എന്‍‌ഐ‌എ ഹാദിയയുടെ മൊഴിയെടുത്തു; നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം

hadiya_main_useകോട്ടയം: എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു.  വൈക്കത്തെ വീട്ടിലെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഹാദിയയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് രണ്ട് ദിവസങ്ങളിലായി ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. ഈ മാസം 27ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുന്നത്.

നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഷെഫിനെതിരായുള്ള അന്വേഷണത്തിന്‍റ ആദ്യ റിപ്പോർട്ട് എന്‍.ഐ.എ കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

ഹൈക്കോടതി നടപടി തെറ്റാണ് എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാന്റെയും എന്‍. ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദി ക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഐ.എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതിനിടെ, ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ചതിന് എൻ.ഐ.എക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന അപേക്ഷയും ജീവന് ഭീഷണിയുണ്ടെന്ന ഹാദിയയുടെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാക്കി ഹാദിയക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയും  ഷെഫിൻ ജഹാൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment