Flash News

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ ചെയ്ത ജഡ്ജിക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ജഡ്ജിയുടെ സഹോദരി

November 22, 2017

image-12മുംബൈ : സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കോടതി വിധിയെ സ്വാധീനിക്കാൻ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ, അന്തരിച്ച സി.ബി.ഐ കോടതി ജഡ്‌ജി ആയിരുന്ന തന്റെ സഹോദരൻ ഹർകിഷൻ ലോയയ്ക്ക് 100 കോടി രൂപ വാഗ്‌ദാനം നൽകിയിരുന്നുവെന്ന ആരോപണവുമായി സഹോദരി അനുരാധ ബിയാനി രംഗത്ത്.

കോടതി വിധിയെ സ്വാധീനിക്കാന്‍ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സിബിഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തുന്നു. കാരവാന്‍ മാഗസിന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ബി.ജെ.പി നേതാവ് അമിത് ഷായാണ്. സൊഹ്‌റാബുദ്ധീന്‍ ഷെയ്ഖ് കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അദ്ദേഹമാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രി. നീതിന്യായ വകുപ്പും അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ജഡ്ജി ലോയ കൊല്ലപ്പെടുമ്പോള്‍ അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണ്. ലോയയുടെ മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്‌കര്‍-ഇ-തോയിബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയൊരുക്കിയെന്നാണ് ഭീകരവിരുദ്ധസേന പറഞ്ഞിരുന്നത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കേസ്.

വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് കേസ് കൈകാര്യം ചെയ്തിരുന്ന ലോയ നാഗ്പൂരില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 2014 ഡിസംബര്‍ ഒന്നിനായിരുന്നു അത്. സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നവംബര്‍ 30നാണ് ലോയ നാഗ്പൂരിലെത്തിയത്.

എന്നാല്‍ മരണവിവരം ഭാര്യയേയോ ബന്ധുക്കളേയോ അറിയിക്കാതെ തിടുക്കം കൂട്ടി പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയുടെയും ലോയയുടെ പിതാവിന്റേയും വാദം. ലോയയുടെ മൃതദേഹത്തില്‍ കണ്ട മുറിപ്പാടുകളും ചോരപ്പാടുകളും സംശയം വര്‍ധിപ്പിക്കുന്നുണ്ട്, ലോയയുടെ ഭാര്യയും മക്കളും മൗനം തുടരുന്നത് ഭയം കാരണമാണെന്നും കാരവാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിക്കുന്നതിന് തലേദിവസം, നവംബര്‍ 30ന് ലോയ ഭാര്യ ശര്‍മ്മിളയെ ഫോണില്‍ വിളിച്ച് 40 മിനുട്ട് നേരത്തോളം സംസാരിച്ചിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. നാഗ്പൂരില്‍ ലോയയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ലോയ മരിച്ചിരുന്നുവെന്നും രാവിലെയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയായതായാണ് കുടുംബത്തിന് ലഭിച്ച വിവരം. വൈകി ലഭിച്ച മരണവിവരമാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രാത്രി ഉണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് ലോയയെ നാഗ്പൂരിലെ ദാന്തേ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നതും സംശയം ജനിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങളും സംശയത്തിന്റെ നിഴലിലാണ്.

നാഗ്പൂരിലേക്ക് വരേണ്ടതില്ലെന്നും മൃതദേഹം ലത്തൂരിലെ കുടുംബ വീട്ടിലേക്ക് എത്തിക്കുമെന്നായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം. എന്നാല്‍ ലത്തൂരിലേക്ക് മൃതദേഹം എത്തിക്കുമ്പോള്‍ ആംബുലന്‍സ് ഡ്രൈവറല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ പോലീസോ ആരും കൂടെയുണ്ടായിരുന്നില്ല. ലോയയുടെ തലയ്ക്ക് പിന്നിലുണ്ടായിരുന്ന മുറിവും വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറയും സംശയം വര്‍ധിപ്പിക്കുന്നു. ലോയ ധരിച്ച പാന്റിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലും ബെല്‍റ്റ് തലതിരിഞ്ഞ നിലയിലുമായിരുന്നുവെന്ന് സഹോദരി ആരോപിക്കുന്നു. മരണം നടന്ന് നാല് ദിവസത്തിനു ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ലഭിച്ചത്. അതിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നും അനുരാധ ആരോപിക്കുന്നുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടെങ്കിലും ആവശ്യം തള്ളിക്കളയുകയായിരുന്നു.

2012ലാണ് രാഷ്ട്രീയ സ്വാധീനങ്ങള്‍ ഒഴിവാക്കാന്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് സുപ്രീം കോടതി ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കേസ് ഒരേ ജഡ്ജി കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി കേസ് ആദ്യം കേട്ടിരുന്ന ജഡ്ജി ജെ.ടി ഉത്പത്തിനെ സ്ഥലം മാറ്റി. കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും അമിത് ഷായെ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഒരേ കാര്യം നിരന്തരം അപേക്ഷിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ട് കേസില്‍ ജൂണ്‍ 26ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ജൂണ്‍ 25ന് ഉത്പത്തിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനു പിന്നാലെയാണ് കേസില്‍ ലോ നിയമിതനായത്. 2014 ജൂണ്‍ അവസാനത്തോടെയായിരുന്നു ലോയയുടെ നിയമനം.

ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനങ്ങളായി ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹര്‍കിഷനും വെളിപ്പെടുത്തുന്നുണ്ട്. ‘നിരവധി തവണ പണവും ഭൂമിയും വീടും വാഗാദനങ്ങളും ലഭിച്ചു. എന്നാല്‍ അതെല്ലാം ലോയ തള്ളിക്കളയുകയായിരുന്നു. ആ കേസ് ലോയയെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ജോലി രാജിവെച്ച് ഒഴിയാനോ സ്ഥലംമാറ്റം ലഭിക്കാനോ ലോയ ആഗ്രഹിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹര്‍കിഷന്‍ ‘കാരവാന്‍’ പ്രതിനിധികളോട് പ്രതികരിച്ചു.

ലോയയുടെ മരണത്തിനു പിന്നാലെ ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. പിന്നീട് എംബി ഗോസാവിയാണ് കേസ് കൈകാര്യം ചെയ്തത്. ഡിസംബര്‍ 15 മുതല്‍ ഗോസാവിയാണ് കേസില്‍ വാദം കേട്ടത്.

ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂര്‍ത്തിയാവുന്ന് ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നു. അമിത് ഷായ്ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവില്‍ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സി.ബി.ഐ പ്രതിചേര്‍ത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top