Flash News

നടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് ഒന്നര കോടി രൂപയ്ക്ക്; കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

November 22, 2017

Dileep_Suni_760x400കൊച്ചി ∙ കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു നൽകിയതാണ് വൈരാഗ്യത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ദിപീല്–കാവ്യ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ ഈ നടി മഞ്ജു വാരിയർക്കു നൽകിയിരുന്നു. ഇതാണ് പക വളർത്തിയത്. നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകർത്താനുള്ള ക്വട്ടേഷൻ 1.5 കോടി രൂപയ്ക്കാണ് സുനിക്കു നൽകിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതിയെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപിന്റെ ക്വട്ടേഷൻ അനുസരിച്ച് നടത്തിയ ആദ്യ ആക്രമണ ശ്രമമായിരുന്നു ഇത്. കൂട്ടമാനഭംഗത്തിന് ഇരയാക്കി വിഡിയോ പകർത്താനായിരുന്നു നിർദ്ദേശം. ഇതിനായി വാഹനത്തിന്റെ മധ്യത്തിൽ സ്ഥലവും ഒരുക്കിയിരുന്നു. ഡ്രൈവർ ക്യാബിനിൽനിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തി. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽവച്ചായിരുന്നു ഇത്.

ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിയും മ‍‍ഞ്ജുവും കാവ്യയും സാക്ഷികൾ

കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച് ഒന്നാം സാക്ഷി. ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാരിയർ കേസിൽ 11–ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവൻ കേസിൽ 34–ാം സാക്ഷിയാണ്.

കുറ്റപത്രത്തിൽനിന്ന്:

∙ സിനിമയിൽനിന്ന് നടിയെ മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയിൽ അവസരം നൽകിയവരോട് നടൻ കടുത്ത നീരസം പ്രകടിപ്പിച്ചു.

∙ നടി വിവാഹിതയാകാൻ പോകുന്നതിനാൽ അതിനു മുൻപ് കൃത്യം നടത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടി സിനിമാരംഗം വിടും മുൻപ് കൃത്യം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹനിശ്ചയ മോതിരം വിഡിയോയിൽ കാണണമന്ന് പ്രത്യേകം നിർദ്ദേശിച്ചു. നടിയുടെ മുഖം വിഡിയോയിൽ കൃത്യമായി പതിയണമെന്നും ആവശ്യപ്പെട്ടതായി കുറ്റപത്രം.

∙ നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തി ഫോൺ പ്രതികൾ അഡ്വ. പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയത്. പ്രതികൾ എറണാകുളത്തെത്തി കീഴടങ്ങുന്നതിനു മുൻപായിരുന്നു ഇത്. പ്രതീഷ് ചാക്കോ ഈ ഫോൺ അഡ്വ. രാജു ജോസഫിന് കൈമാറി. ഇയാൾ ഇത് നാലര മാസത്തോളം കൈവശം സൂക്ഷിച്ചു. ദിലീപിനായി തെളിവു നശിപ്പിക്കാനും ശ്രമിച്ചു.

∙ ദിലീപ് കേസ് നൽകിയത് നിരപരാധിയെന്ന് വരുത്തിത്തീർക്കാൻ.

∙ കീഴടങ്ങും മുൻപ് പ്രതികൾ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ പോയിരുന്നതായും കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു.

∙ 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകിയതായും കുറ്റപത്രത്തിലുണ്ട്. നവംബർ ഒന്നിന് അഡ്വാൻസായി 10,000 രൂപയും നൽകിയിരുന്നു. ജോയ്സ് പാലസ് ഹോട്ടലിൽവച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സർ സുനി അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

കേസിൽ‌ 14 പ്രതികൾ, രണ്ടു പേർ മാപ്പുസാക്ഷികളാകും

ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top