ജയലളിതയുടെ മരണം; കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിംഗ് ഇന്ന് തുടങ്ങും

jayalalitha-2ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നല്‍കാം. നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം. നവംബര്‍ 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.

ജയലളിതയുടെ ചികിത്സാ വിവരങ്ങൾ സംബന്ധിച്ച് തങ്ങൾ നുണ പറഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പു പറയുന്നതായും വനം വകുപ്പ് മന്ത്രി ദിണ്ടുഗൽ സി. ശ്രീനിവാസൻ അടുത്തിടെ പറഞ്ഞിരുന്നു. ആശുപത്രിയിലിരിക്കെ ജയലളിതയെ ഞങ്ങളിലാർക്കും കാണാൻ സാധിച്ചിട്ടില്ല. ഞങ്ങൾ നുണ പറയാൻ നിർബന്ധിതരാവുകയായിരുന്നു. പാർട്ടി യോഗത്തിലാണ് ജയിലിൽ കഴിയുന്ന വി.കെ. ശശികലക്കെതിരെ വിരൽ ചൂണ്ടുന്ന പരാമർശം മന്ത്രി നടത്തിയത്. ആശുപത്രി വാസത്തിനിടെ ജയലളിത ഇഡ്ഡലി കഴിച്ചതായും അവരെ കണ്ടതായും ഞങ്ങൾ കള്ളം പറയുകയായിരുന്നു. സത്യത്തിൽ ആരും ഒരിക്കലും ജയലളിതയെ കണ്ടിട്ടില്ല. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കും ജയലളിതയെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അവർ ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തത് -മന്ത്രി വ്യക്തമാക്കി.

പന്നീർ സെൽവത്തെ മാത്രമല്ല, മറ്റ് പാർട്ടി നേതാക്കളെയും ജയലളിതയെ കാണുന്നതിൽ ശശികല വിലക്കിയിരുന്നതായി ശ്രീനിവാസന്റെ പ്രസംഗത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ആശുപത്രി വാസത്തിനിടെ ജയയെ സന്ദർശിക്കാൻ വിശ്വസ്താനായിരുന്ന ഒ. പനീർസെൽവത്തെപ്പോലും ശശികല അനുവദിച്ചിരുന്നില്ല. ജയലളിതയുടെ മരണം സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ഒ.പി.എസ് ആവശ്യപ്പെട്ടിരുന്നു. വിഷബാധയേറ്റാണ് ജയയുടെ മരണമെന്ന് ഒ.പി.എസ് ക്യാമ്പ് ആരോപിച്ചിരുന്നു.

ജയയുടെ ആശുപത്രി വാസത്തിൽ സംശയം പ്രകടിപ്പിച്ച് ശശികല-ദിനകരൻ പക്ഷത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്ന മൂന്നാമത്തെ മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവാണ് ശ്രീനിവാസൻ. ജയലളിതയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ പളനിസ്വാമി സർക്കാർ നിയോഗിക്കുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment