ജറുസലേമിനെ ഇസ്രയെല്‍ തലസ്ഥാനമാക്കാനുള്ള ട്രം‌പിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം; യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന്

694940094001_5671651507001_5671626315001-vsയുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ദശകങ്ങളായുള്ള യുഎസ് നയം മാറ്റിമറിച്ച് ജറുസലേമിനെ ടെല്‍ അവീവിനു പകരം ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പശ്ചിമേഷ്യയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നല്‍കിയത്. ട്രംപിന്റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്ന യുഎസ് തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് ബ്രിട്ടന്‍ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ തീരുമാനം വഴിവെക്കൂ എന്നും തെരേസ മേയ് വ്യക്തമാക്കിയിരുന്നു.

യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള യുഎസിന്റെ തീരുമാനത്തെ തങ്ങള്‍ എതിര്‍ക്കുന്നതായും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിന്റെ ഈ തീരുമാനം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടന്‍ എംബസി ഇസ്രായേലിലേക്ക് മാറ്റാതെ ടെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തണമെന്നും ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നമുള്ളതിനാല്‍ ജറുസലേമിലേക്ക് മാറ്റുന്നതിനെ ബ്രിട്ടന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും തെരേസ മേയ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജറുസലേം, ഗാസ എന്നിവടങ്ങളില്‍ ആക്രമണത്തിന് വഴിയൊരുക്കുമെന്നും ഇതിനാല്‍ ഇവിടം കനത്ത സുരക്ഷയിലാണെന്നും തെരേസ മേയ് പറഞ്ഞു. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ആക്രമണ സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News