Flash News

“സ്വാമിയെ ധ്യാനിച്ച് സങ്കീര്‍ത്തനങ്ങള്‍…സാദരം പാടുന്ന നേരം…”; ശബരിമലയിലേക്ക് സ്ത്രീകള്‍ കയറേണ്ട എന്നു പറഞ്ഞാല്‍ നമ്മള്‍ പിന്നെ ശ്രദ്ധിക്കേണ്ടതില്ലല്ലോ; എന്നെങ്കിലും സ്ത്രീകള്‍ക്കായി ശബരിമല തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയുണ്ട്; അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ അയ്യപ്പ ഭക്തിഗാനം

November 17, 2017 , .

thaarakamഅഭിനേത്രി, നര്‍ത്തകി… ഇപ്പോഴിതാ നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു കൃഷ്ണപ്രഭ. ചുരുക്കിപ്പറഞ്ഞാല്‍ കൃഷ്ണപ്രഭ ഒരു ‘പുലിയാണ്’. തീരം എന്ന ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ പാടി ആദ്യമൊന്ന് പ്രേക്ഷകരെ ഞെട്ടിച്ച കൃഷ്ണപ്രഭ ഇപ്പോഴിതാ ഒരു അയ്യപ്പഭക്തിഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുകയാണ്. ഹരി പി നായരാണ് ആല്‍ബം സോങ്ങിന്റെ രചനയും സംവിധാനവും  നിര്‍വഹിച്ചത്. ശബരിമല കയറാന്‍ കാത്തിരിക്കുന്ന പെണ്‍മനസുകളുടെ നൊമ്പരമാണ് ‘താരകം’മെന്ന ആല്‍ബം. ഒരു പക്ഷെ, പൊതുവെ കണ്ടു വരുന്ന അയ്യപ്പഭക്തിഗാനങ്ങളില്‍ നിന്ന് താരകത്തെ വേറിട്ടുനിര്‍ത്തുന്നതും ഒരു സ്ത്രീ പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകത തന്നെയാണ്. പ്രത്യേകിച്ച് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയം കത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍.

പുതിയ ആല്‍ബത്തിന്റെയും ഒപ്പം മറ്റ് വിശേഷങ്ങളും കൃഷ്ണപ്രഭ പങ്കുവെക്കുന്നു. 

താരകത്തിന്റെ സംവിധായകന്‍ ഹരി പി.നായരെ ഒരുപാട് വര്‍ഷമായി പരിചയമുണ്ട്. ഞാന്‍ പാട്ടുപാടുമെന്നുള്ള കാര്യം ഹരിചേട്ടന് അറിയാമായിരുന്നു. ഒരു ആല്‍ബം ചെയ്യണമെന്ന് ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തതാണ്. പല കാരണങ്ങള്‍കൊണ്ടും അതൊന്നും നടന്നില്ല. ഒരു മാസം മുമ്പാണ് ഹരിചേട്ടന്‍ ‘താരകം’ പ്ലാന്‍ ചെയ്യുന്ന കാര്യം പറഞ്ഞത്. ഇങ്ങനെയൊന്ന് ചെയ്താലോ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ഓകെ പറഞ്ഞു. പിന്നീടുള്ള കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു. കുറെ കാലമായി പ്ലാന്‍ ചെയ്തിട്ടും നടക്കാതിരുന്നതല്ലേ. ഇതാണ് അതിന്റെ ശരിയായ സമയമെന്ന് തോന്നുന്നു.

പാടി അഭിനയിച്ച ‘താരക’ത്തെ കുറിച്ചുള്ള പ്രതികരണം

ഇതൊരു മ്യൂസിക് വീഡിയോ ആണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ പാടുന്നു, അഭിയിക്കുന്നു എന്ന് കണ്ടപ്പോള്‍ ഭൂരിഭാഗം പേരും കരുതിയത് ഇത് ഏതോ സിനിമയിലേയാണെന്നാണ്. യൂട്യൂബില്‍ റിലീസ് ആവുന്നതിന് മുമ്പേ താരകത്തിന്റെ പ്രാമോഷനായി ഞങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്ററുകളൊക്കെ ഇട്ടിരുന്നു. അതുകണ്ടിട്ടാണ് പലരും കരുതിയത് വരാനിരിക്കുന്ന പടത്തിന്റെയാണെന്നാണ്. എന്തായാലും ആല്‍ബത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസുഫ് വിളിച്ച് നന്നായി പാടിയിട്ടുണ്ടെന്ന് പറഞ്ഞു. അതിലൊരുപാട് സന്തോഷം തോന്നി.

ശബരിമലയിലെ സ്ത്രീപ്രവേശനം

ഞാന്‍ അതിനെ പറ്റി ആലോചിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഒരു സ്ഥലത്തേക്ക് നമ്മളോട് കയറണ്ട എന്ന് പറയുന്നിടത്തേക്ക് നമ്മള്‍ പിന്നെ ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. പിന്നീട് ഏതെങ്കിലും കാലത്ത് ശബരിമല സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഞാനും പോയി തൊഴുമായിരിക്കും. ഇല്ലെങ്കില്‍ വേണ്ട. ശബരിമലയില്‍ പോകുന്നത് എത്രയോ കാലമായിട്ട് അനുഷ്ഠിച്ച് വരുന്നൊരു സംസ്കാരമാണ്. നമ്മുടെ പൈതൃകമാണ്. അതിനെ നമ്മളായിട്ട് തിരുത്തിക്കുറിക്കേണ്ട കാര്യമില്ല. ഞാന്‍ ആരുടെയും പക്ഷം പിടിക്കുകയല്ല. ഞാന്‍ അതിനെ കുറിച്ച് വിശദമായി ആലോചിച്ചിട്ടില്ല. ആലോചിക്കാത്ത കാര്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല.

കൃഷ്ണപ്രഭയിലെ ഗായികയെ ലോകമറിഞ്ഞത് ‘തീരം’ കവര്‍ വേര്‍ഷനിലൂടെ

ഞാന്‍ പാടുമെന്നുള്ളത് പൊതുജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ എന്നെ നേരിട്ട് പരിചയമുള്ളവര്‍ക്കെല്ലാം ഞാന്‍ പാടുന്ന കാര്യം അറിയാം. നേരത്തെ ഹരിശ്രീ ട്രൂപ്പില്‍ പാടുമായിരുന്നു. തീരത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. തീരം ഒരു ചെറിയ ചിത്രമാണ്. ചിത്രത്തെ പ്രൊമോട്ട് ചെയ്യാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് തീരത്തില്‍ അഫ്‌സല്‍ യൂസുഫ് ഈണമിട്ട് ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ഞാന്‍ ചെയ്തത്. അങ്ങനെയാണ് തീരത്തിലെ ആ പാട്ട് ഞാന്‍ പാടി കവര്‍ വേര്‍ഷനാക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം കൂടി ചെയ്തതാണ്. എന്നിട്ട് അഫ്‌സലിക്കയെ കേള്‍പ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. സാധാരണ പാടുന്ന പോലെ പാടിയ ഒരു പാട്ടായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്.

പാട്ട് പഠിത്തം

ഒരു വര്‍ഷം മാത്രമാണ് പാട്ട് പഠിച്ചിട്ടുള്ളത്. ഡാന്‍സ് പഠിച്ചത് പോലെ പാട്ട് വിശദമായി പഠിച്ചില്ല. പിന്നെ കേട്ട് പഠിച്ചതാണ് പലപ്പോഴും. ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥ ശാലയില്‍ ശനിയും ഞായറും പാട്ടും, വയലിനും, ചിത്രരചനയുമൊക്കെ പഠിക്കാന്‍ പോയിരുന്നു. പക്ഷെ എല്ലാം കുറച്ച് കാലം മാത്രമേ പഠിച്ചിട്ടുള്ളൂ. പാട്ട് പഠിക്കണം എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. ഇനിയും പഠിക്കാമല്ലോ വേണമെങ്കില്‍.

രാധാമാധവം ക്ലാസിക്കല്‍ ഡാന്‍സ് ഡ്രാമ

radhamadhavamഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ് ക്ലാസിക്കല്‍ ഡാന്‍സ് ഡ്രാമ ചെയ്യണമെന്നത്. രാധാമാധവം ശരിക്കും എന്റെ പ്രൊഡക്ഷനായിരുന്നില്ല. അത് ഗായത്രിചേച്ചിയാണ് (നടി ഗായത്രി) അതിന്റെ സംവിധാനം .ചിന്മയ മിഷനിലെ കുട്ടികളാണ് എനിക്കൊപ്പം പെര്‍ഫോം ചെയ്തത്. എന്റെയടുത്ത് വന്ന് അവര്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ എനിക്ക് ഇത് കൊള്ളാമെന്ന് തോന്നി. എന്റെ പ്രൊഡക്ഷനില്‍ ഒരു ഡാന്‍സ് ഡ്രാമ അവതരിപ്പിക്കുന്നതിന് മുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകള്‍ എടുക്കണമെന്ന് അറിയാന്‍ സഹായിക്കുന്നത് കൂടിയായിരുന്നു ‘രാധാമാധവം’. 2018ല്‍ എന്റെ പ്രൊഡക്ഷനില്‍ ഡാന്‍സ് ഡ്രാമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ പ്രീപ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കലോത്സവങ്ങളില്‍ സജീവം; കലാരംഗത്തേക്കുള്ള പ്രവേശനം

സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവമായിരുന്നു. അതിന് ശേഷം മനോജ് ഗിന്നസിന്റെ കൊച്ചിന്‍ നവോദയ ട്രൂപ്പില്‍ ഡാന്‍സറായി ചേര്‍ന്നു. പിന്നെ പല ട്രൂപ്പുകളിലും. പ്രജോദ്, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരുടെ ട്രൂപ്പുകളിലൊക്കെ വര്‍ക്ക് ചെയ്തിരുന്നു.അങ്ങനെയാണ് ഈ കോമഡി ട്രാക്കിലേക്ക് എത്തിയത്.

സിനിമയിലേക്ക്

fukriമിനിസ്‌ക്രീനിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പ്രജോദേട്ടന്‍ ചെയ്ത കോമഡി ഷോയില്‍ ഉണ്ടായിരുന്നു. പിന്നെ അവതാരകയായും പ്രവര്‍ത്തിച്ചിരുന്നു. മാടമ്പിയിലേക്ക് വിളിക്കുന്നത് ഞാന്‍ ചെയ്ത ചാനല്‍ പരിപാടികള്‍ കണ്ടിട്ടാണ്. സുരാജേട്ടന്റെ കൂടെയുള്ള കോമ്പിനേഷന്‍ സീനായിരുന്നു എനിക്ക് കൂടുതലും. ഹാസ്യ കഥാപാത്രത്തിന് പറ്റിയ ആളെയായിരുന്നു അവര്‍ അന്വേഷിച്ചിരുന്നത്. നല്ലൊരു അനുഭവമായിരുന്നു. മോഹന്‍ലാലിന്റെ സ്റ്റുഡന്റായിട്ടുള്ള കഥാപാത്രമായിരുന്നു. ലാലേട്ടനെ അതിശയത്തോടെയായിരുന്നു കണ്ടിരുന്നത് അന്ന്. ഇപ്പോള്‍ അമൃത ടിവിയിലുള്ള ലാല്‍ സലാം എന്ന പരിപാടിയില്‍ മാടമ്പിയെ കുറിച്ചുള്ള എപ്പിസോഡിലേക്ക് എന്നെയും വിളിച്ചിരുന്നു. പരിപാടിയില്‍ ലാലേട്ടന്‍ എന്നോട് ചോദിച്ചു. മാടമ്പി ആദ്യത്തെ ചിത്രമായിരുന്നില്ലേ എന്ന്. ലാലേട്ടന്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി. ഇതൊക്കെ ഓര്‍ത്തുവെച്ചല്ലോ പുള്ളി.

ഒത്തിരി ചിത്രങ്ങള്‍, ചെറിയ കഥാപാത്രങ്ങള്‍

‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രം വരെ ചെറിയ കഥാപാത്രങ്ങളായിരുന്നു ചെയ്തത്. ചെറിയ കഥാപാത്രങ്ങളായിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ചെറിയ വിഷമമുണ്ട്. പക്ഷെ മറ്റൊരു ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍, ഞാന്‍ ചെയ്ത കൂടുതല്‍ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടുവെന്നത് സന്തോഷമുള്ള കാര്യമാണ്. ഗുലുമാലില്‍ ഒന്നര സീനേയുള്ളൂ. പക്ഷെ ശ്രദ്ധിക്കപ്പെടാന്‍ പറ്റിയിട്ടുണ്ട്. ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലേത് നല്ല കഥാപാത്രമായിരുന്നു. സംസാര വിഷയമായ സിനിമയായിരുന്നു അത്. ആ ചിത്രത്തിന് ശേഷമാണ് ചെറിയ റോളുകള്‍ മാറി കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന റോളുകള്‍ വന്നത്. ഹ്യൂമര്‍ മാത്രം ചെയ്യാന്‍ താല്‍പ്പര്യമില്ല. എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാന്‍ താല്‍പ്പര്യമുണ്ട്.

കാത്തിരിക്കുന്നു ആ കഥാപാത്രത്തിനായി

indianഞാന്‍ ഹാസ്യകഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണാന്‍ ഇഷ്ടമാണെന്ന് പലരും പറയാറുണ്ട്. എനിക്കും ഹ്യൂമര്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ഹാസ്യത്തിലാണെങ്കിലും, നല്ലൊരു ഹാസ്യകഥാപാത്രം എനിക്കിപ്പോഴും വന്നിട്ടില്ല. അതെന്തുകൊണ്ട് വന്നില്ലെന്നാണ് ഞാന്‍ ആലോചിക്കുന്ന കാര്യം. കല്‍പ്പനചേച്ചിയും സുകുമാരിയമ്മയുമെല്ലാം ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ കഥാപാത്രങ്ങള്‍ ആ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കും. ഫില്ലിംഗ് ഹ്യൂമര്‍ ആയിരിക്കില്ല. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. എന്റെ കാര്യം മാത്രമല്ല, ഹാസ്യം കൈകാര്യം ചെയ്യുന്ന ഒരു നടിക്കും അത്തരം നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. വെറും ഫില്ലിംഗ് കഥാപാത്രങ്ങളായിട്ടാണ് ഹാസ്യനടിമാരെ വിളിക്കുന്നത്. അത്തരം കഥകള്‍ വരുന്നില്ലെന്നാണ് അതിന് കാരണമായി കേട്ടിട്ടുള്ളത്. കഥ അങ്ങനത്തെ വരുന്നില്ലെങ്കില്‍ കഥ അത്തരത്തിലുള്ളത് ഉണ്ടാക്കണം. പക്ഷെ ഹാസ്യം ചെയ്യുന്ന നടന്മാരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക നല്ല, മുഴുനീള കഥാപാത്രങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇതെന്തുകൊണ്ട് നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

ഇഷ്ടപ്പെട്ട കഥാപാത്രം

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യിലെ സുധ ഭയങ്കര ഇഷ്ടമുള്ള കഥാപാത്രമാണ്. വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. സ്ഥിരം ഹാസ്യം ചെയ്തിട്ട് വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിലെ കഥാപാത്രവും ഇഷ്ടമാണ്.

പുതിയ ചിത്രം

കല്ലായി എഫ്എം ആണ് ഇനി വരാനിരിക്കുന്നത്. ശ്രീനിവാസന്റെ ജോഡിയായിട്ടാണ് അതില്‍ അഭിനയിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ പറയാറായിട്ടില്ല


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to ““സ്വാമിയെ ധ്യാനിച്ച് സങ്കീര്‍ത്തനങ്ങള്‍…സാദരം പാടുന്ന നേരം…”; ശബരിമലയിലേക്ക് സ്ത്രീകള്‍ കയറേണ്ട എന്നു പറഞ്ഞാല്‍ നമ്മള്‍ പിന്നെ ശ്രദ്ധിക്കേണ്ടതില്ലല്ലോ; എന്നെങ്കിലും സ്ത്രീകള്‍ക്കായി ശബരിമല തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയുണ്ട്; അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ അയ്യപ്പ ഭക്തിഗാനം”

  1. ഉദയഭനു പണിക്കർ says:

    പുരുഷന്മാര്‍ക്കു പ്രവേശനം ഇല്ലാത്തേത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടു്. അതിനെതിരെ എന്താ ആര്‍ക്കും പരാതി ഇല്ലാത്തതെന്നു മനസ്സിലാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top