Flash News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച “എന്താണ് സാഹിത്യം …?”

November 15, 2017 , മണ്ണിക്കരോട്ട്

20171112_162737_001ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ നവംബര്‍ സമ്മേളനം 12-ഞായര്‍ വൈകീട്ട് 4 ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജ് പ്രഫസറായിരുന്ന ഡോ. കെ.യു. ചാക്കൊ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹം സാഹിത്യം എന്താണെന്നുള്ളതിനെക്കുറിച്ച് പ്രഭാഷണം നടത്തി. കൂടാതെ ജി. പുത്തന്‍കുരിശിന്റെ ‘സൂപ്പര്‍മാന്‍’ എന്ന കവിതയൊക്കുറിച്ചും ചര്‍ച്ച നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ കഴിഞ്ഞുപോയ കേരളപ്പിറവി ദിനത്തിന്റെയും വരാന്‍പോകുന്ന താങ്കസ് ഗിവിങ്ങിന്റെയും ആശംസകള്‍ അര്‍പ്പിച്ചു. ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങളെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു. നൈനാന്‍ മാത്തുള്ളയായിരുന്നു മോഡറേറ്റര്‍.

മൂവാറ്റുപുഴ നിര്‍മ്മല കോളെജില്‍ സംസ്കൃതാധ്യാപകനായിരുന്ന ഡോ. കെ.യു. ചാക്കൊ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായുട്ടുള്ള അനുഭവങ്ങള്‍ ചുരുക്കമായി വിവരിച്ചു. മലയാളത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള സംസ്കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സാഹിത്യം എന്താണെന്ന് വിശദമായി സംസാരിച്ചു. ശബ്ദവും അര്‍ത്ഥവും കൂടിച്ചേരുമ്പോള്‍ ഭാഷ രൂപപ്പെടുന്നു. അത് സാഹിത്യമാകണമെങ്കില്‍ ഹൃദയത്തെ സ്പര്‍ശിക്കാനും ആനന്ദിപ്പിക്കാനും കഴിയണം. നിഘണ്ടു അനുസരിച്ച് കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന ആശയങ്ങള്‍ സ്ഥിരമായും സാര്‍വത്രികമായും ആവിഷ്ക്കരിക്കുമ്പോള്‍ സാഹിത്യമായി. അതുപോലെ സാഹിത്യം സഹിതമായിരിക്കണം. ‘സഹിതസ്യഭാവം സാഹിത്യം’.

ഹൃദയാവര്‍ജകമായ അര്‍ത്ഥത്തോടുകൂടിയ വാക്കുകളുടെ അനര്‍ഗ്ഗളമായ സമ്മേളനമാണ് കവിത. കവിത്യം ശബ്ദത്തിലാണ്. കവിതയ്ക്ക് രമണീയാര്‍ത്ഥപ്രതിപാദമായ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയണം. കവിതയുടെ നിര്‍വ്വചനം വേഡ്‌സ്‌വര്‍ത്ത് പറഞ്ഞിട്ടുണ്ട്. “Poetry is the spontaneous overfow of powerful feelings: it takes its origin from emotion recollected in traquility.” ഈ ഗുണമാണ് നല്ല കവികള്‍ക്കെല്ലാം ഉണ്ടായിട്ടുള്ളത്. പ്രതിഭ ജന്മസിദ്ധമാണ്. എന്നാല്‍ ജ്ഞാനംകൊണ്ടും യത്‌നംകൊണ്ടും ഒരു പരിധിവരെ അത് നമുക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞേക്കും. ഇതൊന്നുമില്ലെങ്കില്‍ കവിത എഴുതാതിരിക്കുന്നതാണ് നല്ലത്. പ്രൊഫസര്‍ വിവരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

20171112_161841തുടര്‍ന്ന് ജി. പുത്തന്‍കുരിശ് കേക വൃത്തത്തില്‍ രചിച്ച തന്റെ ‘സൂപ്പര്‍മാന്‍’ എന്ന കവിത ഈണത്തില്‍ ആലപിച്ചു. സൂപ്പര്‍മാനായി സിനിമയില്‍ അഭിനയിച്ച ക്രിസ്റ്റഫര്‍ റീവ് അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതരമായി ക്ഷതം ഏല്‍ക്കുകയും ചെയ്തു. പിന്നീട് ഭാര്യ ഡാന വളരെ സ്‌നേഹത്തോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവര്‍ ‘ഫൗണ്‌ഡേഷന്‍ ഫോര്‍ സ്‌പൈനല്‍ ഇന്ഞ്ചറി’ എന്ന സംരംഭം ആരംഭിക്കുകയും അത് അനേകര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് പുത്തന്‍കുരിശിന്റെ കവിതയുടെ ഇതിവൃത്തം.

20171112_162005ഈ കവിത ആലാപന സൗകുമാര്യം, ആശയം, വൃത്തഭംഗി, അവതരണത്തിലെ ലാളിത്യം, ഉള്‍ക്കൊണ്ടിരിക്കുന്ന തത്വങ്ങള്‍ മുതലായ ഗുണങ്ങള്‍കൊണ്ട് ഒരു ഉത്തമ കവിതയാണെന്ന് പ്രൊഫസര്‍ കെ.യു. ചാക്കൊ അഭിപ്രായപ്പെട്ടു. ഇക്കാലത്ത് കവിത്യമുള്ള കവിതകള്‍ തുലോം കുറവാണെന്ന് അദ്ദേഹം അറിയിച്ചു. കവിതയുടെയും സാഹിത്യത്തിന്റെ പൊതുവെയും മൂല്യം നശിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യം ഇന്ന് ഒരുതരം സാഹിത്യ മാഫിയകളുടെ പിടിയിലാണെന്ന് അദ്ദേഹം ദുഖത്തോടെ അനുസ്മരിച്ചു. അമേരിക്കയില്‍ നല്ല എഴുത്തുകാര്‍ ഉണ്ടെന്നറിയുന്നതിലും മലയാളം സൊസൈറ്റിപോലെ സാഹിത്യ സംഘടനകള്‍ ഉണ്ടെന്നറിയുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

20171112_164643തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം പൊതുവെയുള്ള ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. എ.സി. ജോര്‍ജ്, പൊന്നു പിള്ള, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജോയി വെട്ടിക്കനാല്‍, ജെയിംസ് ഐക്കരേത്ത്, ഈശോ ജേക്കബ്, ജോണ്‍ കുന്തറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനം ഡിസംബര്‍ 10-നായിരിക്കും.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top