റബര്‍ ഉത്തേജകപദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹം: ഇന്‍ഫാം

Title1കോട്ടയം: റബറിന്‍റെ വിലത്തകര്‍ച്ചയില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏക ആശ്വാസമായ സംസ്ഥാന സര്‍ക്കാരിന്‍റെ റബര്‍ ഉത്തേജകപദ്ധതി പ്രവര്‍ത്തനരഹിതമാക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ധനമന്ത്രിയും റബര്‍ ഉത്തേജകപദ്ധതി മുടക്കമില്ലാതെ തുടരുമെന്ന് ആവര്‍ത്തിച്ചുപറയുമ്പോഴും കഴിഞ്ഞ ഏഴ് മാസക്കാലമായി കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ സബ്സിഡി തുക യാതൊന്നും ലഭിച്ചിട്ടില്ല. റബര്‍ ഉത്തേജകപദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോള്‍. ആദ്യഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ 300 കോടിയും ഈ സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ 500 കോടിയും കഴിഞ്ഞ ബജറ്റില്‍ 500 കോടിയും അനുവദിച്ചതുള്‍പ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയില്‍ വകയിരുത്തിയത്. 4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 3.44 ലക്ഷം കര്‍ഷകര്‍ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 2017 ജൂണ്‍ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണിവിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ജൂണ്‍മാസം മുതലുള്ള ബില്ലുകള്‍ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്‍റെ ബാക്കിയായ 23.76 കോടി രൂപ ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

റബര്‍ പ്രതിസന്ധി രൂക്ഷമായിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴും ചര്‍ച്ചകളും പ്രഹസനങ്ങളുമായി കര്‍ഷകരെ വിഢികളാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റബര്‍ബോര്‍ഡാകട്ടെ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. പാര്‍ട്ട് ടൈം ചെയര്‍മാന്‍ ഇതുവരെയും റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് എത്തിച്ചേരാത്തത് കേന്ദ്രസര്‍ക്കാരിന്‍റെ റബര്‍ മേഖലയോടുള്ള നിഷേധനിലപാടും അവഗണനയുമാണ് വ്യക്തമാക്കുന്നത്. റബറിനെ കാര്‍ഷിക ഉല്പന്നമായി പ്രഖ്യാപിക്കണമെങ്കില്‍ ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കണം. എന്നാല്‍ ഡിസംബര്‍ 10ന് അര്‍ജന്‍റീനയില്‍ ആരംഭിക്കുന്ന ഡബ്ലിയുടിഒ മന്ത്രിതല സമ്മേളനത്തിന്‍റെ നിലവിലുള്ള അജണ്ടകളിലൊന്നും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം വിവിധ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നുള്ള നിലപാട് അംഗീകരിക്കപ്പെടുവാനും സാധ്യതയേറുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുവെന്നും വി.സി.സെബാസ്റ്റന്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Print Friendly, PDF & Email

Related News

Leave a Comment