അതിജീവന സമരങ്ങളെ സി പി ഐ എം വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുന്നു : ഷംസീര്‍ ഇബ്രാഹീം

20171027175240_IMG_9092[1]അതിജീവന സമരങ്ങളെ വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുന്ന സി പി ഐ എം ചരിത്രങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം. ഗെയിൽ സമര പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് എരഞ്ഞിമാവില്‍ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങറ, മൂലമ്പിള്ളി, കിനാലൂര്‍, പ്ലാച്ചിമട തുടങ്ങിയവ കേവല സ്ഥലനാമങ്ങള്‍ക്കപ്പുറത്തു കേരളീയ രാഷ്ട്രീയ ഭൂമികയില്‍ വിജയം കൈവരിച്ച ജനകീയ സമര ചരിത്രങ്ങള്‍ കൂടിയാണ്. അധികാരഹുങ്ക് കൊണ്ട് ജനകീയ ചെറുത്തുനില്‍പ്പുകളെ മറികടക്കാം എന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതിക്ക് എതിരെ എരഞ്ഞിമാവില്‍ നടക്കുന്ന ജനകീയ സമരത്തെ കേരളത്തിന്റെ കാമ്പസുകളിലേക്ക് വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയില്‍ പദ്ധതി ജനങ്ങള്‍ക്ക് ഒരുപകാരവും നല്‍കാത്ത പദ്ധതി ആണ്. കൊച്ചി മുതല്‍ മംഗലാപുരം വരെ ജനങ്ങളെ ഭീതിയിലാഴ്ത്തി പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ഭരണകൂടം ഉപേക്ഷിക്കണം. പോലീസിനെ ഉപയോഗിച്ച് എന്ത് വില കൊടുത്തും പദ്ധതി നടപ്പിലാക്കും എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍. പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെയില്‍ സമരസമിതി ചെയര്‍മാൻ ഗഫൂര്‍ കുറുമാടന്‍, കണ്‍വീനര്‍മാരായ പുതിയോട്ടില്‍ ബഷീര്‍, ടി.പി. മുഹമ്മദ്, ഗെയില്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.സി അന്‍വര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ ചെറുവാടി എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫുര്‍ സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ സമാപനവും നിര്‍വഹിച്ചു.

പന്നിക്കോട് അങ്ങാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥി യുവാക്കള്‍ പങ്കെടുത്തു.

20171027171008_IMG_8991[1]

Print Friendly, PDF & Email

Leave a Comment