Flash News

ദിലീപ് ദുബായിലേക്ക് പോകുന്നത് ‘വന്‍ സ്രാവിനെ’ കാണാനാണെന്ന് പോലീസ്; വിദേശ യാത്ര അനുവദിക്കരുതെന്ന് കോടതിയില്‍ വാദിക്കും

November 21, 2017

Dileep pulsurകൊച്ചി: ‘ദേ പുട്ടി’ന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിനു ദുബായിലേക്കു പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. കോടതി നിര്‍ദേശിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാമെന്ന ഉറപ്പാണു താരം മുന്നോട്ടു വയ്ക്കുന്നതെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് വിദേശ യാത്ര അനുവദിക്കാനാകില്ലെന്ന വാദം പോലീസ് മുന്നോട്ടു വയ്ക്കും. യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ സിം കാര്‍ഡ് കണ്ടെത്താനായിട്ടില്ല.

അത് ദുബായിലേക്കു കടത്തിയെന്നു സംശയമുള്ളതിനാല്‍ രണ്ടാം ഘട്ടത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉദ്ദേശിക്കുന്നുണ്ടെന്നു പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ ‘വന്‍സ്രാവ്’ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ അന്വേഷിച്ചക്കകയാണ്. ഇതിന്റെ വിവരങ്ങള്‍ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. ‘വന്‍സ്രാവ്’ ദുബായില്‍ ബിസിനസ് നടത്തുന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ പങ്കിനെപ്പറ്റി ആക്രമണത്തിനിരയായ യുവനടിയും മൊഴി നല്‍കിയിട്ടുണ്ടെന്നാണു സൂചന.

ഈ സാഹചര്യത്തില്‍ ദിലീപിനെ വിദേശത്തുവിടുന്നത് അഭികാമ്യമല്ലെന്ന് അന്വേഷണസംഘം കരുതുന്നു. കുറ്റപത്രം ഇന്നു സമര്‍പ്പിക്കില്ല. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണു നീക്കം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനു വ്യക്തിെവെരാഗ്യം ഉണ്ടായിരുന്നെന്നും അവരെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ 2014 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും. കുടുംബബന്ധം തകര്‍ത്തലിലുള്ള ശത്രുതയാണ് ദീലിപിനു നടിയോട് ഉണ്ടായിരുന്നത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോടു ശത്രുത ഉണ്ടായിരുന്നില്ല. അതുകൊണ്ട് സംഭവത്തിന്റെ മുഖ്യ ഉത്തരവാദിത്വം ദിലീപിനാണെന്നാണു പോലീസ് വാദം.

2013 മാര്‍ച്ച് 26നും ഏപ്രില്‍ ഏഴിനും ഇടയിലുള്ള ഒരു രാത്രിയില്‍ എട്ടിന് കൊച്ചി അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ വച്ചാണു നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 (ബി), 342, 366, 376 (ഡി), 411, 506, 201, 212, 34 വകുപ്പുകളും ഐടി ആക്ടിലെ 67എ വകുപ്പുമാണ് പ്രതികള്‍ക്കെതിരേ ചുമത്തുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാനു പോലീസിന്റെ നിലപാട്. കേസിലെ ചില സുപ്രധാന സാക്ഷികള്‍ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനം മൂലമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ദിലീപിന് വിദേശയാത്രക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്ത് ഹൈകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും പൊലീസ് അറിയിച്ചു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് കോയമ്പത്തൂരില്‍ ഒളിത്താവളമൊരുക്കിയ ചാര്‍ളി, ദിലീപ് നല്‍കിയ ക്വട്ടേഷനാണ് നടിക്കുനേരെയുണ്ടായ ആക്രമണമെന്ന് സുനി തന്നോട് വെളിപ്പെടുത്തിയതായി പൊലീസിന് രഹസ്യമൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ദിലീപിനെതിരായ മൊഴി ആവര്‍ത്തിക്കാനും തയാറായില്ല. ദിലീപിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സുനിയുടെ കൂട്ടുപ്രതി വിജീഷിനെയും തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ചാര്‍ളിയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനെയും സ്വാധീനിച്ചതായി പൊലീസ് പറയുന്നു. പള്‍സര്‍ സുനി കടയിലെത്തി ദിലീപിനെയും കാവ്യയെയും അന്വേഷിച്ചതായി ആദ്യം പൊലീസിനേട് പറഞ്ഞ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയിരുന്നു.

കുറ്റപത്രത്തില്‍ ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ സാക്ഷിയായില്ലെങ്കിലും ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയില്‍ മെന്‍സ്റിയ തെളിയിക്കണം. മെന്‍സ്റിയ എന്നാല്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങള്‍ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെന്‍സ്റിയ. അത് തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയിലാണ് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ദിലീപിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.മുഖ്യ പ്രതി പള്‍സര്‍ സുനിയാണ് ഈ കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി. ഇവര്‍ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം. പള്‍സര്‍ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യ തെളിവുകളുമാണ് ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണമെന്നാണ് നിലവിലെ സ്ഥിതി. ഈ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുന്നതിന് സാദ്ധ്യത നാമമാത്രമായിട്ടാണെങ്കിലും നിലനില്‍ക്കുന്നത് ഈ കേസില്‍ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പള്‍സര്‍ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ സജീവമാണ്. ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷന്‍ എങ്ങനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടര്‍ഭാവിയെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കേസില്‍ പൊസിക്യൂഷന്‍ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമായിരിക്കുമെന്നുറപ്പാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top