ദ്രന്‍ കാണാനിടയായി. അദ്ദേഹം എന്നെ വിളിച്ചു തമ്മില്‍ കാണാന്‍ അവസരമൊരുക്കി. മോഹന ചന്ദ്രന്‍ ‘കലിക’ എന്ന പേരില്‍ ഒരു നോവലെഴുതിയിരുന്നത് കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കുങ്കുമം’ എന്ന വാരികയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചിരുന്നു.

സിംഗപ്പൂരിലെ രണ്ടാഴ്ചത്തെ വാസം സുഖമായിരുന്നു. നല്ല കാലാവസ്ഥ. ഒരു ദിവസം ചാറ്റല്‍ മഴ, മറ്റൊരു ദിവസം വെയില്‍, ഇളം വെയില്‍.

അടുത്ത യാത്രയുടെ രൂപരേഖ സെയ്തുവിനെ കേള്‍പ്പിച്ചു, ബ്രൂണെയ്, ഫിലിപ്പൈന്‍സ്, തയ്വാന്‍, ജപ്പാന്‍, ഹവായ്, സാന്‍ഫ്രാന്‍സിസ്കോ.

ബ്രൂണെയില്‍ ഒരാഴ്ച സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി ബ്രൂണെയുടെ തലസ്ഥാനമായ ബന്തര്‍ ശീ ബഗവാനില്‍ വിമാനമിറങ്ങി. എന്‍ട്രി വിസക്കു വേണ്ടി പാസ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ ഒരു കള്ളനെ പിടിച്ച ഗൗരവത്തില്‍ എന്‍റെ പാസ്പോര്‍ട്ട് മേലുദ്യോഗസ്ഥനെ കാണിച്ചു.

ഓഫീസര്‍ പറഞ്ഞു: ‘കേരള പാസ്പോര്‍ട്ട് (കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ്) ഉള്ളവരെ ഞങ്ങളുടെ രാജ്യം സ്വാഗതം ചെയ്യുകയില്ല. നിങ്ങള്‍ ഉടനെ രാജ്യം വിട്ടു പോകണം, ഇല്ലെങ്കില്‍ തടവില്‍ കഴിയേണ്ടി വരും’

ഭാഗ്യത്തിന് ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയ്ക്ക് പറക്കാന്‍ ഒരു വിമാനം അപ്പോള്‍ റെഡിയായി നിന്നിരുന്നു! അതില്‍ മനിലയ്ക്ക് പുറപ്പെട്ടു.

കഴിഞ്ഞ പ്രാവശ്യം ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു അമേരിക്കന്‍ വിസ ലഭിച്ചത്. അതുകൊണ്ട് വീണ്ടും അവിടെ എത്താന്‍ നിര്‍ബ്ബന്ധിതനായി.

ഫിലിപ്പൈന്‍സില്‍ എന്‍റെ കൂടെ അബുദാബിയില്‍ ജോലി ചെയ്തിരുന്ന ‘എല്‍മോ’ എന്ന സുഹൃത്തുണ്ടായിരുന്നു. അവന്‍ അറിയുന്ന ഏജന്‍റ് വശമായിരുന്നു കഴിഞ്ഞ തവണ വിസക്ക് അപേക്ഷിച്ചത്. ഇപ്പോഴും അങ്ങനെ ചെയ്തു. പല ലോകരാഷ്ട്രങ്ങള്‍ സഞ്ചരിച്ചതുകൊണ്ട് പാസ്പോര്‍ട്ടിന്‍റെ പേജുകള്‍ തീര്‍ന്നു. മൂന്നു പാസ്പോര്‍ട്ടുകള്‍ ഒന്നിച്ചുള്ളതുകൊണ്ടോ, കഴിഞ്ഞ പ്രാവശ്യം യുഎസ്എ സന്ദര്‍ശിച്ച് യഥാസമയം തിരിച്ചെത്തിയതുകൊണ്ടോ, ആറു മാസത്തേക്ക് വിസ ലഭിച്ചു.

06d1cca58eab003f004a290da3825f60കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഫിലിപ്പൈന്‍സിന്‍റെ തെക്കേ അറ്റമായ സമ്പോങ്ങ, ദവാവോ എന്നീ പ്രൊവിന്‍സിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്രാവശ്യം അവിടേക്ക് കപ്പല്‍ കയറി. ആദ്യം മിഡ്നാവോ റീജിയനായ സംബോങ്ങയിലിറങ്ങി ഒരു സുഹൃത്തിനെ കണ്ടു. അദ്ദേഹം സമ്പോങ്ങ പ്രൊവിന്‍സിലെ ചില പ്രധാന ചരിത്ര സ്ഥലങ്ങള്‍ കാണിച്ചു തന്നു. സമ്പോങ്ങയില്‍ ഏകദേശം 25 ശതമാനം മുസ്ലീങ്ങളുണ്ടെന്ന് പറഞ്ഞു.

സമ്പോങ്ങയില്‍ നിന്ന് കപ്പലില്‍ ദവാവോയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ദവാവോയില്‍ മറ്റൊരു സുഹൃത്തിന്‍റെ അതിഥിയായി ഒരു രാത്രി ചെലവഴിച്ചു. ദവാവോ കേരളത്തിനോട് ഏറെ സാമ്യമുണ്ടായിരുന്നു. സുഹൃത്തിന്‍റെ വീടിനു ചുറ്റും നടക്കുമ്പോള്‍ നാട്ടിലെ പറമ്പിലൂടെ നടക്കുന്നതുപോലെ തോന്നി.

ദവാവോയിലും മലേഷ്യയിലെപ്പോലെ ധാരാളം ദുരിയനുണ്ട്. പുറത്ത് മുള്ളുള്ള ചെറിയ ഉരുണ്ട ചക്കപോലെ തോന്നിക്കുന്ന മധുരമുള്ള പഴം. അതിന്‍റെ ഗുണത്തെപ്പറ്റി എന്‍റെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ചൈനക്കാരന്‍റെ അച്ഛന്‍ മരിച്ചാലും ദുരിയന്‍ കിട്ടിയാല്‍ അത് തിന്നിട്ടേ പോകൂ’എന്ന്. (ധാരാളം ചൈനീസ് വംശ പരമ്പര (76.6) സിംഗപ്പൂരിലും മലഷ്യ (23.6)യിലുമുണ്ട്.

(തുടരും….)

രണ്ടാം ഭാഗം വായിക്കുക

Print Friendly, PDF & Email

Related News

Leave a Comment