Flash News

ഈ രാഷ്ട്രീയ യാത്രകള്‍ കേരളത്തെ രക്ഷിക്കുമോ? (ലേഖനം): ബ്‌ളസന്‍ ഹൂസ്റ്റന്‍

November 21, 2017

rashtreeya yathra1കേരളത്തിലിപ്പോള്‍ ജാഥകളുടെ കാലമാണ്. ഭരണം പിടിക്കാനും കിട്ടിയ ഭരണം കൈവിട്ടുപോകാതിരിക്കാനും എങ്ങനെയെങ്കിലും ഭരണം കിട്ടാനും വേണ്ടിയുള്ളതാണീ ജാഥകളുടെ ഭൂമിശാസ്ത്രം. ഭരണത്തിലെ അഴിമതി പുറത്തു പറയുകയും ജനനന്മയും ലക്ഷ്യമാക്കിയാണ് പ്രതിപക്ഷം ജാഥ നയിക്കുന്നതെങ്കില്‍ ഭരണ നേട്ടങ്ങളും ജനകീയ വികസനവും മുന്‍നിര്‍ ത്തിയുള്ള യാത്രയാണ് ഭരണ കക്ഷിയുടെ യാത്ര. മൂന്നാം മുന്നണിയെന്ന നീര്‍ക്കോലി പാര്‍ട്ടികളുടെ ജാഥയും ഇതൊക്കെ തന്നെയാണ് പറയുന്നത്. എല്ലാവരും ഒരു കാര്യത്തില്‍ തുല്യരാണ്. ജനങ്ങളെ മുന്നില്‍ നിര്‍ത്തി യുള്ളതാണ് എന്നതാണ് ഇവര്‍ക്കു പറയാനുള്ളത്. എല്ലാം ജന ങ്ങള്‍ക്കുവേണ്ടിയും നാടിന്റെ നന്മയ്ക്കായിട്ടും ആയതുകൊ ണ്ടാണൊരാശ്വാസം എന്നേ പറയാനുള്ളു. അതുകൊണ്ടു തന്നെ ഇവര്‍ക്കൊക്കെ ജനങ്ങളോട് കടപ്പാടും പ്രതിബദ്ധതയുമുണ്ടെന്നു തന്നെ കരുതണമെന്ന് എടുത്തു പറയേണ്ടകാര്യമില്ല.

ഇവരുടെ ദേശസ്‌നേഹവും ജന നന്മയും ഒന്നു മാത്രമാണ് നമ്മുടെ കേരളം ഇത്ര കണ്ട് വികസനം വന്നതെന്നു പലപ്പോഴും തോന്നിപോയിട്ടുണ്ട്. കാസര്‍കോഡു മുതല്‍ പാറശ്ശാലവരെയുള്ള ഈ യാത്രകള്‍കൊണ്ടുമാത്രമാണ് കേരളം അമേരിക്കയെപ്പോലും പിന്നിലാക്കി ക്കൊണ്ട് വികസനത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ടാണ് ബൂര്‍ഷ്വാസികളുടെ നാടായ ഗര്‍ഫിലും അമേരി ക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി തേടി മലയാളികള്‍ പോകാത്തത്.

മാനത്ത് കാറും കോളും കാണുമ്പോള്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറയാറുണ്ട്. അതുപോലെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഈ യാത്രകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നത്. അടുത്തു തന്നെ ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നമ്മുടെ കൊച്ചുകേരളം ഇളക്കി മറിച്ചുകൊണ്ട് ഇവര്‍ ഇങ്ങനെ യാത്രകള്‍ നടത്തുന്നതെന്നതിന് യാതൊരു സംശയവുമില്ല. ശീതീ കരിച്ച മുറിക്കകത്തിരുന്ന് രാഷ്ട്രീയം കളിക്കുന്ന ഈ നേതാക്കന്മാര്‍ ഒന്നടങ്കം മഞ്ഞും മഴയും വെയിലും ചൂടും തണുപ്പും ഏറ്റ് കുണ്ടും കുഴിയും നിറഞ്ഞ മണ്ണില്‍ കൂടി ഈ യാത്ര നടത്തുന്നത് അതുകൊണ്ടാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഉടയാത്ത ഖദറിട്ടുകൊണ്ട് കോണ്‍ഗ്രസ്സുകാരും ആ ഖദറിനേക്കാള്‍ കട്ടിയുള്ള വെളുത്ത വസ്ത്രമണിഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും ഇവര്‍ക്കൊപ്പം നെറ്റിയില്‍ പാര്‍ട്ടി നിറം ഇട്ട് രാജ്യസ്‌നേഹി പാര്‍ട്ടിക്കാരും മലിന പൂരിതമായ മണ്ണില്‍ കൂടി വിയര്‍പ്പൊഴുക്കണമെങ്കില്‍ ജനസേവനം മാത്രമ ല്ലെന്ന് ജനത്തിന് നന്നായി അറിയാം. കാരണം ജനം ഈ രാഷ്ട്രീയ നാടകങ്ങളും പ്രഹസന പദയാത്രകളും കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനം ഇതൊന്നുമറിയുന്നില്ലായെന്നതാണ് ഇവരുടെയൊക്കെ ചിന്താഗതി. ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. ജാഥകളുടെ കാര്യത്തില്‍ ഇവര്‍ക്കുള്ള ഒത്തൊരുമ. അത് അംഗീകരിച്ചേ മതിയാകൂ. ഒരു പാര്‍ട്ടി ജാഥ പ്രഖ്യാപിച്ചാല്‍ അടുത്ത പാര്‍ട്ടിക്കാരും പ്രഖ്യാപിക്കും. ഒരേ സമയം യാത്രയോ ജാഥയോ നയിക്കാതെ ഒരാള്‍ പോയതിനുശേഷമെ അടുത്ത ആള്‍ തുടങ്ങുയെന്നതും അംഗീകരിക്കേണ്ട ഒരു വസ്തുതയാണ്. ചുരുക്കത്തില്‍ അണികളെകൊണ്ട് തമ്മിലടിപ്പിച്ച് പാര്‍ട്ടി വളര്‍ത്തിയാലും നേതാക്കന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരി ല്ലെന്നു തന്നെ പറയാം. അതും അംഗീകരിച്ചേ മതിയാകൂ.

കാല്‍നട ജാഥയെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടത്തുന്ന ഈ യാത്രകള്‍ നേതാക്കന്മാര്‍ ക്ഷീണിക്കുന്നതനുസരിച്ച് വാഹനജാഥകളാകാറാണ് ഈ അടുത്ത സമയത്ത് കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാര്‍ നടത്തിയ ജാഥകളില്‍ കൂടി കാണാന്‍ കഴിഞ്ഞത്. വാഹനത്തിലൂടെയുള്ള പദയാത്രകള്‍ എന്ന് പറയുന്നതാകും ശരിയായത്. ജനത്തെ കാണുമ്പോള്‍ അല്ലെങ്കില്‍ ജനം കാണുമ്പോള്‍ പൊതു നിരത്തിലൂടെയുള്ള പദയാത്ര അവരുകാണാത്തപ്പോള്‍ ശീതീകരിച്ച വാഹനത്തിലൂടെയുള്ള സുഖയാത്ര. പണ്ടത്തെപ്പോലെ മെയ്യനങ്ങി പണിയെടുത്താല്‍ ശരീരം പണി മുടക്കുമെന്നതാണ് ഇപ്പോഴത്തെ നേതാക്കളുടെ ശരീരശാസ്ത്രം. പണിയൊന്നും ചെയ്യാതെ ശരീരമൊന്നുമനങ്ങാതെ ശീതീകരിച്ച മുറിയിലിരുന്ന് ശീലിച്ചിട്ടുള്ള നമ്മുടെ ജനകീയ മുഴുവന്‍ സമയ നേതാക്കന്മാര്‍ക്ക് അല്പം പണിയെടു ത്താല്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പിത്തമെല്ലാം പുറത്തു വരുമെന്നതുകൊണ്ട് തുടര്‍ച്ചയായ പദയാത്രകള്‍ പന്തികേടാകുമെന്ന് അവര്‍ക്കു തന്നെ അറിയാം. എന്നാല്‍ ഇതൊന്നും നടത്താതെയിരിക്കാനും കഴിയില്ല. ഒന്നും ചെയ്യാതെയിരുന്നാല്‍ ജനം തണുപ്പന്‍ നേതാവ് എന്നു വിളിക്കും. ഇതൊക്കെ ഭയന്നിട്ടാണ് ഇങ്ങനെയൊരു ജാഥ നയിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലെ ജനങ്ങളെക്കാള്‍ കൂടുതലുള്ളതുകൊണ്ട് ഈ ജാഥകളിലൊക്കെ വന്‍ ജനപങ്കാളിത്തം എല്ലാവര്‍ക്കും അവകാശപ്പെടാം. ഹിന്ദി രാഷ്ട്ര ഭാഷയായതുകൊണ്ടും എല്ലാ പാര്‍ട്ടികളും ദേശീയ പാര്‍ ട്ടികളായതുകൊണ്ടും ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചാലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യം ഏതാണെന്ന് നമുക്ക് മനസ്സിലാകാത്തതുകൊണ്ട് അതിനും ആരും കുറ്റപ്പെടുത്തുകയുമില്ല. അങ്ങനെ ആളും ബഹളവുമായി നാടിളക്കിയൊരു മഹാസംഭവമാക്കിക്കൊണ്ട് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജ നങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ കേരള യാത്രകള്‍ കാറിലും വാനിലുമൊക്കെയായി പദയാത്രകള്‍ നടത്തുന്നത്.

ഈ യാത്രകളിലുടനീ ളം നേതാക്കന്മാുടെ പ്രസംഗങ്ങ ളില്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ അഴിമതി പ്രവര്‍ത്തനങ്ങളും വികസന വിരുദ്ധ പ്രവര്‍ത്തികളുമായിരിക്കും ഘോരംഘോരമായുണ്ടാകുന്നത്. അതുകഴിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസനം മനുഷ്യക്കുരുതി തുടങ്ങിയ വിഷയങ്ങളായിരിക്കും ഉണ്ടാകുക.

കേരളത്തില്‍ ആര് ആരെ കൊന്നാലും അത് വിഷയമാകില്ല. എത്ര കുടുംബങ്ങള്‍ അതിന്റെ പേരില്‍ വഴിയാധാരമായാലും അത് പ്രസംഗവിഷ യമോ ആകാറുമില്ല. കേരളത്തിന്റെ വികസനത്തേക്കാള്‍ അന്യ സംസ്ഥാനത്തെ വികസനമില്ലായ്മയായിരിക്കും പ്രസംഗങ്ങളില്‍ക്കൂടി ശക്തവും വ്യക്തവുമാക്കുന്നത്. സ്വന്തം വീട്ടില്‍ അടുപ്പ് പുകയാത്തതിനെക്കുറിച്ചല്ല മറിച്ച് അയല്‍ക്കാരന്റെ വീട്ടില്‍ കറികളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ചായിരിക്കും പരാതിയെന്ന് രത്‌നചുരുക്കം.

അണികളുടെ ഇടയില്‍ ആളനക്കമുണ്ടാക്കാനും അവരെ വീര്യമുള്ളവരാക്കി പാര്‍ട്ടി സജീവമായി രാഷ്ട്രീയത്തിലുണ്ടെന്ന് പൊതുജനത്തെ കാണിക്കാനും വേണ്ടി മാത്രമായി ഒരു യാത്രയാണ് കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇടയ്ക്കിടക്ക് നടത്തുന്നഈ യാത്രകളെന്നുമാത്രമല്ല അത് കാട്ടി ജനത്തെ കൊഞ്ഞനം കാട്ടുകയും കൂടി ചെയ്യുന്നു. ഈ ജനകീയ യാത്രകളില്‍ ഏതെങ്കിലുമൊരു നേതാവിന്റെ മ ക്കളോ ഭാര്യയോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ അഭിനന്ദിക്കാമായിരുന്നു. മാര്‍ക്ഷതടസ്സമുണ്ടാക്കിയും റോഡു ഗതാഗതം സ്തംഭിപ്പിച്ചും നടത്തുന്ന ഈ ജനകീയ യാത്രയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടാകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും സുഖം പരമാനന്ദസുഖം എന്നതാണ് ഏറെ രസകരം.

ഒരു കാര്യമുറപ്പിച്ചു പറയാം കേരളത്തിലെ നേതാക്കള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നടത്തയിട്ടുള്ള കേരള യാത്രകള്‍ കൊണ്ടല്ല നമ്മുടെ നാട് പച്ചപിടിച്ചതും അല്പമെങ്കിലും വികസനം പ്രാപിച്ചതും അന്യനാട്ടില്‍ പോയ മലയാളികള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നാടിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ച് ഒരു നൊമ്പരമായി കഷ്ടപ്പെട്ട് ജീവിച്ച് പണിയെടുത്തുകൊണ്ടുവന്നിട്ടുള്ള പണം കൊണ്ടാണ് നാം കാണുന്ന കേരളം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്നില്‍ കൈയ്യും നീട്ടി നില്‍ക്കാതെ ബൂര്‍ഷ്വകളുടെ നാട്ടില്‍ പോയി പണിയെടുക്കുന്നതുകൊണ്ടാണ് അവന്റെ അടുപ്പില്‍ നാലു നേരവും തീ പുകയുന്നത്.

ഈ യാത്രകളൊന്നും നടത്തിയില്ലെങ്കിലും മുതലാളിത്ത രാഷ്ട്രത്തിലെ പണമുണ്ടെങ്കില്‍ കേരളത്തിലെ കാര്യങ്ങള്‍ മുറപോലെ നടക്കുമെന്ന് ഈ നേതാക്കന്മാര്‍ മനസ്സിലാക്കുന്നത് നന്ന്. ചുരുക്കത്തില്‍ ഈ കേരള യാത്രകളൊന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല മറിച്ച് നേതാക്കന്മാരുടെ രക്ഷക്കായിട്ടാണ്. അവര്‍ക്ക് അഞ്ച് വര്‍ഷം ഭരണം നേടി ഖജനാവ് കൊള്ളടയിക്കാന്‍ വേണ്ടിയുമെന്ന് തന്നെ. അങ്ങനെയുള്ള ഈ യാത്രകള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. ചാനലുകള്‍ കാക്ക ത്തൊള്ളായിരമുള്ള നമ്മുടെ നാട്ടില്‍ അതില്‍ക്കൂടി രാഷ്ട്രീയത്തിന് വളമിട്ടാല്‍ പോരെയെന്നൊരു ചോദ്യം മാത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top