കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യം ദിലീപ് ഡിജിപിയെ വിളിച്ചത് 20 ദിവസം വൈകിയാണെന്ന വാദം പൊളിയുന്നു. ദിലീപ് ഡിജിപിയെ അറിയിച്ചത് വൈകിയല്ല. ഭീഷണിക്ക് തൊട്ടുപിന്നാലെ ഡിജിപിയെ വിളിച്ചതിന് തെളിവ് പുറത്തായി. എല്ലാ വിളികളും ബെഹ്റയുടെ സ്വകാര്യ ഫോണിലേക്കാണ് എത്തിയിരിക്കുന്നത്.
ബെഹ്റയ്ക്കു വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതിയിൽ പൊലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22 നാണ്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിൽ നിഗൂഢതയുണ്ടെന്നുമായിരുന്നു പൊലീസിന്റെ പ്രചാരണം.
സുനിയുടെ ഭീഷണിക്കു തൊട്ടുപിന്നാലെ ദിലീപ് ബെഹ്റയുടെ ഫോണിലേക്കു വിളിച്ചിരുന്നു. പലവട്ടം ദിലീപ് ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്. പരാതിപ്പെട്ടിട്ടും അന്വേഷണം വൈകിയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ലെന്നും കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കും എന്നുമാണ് ബെഹ്റ അന്ന് പ്രതികരിച്ചത്.
വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ കത്തിലാണ് ദിലീപ് പറഞ്ഞത്.
ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും കത്തില്‍ പറയുന്നു. 12 പേജുള്ള കത്ത് രണ്ടാഴ്ച മുമ്പാണ് അയച്ചത്. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.
റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്ശന്, ഡിവൈഎസ്പി സോജന് വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.
നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു.
ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നതാണ്. ഏപ്രില്‍ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണല്‍ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിക്കൊണ്ടായിരുന്നു അന്ന് ബെഹ്റക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചത്.
അതേസമയം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയിരുന്നു. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.
കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.
താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply