പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിക്കുമ്പോള്‍ (ലേഖനം)

parliament banner1പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഉപേക്ഷിക്കാനോ ഏതാനും ദിവസങ്ങളില്‍ ഒതുക്കി ചടങ്ങുതീര്‍ക്കാനോ ആണ് പോകുന്നത്. നിയമനിര്‍മ്മാണം നടത്തുക മാത്രമല്ല ജനങ്ങളുടെ വികാരങ്ങളെയും വിമര്‍ശനങ്ങളെയും ഭരണനിര്‍വ്വഹണ വിഭാഗം അഭിമുഖീകരിക്കേണ്ട വേദികൂടിയാണ് നിയമസഭകള്‍. ആ നിര്‍ണ്ണായക ബാധ്യതയില്‍നിന്ന് പാര്‍ലമെന്റില്‍ നരേന്ദ്രമോദി ഗവണ്മെന്റ് തലയൂരുന്നു.

പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16വരെ ആയിരുന്നു. ഗുജറാത്തില്‍ ഡിസംബര്‍ 9 മുതല്‍ 18 വരെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ശീതകാല സമ്മേളനം ഡിസംബര്‍ ആദ്യം തുടങ്ങേണ്ടെന്നുവെച്ചത്. ഒരു തവണയൊഴികെ കഴിഞ്ഞ ആറര പതിറ്റാണ്ടായി ഇന്ത്യന്‍ പാര്‍ലമെന്റ് പാലിച്ചുപോന്ന കീഴ് വഴക്കം മോദി ലംഘിക്കുന്നു. 2008ല്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ജൂലൈ മുതലുള്ള മഴക്കാല സമ്മേളനം ഒഴിവാക്കിയതുപോലെ. അതിനുമുമ്പ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ചയില്‍ പാര്‍ലമെന്റിനെ കീഴ്‌പ്പെടുത്തിയതൊഴിച്ചാല്‍.

ഇന്ദിരാഗാന്ധിയെപോലെ മോദിയും സ്വേച്ഛാധികാരിയായി നീങ്ങാന്‍ തുടങ്ങിയതാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനംപോലും പ്രതിസന്ധിയിലാക്കിയത്. ആറുമാസത്തിനകം നടക്കേണ്ട തെരഞ്ഞെടുപ്പു തീയതികള്‍ ഒന്നിച്ചു പ്രഖ്യാപിക്കുകയെന്ന കീഴ്‌വഴക്കം തെരഞ്ഞെടുപ്പു കമ്മീഷന്‍ ലംഘിച്ചു. ഒക്‌ടോബര്‍ 11നാണ് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒക്‌ടോബര്‍ 24ന് ഡിസംബര്‍ 9 മുതല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പട്ടികയും പ്രഖ്യാപിച്ചു.

നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്‍. അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ചതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നു. ഗുജറാത്തില്‍ ശതകോടികളുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് മുന്നൊരുക്ക റാലികള്‍ പ്രധാനമന്ത്രിക്കു നടത്താനും അവസരം നല്‍കാനാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നത് താമസിപ്പിച്ചതെന്ന ആക്ഷേപം പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ തുടര്‍ പരിപാടികള്‍ ശരിവെക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണ നേതൃത്വത്തിനും സാന്നിധ്യത്തിനും അവസരമൊരുക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരില്‍ തന്നെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നത്. ഇതു സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഹിമാചല്‍ – ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അലയടിക്കുന്ന സാഹചര്യത്തില്‍ ഏതാനും ദിവസങ്ങളിലേക്ക് അത് ഒതുക്കിയാലും. രണ്ടിടത്തേയും തെരഞ്ഞെടുപ്പുഫലം ഡിസംബര്‍ 18നാണ് പ്രഖ്യാപിക്കുക. ഡിസംബര്‍ 20 മുതല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചാല്‍തന്നെ ഒരാഴ്ചകൊണ്ട് പിരിയേണ്ടിവരും.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞ വര്‍ഷം മുതല്‍ ഫെബ്രുവരി മുതല്‍ നിശ്ചയിച്ചത് മോദി ഗവണ്മെന്റാണ്. അതുകൊണ്ട് ജനുവരിയിലേക്ക് ശീതകാല സമ്മേളനം നീട്ടാനാവില്ല. 1955 ഏപ്രില്‍ 22ന് ചേര്‍ന്ന ലോകസഭയുടെ ജനറല്‍ പര്‍പ്പസ് കമ്മറ്റിയാണ് ബജറ്റ് സമ്മേളനം, മഴക്കാല സമ്മേളനം, ശീതകാല സമ്മേളനം എന്ന നിലയില്‍ പാര്‍ലമെന്റ് സമ്മേളനം മൂന്നായി നടത്താന്‍ ശുപാര്‍ശ ചെയ്തത്. ഈ സമ്മേളനങ്ങള്‍ നടത്തേണ്ട സമയക്രമമനുസരിച്ച് ശീതകാല സമ്മേളനം നവംബര്‍ – ഡിസംബറില്‍തന്നെ പൂര്‍ത്തിയാക്കണം.

നോട്ടു റദ്ദാക്കലും ജി.എസ്.ടി നടപ്പാക്കലും ദേശീയ സമ്പദ് വ്യവസ്ഥയേയും ജനജീവിതത്തെയും പ്രതിസന്ധിയിലാഴ്ത്തിയ വേളയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കാതെ പോകുന്നത് ജനാധിപത്യ ക്രമത്തെ തകര്‍ക്കലാണ്. ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും അവരുടെ പ്രതിഷേധവും പ്രധാനമന്ത്രി മോദിയും ഗവണ്മെന്റും ജനപ്രതിനിധികളില്‍ നിന്ന് നേരില്‍ കേള്‍ക്കേണ്ടതുണ്ട്. മറുപടി കൊടുക്കുകയും പരിഹാര നടപടി അറിയിക്കേണ്ടതും പാര്‍ലമെന്റിന്റെ ഇരു സഭകളിലുമാണ്. അതില്‍നിന്ന് ധിക്കാരപൂര്‍വ്വം ഒഴിഞ്ഞുമാറാന്‍ സ്പീക്കറെക്കൂടി ആയുധമാക്കുന്നു.

കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ പേരുപറഞ്ഞ് നോട്ടുകള്‍ റദ്ദാക്കി. അത് ബോധ്യപ്പെടുത്തുന്ന കണക്കുകള്‍പോലും പാര്‍ലമെന്റിനെയോ ജനങ്ങളെയോ ഇനിയും അറിയിച്ചിട്ടില്ല. ജി.എസ്.ടി ഏര്‍പ്പെടുത്തി. തുടര്‍ന്ന് സംഭവിക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങളൊന്നും പ്രയോഗത്തില്‍ വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍തന്നെ തെറ്റായ ഈ പോക്കിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും പാര്‍ലമെന്റില്‍ മുഖാമുഖംനിന്ന് യഥാര്‍ത്ഥ വസ്തുതകള്‍ നിരത്തേണ്ടതുണ്ട്. അതില്‍നിന്നാണ് ഒളിച്ചോടുന്നത്.

പൂച്ചയ്ക്ക് പൊന്നുരുക്കുന്നേടത്ത് കാര്യമെന്ത് എന്ന രീതിയില്‍ ഭരണ തീരുമാനമെടുക്കുന്നതില്‍ പാര്‍ലമെന്റിനുള്ള ജനാധിപത്യപരമായ പങ്ക് ആദ്യം നിഷേധിച്ചത് ജനങ്ങളുടെ രക്ഷകയായി വന്ന ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥാ ഭരണവുമായിരുന്നു. യു.പി.എ ഗവണ്മെന്റിന്റെ അഴിമതിക്കും വികസനം മരവിപ്പിച്ച ഭരണത്തിനുമെതിരായ ജനരോഷത്തിന്റെ പ്രതീകമായി ഭരണത്തിലേറുകയായിരുന്നു പ്രധാനമന്ത്രി മോദി. അധികാര നേതൃത്വത്തിലിരിക്കുന്നവര്‍ക്കെതിരെ അഴിമതിയുടെ ഗുരുതരമായ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ അവ ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും നവ മാധ്യമങ്ങള്‍ക്കുമെതിരെ അടിയന്തരാവസ്ഥയിലെന്നപോലെ കരിനിയമങ്ങള്‍ ഇപ്പോള്‍ കൊണ്ടുവരികയാണ്. അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നുകൂടിയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

പാര്‍ലമെന്റിന്റെ ജനാധിപത്യമുഖവും ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുനിന്നത് 1952 – 57ലെ ഒന്നാം സഭയിലാണ്. എന്തെല്ലാം വിമര്‍ശനങ്ങള്‍ നയപരമായി ഉന്നയിക്കാമെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ മാതൃകാപരമായി കെട്ടിപ്പടുത്തത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുതന്നെയാണ്. പ്രതിപക്ഷം ഏറ്റവും ദുര്‍ബലമായും ശിഥിലീകരിക്കപ്പെട്ടും കാണപ്പെട്ടിട്ടും പ്രതിപക്ഷ ബഹുമാനത്തിന്റെയും സമന്വയത്തിന്റെയും സമീപനം നെഹ്‌റു മാതൃകാപരമായി കാണിച്ചു. പാര്‍ലമെന്റ് ഊര്‍ജ്ജസ്വലവും പ്രതിബദ്ധതയുള്ളതും പ്രതീക്ഷ നല്‍കുന്നതും ആയി ഉയര്‍ന്നുനിന്നത് ആദ്യഘട്ടത്തിലാണ്. പ്രതിപക്ഷ നേതാക്കളും അംഗങ്ങളും ഭരണകക്ഷിയോളമോ അതിലേറെയോ സഭയോടും ജനങ്ങളോടും ഉത്തരവാദിത്വബോധം പുലര്‍ത്തി. പാര്‍ലമെന്റിനെ ഊര്‍ജ്ജസ്വലമാക്കാന്‍ നെഹ്‌റു സഭയിലേയും ചര്‍ച്ചകളിലേയും സജീവ സാന്നിധ്യവുമായി.

എന്നാല്‍ പാര്‍ലമെന്ററി സ്ഥാപനത്തോടുള്ള അനാദരവും അവഗണനയും ഇന്ദിരാഗാന്ധിതൊട്ടാണ് തുടങ്ങിയത്. അവിശ്വാസപ്രമേയം സഭ ചര്‍ച്ചചെയ്യുമ്പോള്‍പോലും ഇന്ദിരാഗാന്ധി വിദേശത്തേക്കുപോയി. പാര്‍ലമെന്റിനെ അവരൊരു റബ്ബര്‍സ്റ്റാമ്പാക്കി. വി.പി സിങിന്റെയും ചന്ദ്രശേഖറിന്റെയും ഭരണഘട്ടത്തിലാണ് പാര്‍ലമെന്റിന്റെ പ്രാമുഖ്യം തിരികെ കൊണ്ടുവന്നത്.

ബ്രിട്ടനില്‍നിന്നുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാര്‍ലമെന്ററി മാതൃക ഇന്ത്യ വികസിപ്പിച്ചെങ്കിലും അതിന്റെ പ്രാധാന്യം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുണ്ടായി. 1952-57ല്‍ ലോകസഭയും രാജ്യസഭയും യഥാക്രമം 151 ഉം 113ഉം ദിവസം പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് അത് 76ഉം 66ഉം അതിലും കുറഞ്ഞും പ്രവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ടായി. സഭ സ്തംഭിപ്പിച്ചാലേ ഗവണ്മെന്റിന്റെ കണ്ണും കാതും തുറപ്പിക്കാനാകൂ എന്ന അവസ്ഥയില്‍ പ്രതിപക്ഷവും എത്തിപ്പെട്ടു എന്നതായി സ്ഥിതി.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പാര്‍ലമെന്റാണ് ഗവണ്മെന്റിനെയും ജനങ്ങളെയും ബന്ധപ്പെടുത്തുന്നത്. അത് ദുര്‍ബലമാകുമ്പോള്‍, പ്രവര്‍ത്തന ക്ഷമമല്ലാതാക്കുമ്പോള്‍ പ്രാതിനിധ്യ ജനാധിപത്യവും ജനങ്ങളും പരാജയപ്പെടുന്നു.

നിയമനിര്‍മ്മാണങ്ങളുടെ പ്രാമുഖ്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവയുടെ അനന്തര വിധിയെന്തെന്ന് ജനങ്ങളറിയുന്നില്ല. 2016 ജൂലൈയ്ക്കുമുമ്പ് പാര്‍ലമെന്റ് പാസാക്കിയ 43 നിയമങ്ങള്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാത്തതുകൊണ്ട് നടപ്പാക്കാതെ ശീതീകരണിയിലാണെന്ന് പാര്‍ലമെന്റിന്റെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി അവലോകന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഉദാഹരണം. പാര്‍ലമെന്റിന്റെ പരമാധികാരം ഭരണാധികാരികളുടെ അവഗണനയിലും സ്വേച്ഛാധിപത്യത്തിലും തുടര്‍ച്ചയായി കീഴ്‌പ്പെടുകയാണ്.

പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഏറിയപങ്കും വിദേശ സന്ദര്‍ശനത്തിനുപോയി പ്രധാനമന്ത്രി മോദി തന്റെ ശൈലിയും നിലപാടും ആദ്യമേ വെളിപ്പെടുത്തി. പാര്‍ലമെന്ററി കുപ്പിയില്‍ നിറച്ച പ്രസിഡന്‍ഷ്യല്‍ ഭരണ മാതൃകയാണ് മോദി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ആരെങ്കിലും മോദിക്ക് മാതൃകയുണ്ടെങ്കില്‍ അത് ഇന്ദിരാഗാന്ധി മാത്രമാണ്.

ആ നിലയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷനെ ചൊല്‍പ്പടിക്കു നിര്‍ത്തുക, പാര്‍ലമെന്റിന്റെ പ്രവര്‍ത്തന ക്രമംതന്നെ തന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുസൃതമാക്കി മാറ്റുക, വികസനവും ജനങ്ങളുടെ അവകാശവും അധികാരവും പറഞ്ഞ് സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് മുന്നേറുക – ഇത്തരമൊരു അപകട പാതയിലൂടെയാണ് നമ്മുടെ പാര്‍ലമെന്ററി ഭരണം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. മോദിയില്‍നിന്ന് ഈ മാതൃകകളില്‍ ചിലത് കേരളമടക്കം പകര്‍ത്തുന്നു എന്നുകൂടി ഒപ്പം മനസിലാക്കേണ്ടതുണ്ട്.

Print Friendly, PDF & Email

Leave a Comment