കൊച്ചി: ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്.
അതേസമയം, ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തിൽ പറയുന്നു. പകയുണ്ടായത് ആദ്യ വിവാഹത്തിലെ തകർച്ച മൂലമാണ്. വിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നു വിശ്വസിച്ചു. പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു.
നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും.
കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.
അതിനിടെ, ദിലീപിനു വിദേശത്തു പോകാൻ നാലു ദിവസം ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചു. ദുബായിൽ ‘ദേ പുട്ട്’ റസ്റ്ററന്റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജിയിലാണു നടപടി. വിദേശ യാത്രയ്ക്കായി ആറു ദിവസത്തേക്കു പാസ്പോർട്ട് വിട്ടു നൽകണമെന്നു കോടതി നിർദേശിച്ചു.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസിലെ പ്രധാന സാക്ഷികളുടെ നിലപാടുമാറ്റം മുൻനിർത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണു നീക്കം. ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ, ദിലീപ് സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. അങ്ങനെയെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പരാമർശിച്ചു. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലും തമ്മിൽക്കണ്ടു ചർച്ച നടത്തിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply