Flash News

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം; പ്രതിപ്പട്ടിക പൊളിച്ചെഴുതുന്നു

November 7, 2017

appunni (1)പ്രമുഖ സാക്ഷികള്‍ കൂറുമാറിയതിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് പ്രതിപ്പട്ടികയില്‍ അഴിച്ചുപണിയുണ്ടായേക്കും. ഒന്നാം പ്രതിയാക്കുമെന്നു പോലീസ് നേരത്തേ സൂചന നല്‍കിയെങ്കിലും സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ പുതിയ നിയമോപദേശം ആശങ്കപുലര്‍ത്തിയ സാഹചര്യത്തിലാണിത്. എഫ്‌ഐആറില്‍ പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനമെങ്കിലും സിനിമാ മേഖലയിലുള്ളവരെ കൂടുതലായി ചോദ്യം ചെയ്തുമാത്രമേ അവസാന തീരുമാനത്തിലെത്തൂ.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തുല്യമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെന്ന കണക്കുകൂട്ടലിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനമുണ്ടായത്. ഒന്നാം പ്രതിയാക്കുന്നത് വിചാരണാഘട്ടത്തില്‍ തിരിച്ചടിയാകാന്‍ ഇടയുണ്ടെന്ന നിയമോപദേശവും കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപ്പട്ടിക വീണ്ടും അഴിച്ചുപണിയുന്നത്. ദിലീപിനെ രണ്ടാം പ്രതിയാക്കാനോ അല്ലെങ്കില്‍ ഏഴാം പ്രതിയാക്കാനോ ആണ് ആലോചന.

നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കുറ്റത്തിന് സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി മുഖ്യ ഗൂഢാലോചനക്കാരനായ ദിലീപിനെ രണ്ടാംപ്രതിയാക്കാമെന്നാണ് ഒരു നിയമോപദേശം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റുപ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നുവെന്നും സുനില്‍കുമാറും ദിലീപും മാത്രമാണ് ഗൂഢാലോചന നടത്തിയതെന്നുമുളള വിലയിരുത്തലിലാണിത്. ദിലീപിനെ ഏഴാം പ്രതിയാക്കാമെന്നതാണ് മറ്റൊരു ആലോചന.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുനില്‍ കുമാറടക്കം ആദ്യകുറ്റപത്രത്തിലെ ആറുപ്രതികളെ അതേപടി നിലനിര്‍ത്തും. ഗൂഢാലോചനയുടെ പേരില്‍ ദിലീപിനെ ഏഴാം പ്രതിയാക്കും. നിലവില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലുണ്ട്. കുറ്റപത്രം തയാറാക്കിയെന്നും പ്രതിപ്പട്ടിക സംബന്ധിച്ച വ്യക്തത ഉടന്‍ വരുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ സിനിമാ മേഖലയില്‍ നിന്നടക്കം ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. കുറ്റപത്രത്തിലെ ചില മൊഴികളുടെയും തെളിവുകളിലേയും പഴുതുകള്‍ അടയ്ക്കണമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്.

കഴിഞ്ഞ ഫെബ്രുവരി 17-നു രാത്രിയാണു പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിചാരണയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാലേ, കേസില്‍ നടന്‍ ദിലീപിനെതിരായ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കൂ. അതായിരുന്നു പോലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയുമായിച്ചേര്‍ന്നു പലയിടങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം. തെളിവു നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവര്‍ ഉള്‍പ്പെടെ കേസില്‍ 13 പ്രതികളാണുള്ളത്.

കേസിലെ നിര്‍ണായകതെളിവായ മൊെബെല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു നശിപ്പിക്കപ്പെട്ടെന്ന പ്രതീഷ് ചാക്കോയുടെ മൊഴിപ്രകാരം അന്വേഷണം തുടരും. പള്‍സര്‍ സുനിക്കെതിരേ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ്. ദിലീപിന്റെയും സുനിയുടെയും അടുത്ത ബന്ധുക്കളെയടക്കം ചോദ്യം ചെയ്തിരുന്നു.

ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ചാള്‍സ് ആന്റണി, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാകും. ഏഴാംപ്രതി ചാള്‍സ്, വിപിന്‍ലാല്‍, വിഷ്ണു എന്നിവര്‍ മാപ്പുസാക്ഷികളാകാന്‍ സാധ്യതയുണ്ട്.

ദിലീപിനെതിരേ ഐ.പി.സി. 376 (ഡി)-കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വര്‍ഷം), 120 (ബി)-ഗൂഢാലോചന (പീഡനത്തിനുള്ള അതേശിക്ഷ), 336 തട്ടിക്കൊണ്ടുപോകല്‍ (10 വര്‍ഷംവരെ), 201 തെളിവു നശിപ്പിക്കല്‍ (3-7 വര്‍ഷം), 212- പ്രതിയെ സംരക്ഷിക്കല്‍ (മൂന്നുവര്‍ഷം വരെ), 411-തൊണ്ടിമുതല്‍ സൂക്ഷിക്കല്‍ (മൂന്നുവര്‍ഷം), 506-ഭീഷണി (രണ്ടുവര്‍ഷം വരെ), 342-അന്യായമായി തടങ്കലില്‍ വയ്ക്കല്‍ (ഒരുവര്‍ഷംവരെ), ഐ.ടി. നിയമം 66 (ഇ)-സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍ (മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും), 67 (എ)-െലെംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top