ചാനലുകളില്‍ നിന്ന് താരങ്ങളെ വിലക്കാനുള്ള ശ്രമം പാളി; ഫിലിം ചേംബറിന് തിരിച്ചടി

amma-film-chamber-830x412ചാനല്‍ പരിപാടികളില്‍നിന്നു താരങ്ങളെ വിലക്കാനുള്ള ഫിലിം ചേംബര്‍ നീക്കം പൊളിഞ്ഞതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പിളര്‍ത്താന്‍ നീക്കം. ഭാരവാഹി കാലയളവ് സംബന്ധിച്ച പ്രശ്‌നങ്ങളും നിലവിലെ ഭാരവാഹികള്‍ക്കെതിരായ കേസുകളും കുത്തിപ്പൊക്കി പിളര്‍പ്പുണ്ടാക്കാനാണു ചേംബറിന്റെ നീക്കം. മറുഭാഗവും നീക്കം ശക്തമാക്കിയാല്‍ മലയാള സിനിമതന്നെ വീണ്ടുമൊരു പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണു സൂചന.

സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച പ്രശ്നങ്ങളാണു താരങ്ങളെ ചാനല്‍ പരിപാടികളിലും അവാര്‍ഡ് നിശകളിലും വിലക്കണമെന്ന തീരുമാനത്തിലേക്കു ചേംബറിനെ നയിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ് മാത്രം പ്രതീക്ഷിച്ചു സിനിമയെടുത്തിരുന്നവര്‍ക്കു ചാനലുകളുടെ പുതിയ നിലപാട് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. സിനിമ റിലീസ് ചെയ്യുന്നതിനുമുമ്പേ നേരത്തേ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റുകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഇപ്പോള്‍ വിജയിക്കുന്ന സിനിമകള്‍ തെരഞ്ഞു പിടിച്ചാണു ചാനലുകള്‍ സ്വന്തമാക്കുന്നത്. ചെറിയ ബജറ്റില്‍ സിനിമ നിര്‍മിച്ച് ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടിയില്ലെങ്കില്‍ പോലും സാറ്റലൈറ്റ് റൈറ്റുകൊണ്ടു പണമുണ്ടാക്കിയ നിര്‍മാതാക്കളാണ് പെട്ടത്.

ഇതിനൊരു തിരിച്ചടി നല്‍കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് താരങ്ങളെ വിലക്കണമെന്ന് അമ്മയോടു നിര്‍ദേശിച്ചത്. എന്നാല്‍, സിനിമാ മേഖലയിലെ ഏറ്റവും ശക്തമായ സംഘടനയെന്ന നിലയില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും ‘അമ്മ’ തയാറായില്ല. എക്‌സിക്യൂട്ടീവ് ഉടന്‍ ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്നായിരുന്നു അമ്മ അറിയിച്ചിരുന്നത്. എന്നാല്‍ എന്നു യോഗം ചേരുമെന്നുപോലും തീരുമാനിച്ചിട്ടില്ല.

നിലവില്‍ എല്ലാ താരങ്ങളും സ്വന്തമായി നിര്‍മാണക്കമ്പനികളും വിതരണ ശൃംഖലകളും തിയേറ്ററുകളും ഉള്ളതിനാല്‍ ഇവര്‍ക്ക് ഫിലിം ചേംബര്‍ നിലപാടിനോടു വലിയ മമതയില്ല. നേരത്തേ, തിയേറ്റര്‍ ഉടമകളുടെ സമരമുണ്ടായപ്പോഴും പൊളിച്ചടുക്കാന്‍ മുന്നില്‍ നിന്നതു താരങ്ങളാണ്. ഇവരോട് ഉടക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയവും ചേംബറിന്റെ പുതിയ ഭാരവാഹികള്‍ക്കുണ്ട്. ഇതിനു പിന്നാലെയാണു ഫിലിംചേംബറിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്ന വസ്തുതയും പുറത്തെത്തിയത്.

നിര്‍മാതാക്കളുടെ സംഘടനയും വിതരണക്കാരുടെയും പ്രദര്‍ശനശാലാ ഉടമകളുടെയും സംയുക്ത സംഘടനയാണു ഫിലിം ചേംബര്‍. ഇതില്‍ താരങ്ങളില്ലെങ്കിലും ഇവര്‍ക്കും വിതരണ ശൃംഖലകളുണ്ട്. നിര്‍മാതാക്കളുടെ സംഘടനയുടെ തലപ്പത്തുള്ളവരും താരസംഘടനാ ഭാരവാഹികളും തമ്മിലുള്ള നല്ല ബന്ധമാണു താരനിശയ്‌ക്കെതിരേയുള്ള ചേംബറിന്റെ നീക്കത്തിനു തിരിച്ചടിയായിരിക്കുന്നത്. സൂപ്പര്‍താരങ്ങളും സിനിമാ നിര്‍മാണത്തില്‍ സജീവമാണെന്നതും ചേംബര്‍ നീക്കത്തിനു കൂച്ചുവിലങ്ങിടുന്നു. അഞ്ചുമാസം മുമ്പ് ഫിലിം ചേംബറിനു പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റതോടെയാണ് സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്. ഇതിന്റെ ഭാഗമായിട്ടാണു ചാനലുകള്‍ നടത്തുന്ന താരനിശ പരിപാടികളില്‍നിന്നു താരങ്ങള്‍ വിട്ടുനില്‍ക്കണമെന്നനിര്‍ദേശം ഉയര്‍ന്നത്.

നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മിലുള്ള ബന്ധം തങ്ങളുടെ നീക്കത്തിനു വിലങ്ങുതടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫിലിം ചേംബര്‍ മറുനീക്കങ്ങളും മെനയുന്നത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണു നടക്കുന്നത്. െബെലോ പ്രകാരം രണ്ടുവര്‍ഷമാണു സംഘടനയുടെ ഭാരവാഹികളുടെ കാലാവധി. എന്നാ നിലവിലെ ഭരണസമിതി നാലുവര്‍ഷം പിന്നിടുകയാണ്. 2018 ജനുവരിയോടെ ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷനിലെ നിലവിലെ ഭാരവാഹികളുടെ കാലാവധി നാലു വര്‍ഷം പൂര്‍ത്തിയാകും.

തെരഞ്ഞെടുപ്പു നടത്താതെ ഭാരവാഹികള്‍ തുടരുന്നത് ചട്ടലംഘനമാണെന്നും സംഘടനാ ഭാരവാഹികള്‍ ഒഴിയണമെന്നുമാണു വാദം. ഇതിനകം 11 കേസുകള്‍ നിലവിലുള്ള ഭാരവാഹികള്‍ക്കെതിരേ മുന്‍സിഫ്, മജിസ്‌ട്രേറ്റ്, െഹെക്കോടതി എന്നിവിടങ്ങളില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതു കുത്തിപ്പൊക്കി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പു നടത്തി പുതിയ ഭാരവാഹികളെ കൊണ്ടുവരാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment