Flash News

സര്‍ക്കാര്‍ ഭൂമി കൈയ്യേറി പാര്‍ട്ടി ഓഫീസുകള്‍ പണിതിരിക്കുന്നവര്‍ കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ വാളോങ്ങേണ്ട: വി.സി.സെബാസ്റ്റ്യന്‍

November 23, 2017 , ഇന്‍ഫാം

Title1തൊടുപുഴ: അധികാരത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി അത്യാഡംബര പാര്‍ട്ടിഓഫീസുകള്‍ പണിതിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വന്‍ ഭൂമാഫിയകള്‍ക്കു മുമ്പില്‍ മുട്ടുകുത്തുന്ന അധികാര കേന്ദ്രങ്ങളും കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് അവര്‍ക്കെതിരെ വാളോങ്ങണ്ടന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെയായി നിയമാനുസൃതം കൈവശംവച്ചനുഭവിച്ച് കരമടച്ച് കൃഷിചെയ്യുന്ന ഭൂമി പോലും സര്‍ക്കാര്‍ ഭൂമിയാണെന്നും, കൈയ്യേറ്റമാണെന്നും, പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും രേഖകളും വസ്തുതകളും നിലവിലുള്ള നിയമങ്ങളും മറന്ന് ഉത്തരവിറക്കുന്ന ന്യൂജനറേഷന്‍ ബ്യൂറോക്രാറ്റുകളുടെ വിജ്ഞാപനങ്ങള്‍ക്ക് നിലനില്‍പ്പില്ല. പശ്ചിമഘട്ടത്തിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി കര്‍ഷകരെ കുടിയിറക്കുവാനുള്ള ഉദ്യോഗസ്ഥ-പരിസ്ഥിതി മൗലികവാദികളുടെ രഹസ്യഅജണ്ടയ്ക്ക് സംസ്ഥാന വനം-റവന്യൂ വകുപ്പുകള്‍ ഒത്താശചെയ്യുകയാണ്. വിഷയങ്ങള്‍ പഠിക്കാതെ ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തികളായി ജനപ്രതിനിധികളും മന്ത്രിമാരും തരംതാഴുന്നത് അപമാനകരമാണ്. ഭൂവിഷയത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള മുതലെടുപ്പ് രാഷ്ട്രീയവും തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കാവും.

ഭൂമി കൈയ്യേറ്റങ്ങളും കൈയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒരു ദിവസത്തെയോ ഒരു മാസത്തെയോ സൃഷ്ടിയല്ല. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുവാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും വന്‍സാമ്പത്തിക അഴിമതിയും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലവും ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് പിന്നിലുണ്ട്. സര്‍ക്കാര്‍ ഭൂമി വന്‍കിടക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തീറെഴുതിക്കൊടുത്ത ഉദ്യോഗസ്ഥ മാഫിയകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ സാധിക്കാത്ത സംസ്ഥാന റവന്യൂ വകുപ്പിന്റെ നിലപാടുകള്‍ അപഹാസ്യമാണ്.

മാധ്യമശ്രദ്ധ കിട്ടുന്ന മൂന്നാര്‍, മാര്‍ത്താണ്ഡം, കായല്‍ കൈയ്യേറ്റ വിഷയങ്ങളില്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന റവന്യൂ മന്ത്രിയും കേരളത്തിലെ അഞ്ചുലക്ഷത്തില്‍പരം ഏക്കര്‍ സര്‍ക്കാര്‍ഭൂമി വന്‍കിട കൈയ്യേറ്റക്കാരില്‍നിന്നും ഒഴിപ്പിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ടിന്മേല്‍ കുറ്റകരമായ മൗനംപുലര്‍ത്തുന്നത് ഇരട്ടത്താപ്പാണ്. രാജമാണിക്യം റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ ആകെ സര്‍ക്കാര്‍ ഭൂമിയുടെ 58%വും ടാറ്റ, ഹാരിസണ്‍ മലയാളം, ടി.ആര്‍.ആന്റ് ടി.തുടങ്ങിയ വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എം.ജി.രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ കര്‍ഷകരുടെമേല്‍ കുതിരകയറുന്നത് വിലപ്പോവില്ല.

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ലോകപൈതൃക സമിതിക്കു സമര്‍പ്പിച്ച് പശ്ചിമഘട്ടമൊന്നാകെ പരിസ്ഥിതിലോലമാക്കി പരിസ്ഥിതി സംരക്ഷണത്തിന് വന്‍ വിദേശ സാമ്പത്തികസഹായം നേടിയെടുക്കുവാന്‍ ശ്രമിച്ചവരുടെ ഗൂഢതന്ത്രങ്ങള്‍ ജനകീയ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടപ്പോള്‍, വനവിസ്തൃതി ഉയര്‍ത്തിക്കാട്ടാന്‍ തലമുറകളായി കൈവശമിരിക്കുന്ന കര്‍ഷകരുടെ ഭൂമിയുടെ പട്ടയങ്ങള്‍ റദ്ദുചെയ്തും, കുടിയിറങ്ങാന്‍ നോട്ടീസുനല്‍കിയും, നികുതിയടയ്ക്കുന്നത് നിഷേധിച്ചും വനം-റവന്യൂ വകുപ്പുകള്‍ നടത്തുന്ന ധിക്കാരനീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top