
അമൃതപുരി: ആമൃത ടെക്നോളജീസ് അതിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷവേളയില്‍ ആരോഗ്യ ചികിത്സാ മേഖലയെ വിവരസാങ്കേതിക വിദ്യയുമായി കോര്‍ത്തിണക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കി. ഏതു ചെറിയ ആശുപത്രിയേയും ലോകത്തിലെ ഏതു വലിയ ആശുപത്രിയുമായും ബന്ധിപ്പിച്ച് വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയുന്ന അമൃത ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആണ് ഇവയില്‍ ഒന്നാമത്തേത്. ചെറിയ ഹോസ്പിറ്റലുകള്‍ക്ക് വലിയ ആശുപത്രികളില്‍ ലഭ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഇത് കുറഞ്ഞ ചിലവില്‍ സ്ഥാപിക്കാന്‍ കഴിയുന്ന മൂല്യവത്തായ നിക്ഷേപമായിരിക്കുമെന്ന് അമൃതാ ടെക്നോളജീസ് സി ഇ ഒ പ്രദീപ് അച്ചന് വ്യക്തമാക്കി.
രണ്ടാമതായി പ്രഖ്യാപിച്ചത് അമൃത പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണ്. സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായ ഈ കാലത്ത് ഏതൊരു വ്യക്തിക്കും സ്വന്തം ആരോഗ്യ റെക്കോര്‍ഡുകള്‍ അനായാസം തങ്ങളുടെ ഫോണില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പാണിത്. ലോകത്തില്‍ എവിടെയായിരുന്നാലും അടിയന്തിര ഘട്ടങ്ങളില്‍ വളരയേറെ പ്രയോജനപ്പെടുന്ന ഒന്നാണെന്ന് അമൃത ടെക്നോളജീസിലെ രമേശ് രാഘവന് പറഞ്ഞു. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോര്‍ എന്നിവയില്‍ ലഭ്യമായ ഇത് ആദ്യം ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് സൗജന്യമായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ ഏത് ഡോക്ടറുമായും വെര്‍ച്വല്‍ കണ്സള്ട്ടേഷന് സാദ്ധ്യമാക്കുന്ന മൊബൈല്‍ ടെലിമെഡിസില്‍ ആണ് അടുത്തതായി പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ക്ക് അവരുടെ ഓഫീസുകളില്‍ തന്നെയിരുന്ന് ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ലോകത്തിലെവിടെയുമുള്ള തങ്ങളുടെ രോഗികളുമായി ചികിത്സ നിര്‍ദ്ദേശിക്കാനും കുറിപ്പുകള്‍ കൈമാറാനും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഉള്‍പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെ രോഗികള്‍ക്ക് പോലും,യാത്ര ചെയ്യാതെ മെട്രോ നഗരങ്ങളിലുള്ള ഡോക്ടര്‍മാരുടെ സേവനം ആസ്വദിക്കാനും ഇതുമൂലം സാദ്ധ്യമാകുമെന്ന് അമൃത ടെക്നോളജീസിലെ ഷീജ സുരേഷ് വ്യക്തമാക്കി.
പ്രസ്തുത വേളയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തങ്ങളുടെ അദ്ധ്വാനം ലഘൂകരിക്കാന്‍ സഹായിക്കുന്ന അമൃത പേഷ്യന്റ് പോര്‍ട്ടല്‍, അമൃത ഷിഫ്റ്റ്, ഇ കോമേഴ്സ് സ്റ്റോര്‍ തുടങ്ങിയവയും പ്രഖ്യാപിക്കുകയുണ്ടായി.
അമൃത ടെക്നോളജിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.amritatech.com/
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news