സര്‍ക്കാറിനെതിരെ അവിശ്വാസ ചുഴലി (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

sarkarinethire banner1കടല്‍ത്തീര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീരും കാത്തിരിപ്പും രോഷപ്രകടനങ്ങളും തുടരുകയാണ്. ഓഖി കൊടുങ്കാറ്റ് പലരുടെയും ജീവനും ജീവിതങ്ങളും തകര്‍ത്തു കടന്നുപോയി. ആഴക്കടലൊരു മരണച്ചുഴിയായി ഹുങ്കാരം മുഴക്കി മാറുകയാണെന്നും അത് തീരക്കടലിനെയും തീരങ്ങളെയും തകര്‍ത്തേക്കുമെന്നും ആരും മുന്നറിയിപ്പു നല്‍കിയില്ല. കടലില്‍ പോകരുതെന്നും നേരത്തെ പോയവര്‍ ഉടന്‍ മടങ്ങണമെന്നും അറിയിക്കേണ്ട ബാധ്യത നിറവേറ്റിയില്ല.

PHOTOഇത് നിര്‍വ്വഹിക്കേണ്ടിയിരുന്ന ദുരന്ത നിവാരണ അഥോറിറ്റിയും മറ്റു സംവിധാനങ്ങളുമിവിടെയുണ്ട്. ചില്ലറക്കാരൊന്നുമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയെപോലുള്ള വരുമാണ് അവരെ നേരില്‍ നയിക്കുന്നത്. ആരൊക്കെ സ്വയം ന്യായീകരിച്ചാലും പരസ്പരം കുറ്റം ചാര്‍ത്തിയാലും സത്യം അവശേഷിക്കുന്നു. ആ ചുമതല നിര്‍വ്വഹിക്കുന്നതില്‍ നേതൃത്വങ്ങള്‍തന്നെ ആദ്യം പരാജയപ്പെട്ടു.

ദുരന്തത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുകയും പരിക്കേറ്റും അവശരായും ആശുപത്രികളിലാവുകയും ആശ്രയമറ്റതിന്റെ അപ്രതീക്ഷിത അനിശ്ചിതത്വത്തില്‍ ശൂന്യമായ ജീവിതത്തിനുമുമ്പില്‍ മരവിച്ചുനില്‍ക്കുകയും ചെയ്ത ആയിരക്കണക്കില്‍ മത്സ്യത്തൊഴിലാളികളോടും കുടുംബങ്ങളോടും ആദ്യം നമുക്കു മാപ്പിരക്കേണ്ടതുണ്ട്. പ്രകൃതി അടിച്ചേല്‍പ്പിച്ച ആകസ്മിത ദുരന്തത്തെക്കാള്‍ പൊറുക്കാന്‍ വയ്യാത്ത ഏറ്റവും വലിയ ക്രൂരതയും അവഗണനയും കാട്ടി അവരുടെ നഷ്ടത്തിനും നിത്യവേദനയ്ക്കും കാരണക്കാരായ ഭരണാധികാരികളുടെ പേരില്‍. കാരണം ജനാധിപത്യ ബോധമുള്ള നമ്മെളെല്ലാം ചേര്‍ന്ന ഈ സമൂഹമാണല്ലോ അധികാരത്തിലേക്ക് അവരെ തെരഞ്ഞെടുത്തത്.

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ മൃതരായും ജീവനോടെയും തീരത്തെത്തിക്കുന്ന ജോലി നാവിക-വ്യോമ മറൈന്‍ കപ്പലുകളും വിമാനങ്ങളും ഇപ്പോഴും തുടരുകയാണ്. ഏറ്റവുമേറെ നഷ്ടം ഏറ്റുവാങ്ങേണ്ടിവന്ന കേരളത്തിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന തീരങ്ങളിലും ദുരന്തനിവാരണ സേനയും ഔദ്യോഗിക സംവിധാനങ്ങളും രാപകല്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്. അവരുടെ നിശബ്ദ സേവനത്തിന് രാജ്യമാകെ അവരോട് കടപ്പെട്ടിരിക്കുന്നു.

നേരില്‍ കാണാത്ത ദൈവത്തെ മനുഷ്യരൂപത്തില്‍ കാണുന്ന അപൂര്‍വ്വ നിമിഷങ്ങളുണ്ട്. പ്രിയപ്പെട്ടവരെ ജീവനോടെ തിരിച്ചുകൊണ്ടുവരാന്‍ ദൈവത്തിന് തുല്യമായി അവര്‍ വിളിച്ചതും പ്രാര്‍ത്ഥിച്ചതും സംസ്ഥാന – കേന്ദ്ര ഭരണാധികാരികളെയാണ്. അവരുടെ വിളിയുടെ പരിധിക്കും പുറത്തായിരുന്നു പക്ഷെ പ്രക്ഷുബ്ധമായ പുറംകടലിലേക്ക് സഹായഹസ്തമെത്തിക്കേണ്ട അധികാരി ദൈവങ്ങള്‍. എന്തിന്, ദിവസങ്ങള്‍ ഇത്രകഴിഞ്ഞിട്ടും ജീവിച്ചോ മൃതരായോ കടലില്‍ അവശേഷിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ കൃത്യമായ, വിശ്വസിപ്പിക്കാവുന്ന കണക്കുപോലും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അവരോടും അവരെ നഷ്ടപ്പെട്ടവരോടും മാപ്പിരക്കാന്‍ നമ്മുടെ അധികാരികള്‍ക്കാവുന്നില്ലെങ്കില്‍ മനുഷ്യത്വമുള്ള ഈ സമൂഹത്തിന് ആ ബാധ്യത നിര്‍വ്വഹിച്ചേ തീരൂ.

നമ്മുടെ പ്രധാനമന്ത്രി ഈ ദിവസങ്ങളില്‍ ജന്മനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ പരിഗണന സ്വന്തം പാര്‍ട്ടിയെ വീണ്ടും എങ്ങനെ അധികാരത്തിലെത്തിക്കും എന്നതായിരുന്നു. പ്രധാനമന്ത്രിയാകട്ടെ ഏറ്റവുമേറെ ജീവനുകള്‍ നഷ്ടപ്പെട്ട, ഇനിയും ആളുകള്‍ തിരിച്ചെത്തിയിട്ടില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഫോണില്‍ വിവരം തേടാന്‍പോലും മുതിര്‍ന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നേതാക്കളും മന്ത്രിമാരും മുന്നറിയിപ്പ് കൊടുങ്കാറ്റായി വളര്‍ന്ന് ദുരന്തം വിതച്ച ദിവസങ്ങളില്‍ എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? ഇനിയും വ്യക്തമല്ല.

ബോധപൂര്‍വ്വമല്ലാത്ത വീഴ്ചപോലും ഭരണാധികാരി (രാജാവ്) ഏറ്റെടുക്കണമെന്നതാണ് ഭാരതീയ ഇതിഹാസങ്ങളിലെ സങ്കല്‍പ്പം. അതിന്റെ ശിക്ഷ ഏറ്റെടുക്കേണ്ടിവരുമെന്നും. ദശരഥ മഹാരാജാവ് ശബ്ദം കേട്ട മുറയ്ക്ക് അമ്പയച്ചത് ഉപദ്രവകാരിയായ കാട്ടാനയാണെന്നു ധരിച്ചാണ്. വയോധികരും അന്തരുമായ മാതാപിതാക്കള്‍ക്ക് ദാഹജലം കുടത്തില്‍ നിറക്കുന്ന ബാലന്റെ ജീവനാണ് അറിയാതെ രാജാവിന്റെ അസ്ത്രമെടുത്തത്. രാമനെ വനവാസത്തിന് അയക്കേണ്ടിവന്നതും പുത്രവിരഹമേറ്റുവാങ്ങി ദശരഥന്‍ മരണപ്പെട്ടതും ഇതിഹാസങ്ങള്‍ ചരിത്രമായി വ്യാഖ്യാനിക്കുന്ന പ്രധാനമന്ത്രിക്കെങ്കിലും പരിചിതമാണ്.

232381adc5cfab464bf48dbec4c65392ആദ്യത്തെ പിഴവിനുശേഷം ദുരന്തത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനും രക്ഷിക്കാനും നാവിക- വ്യോമസേനയും തീരദേശസേനയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ഏകോപിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ ഒട്ടും കുറച്ചുകണ്ടുകൂട. പ്രത്യേകിച്ചും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അമ്മയുടെയും സഹോദരിയുടെയും സ്ഥാനത്തുനിന്നുകൊണ്ട് സാന്ത്വനിപ്പിച്ചതും ദുരിതാശ്വാസപ്രവര്‍ത്തനം കാര്യക്ഷമമാക്കിയതും.

എന്നാല്‍ മനുഷ്യജീവന്റെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി വളരെ പരിമിതപ്പെടുത്താമായിരുന്നു. സാഹചര്യങ്ങള്‍ മാറ്റിമറിച്ച് സൃഷ്ടിക്കപ്പെട്ട ദുരന്തം ഒഴിവാക്കിയിരുന്നെങ്കില്‍. ഗൗരവമായ തെറ്റുകളും ഭരണപരമായ വീഴ്ചകളുമാണ് ഓഖി ദുരന്തം വലിച്ചുപുറത്തിട്ടിരിക്കുന്നത്:

– കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിലുള്ളപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍പോലും പക്ഷപാതവും നിസ്സഹകരണവും പ്രകടമാകുന്നു. അപകടകരമായ കക്ഷിരാഷ്ട്രീയമാണ് ഭരണതലത്തില്‍ നിലനില്‍ക്കുന്നത്.

– കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തമ്മില്‍ മാത്രമല്ല ഈ അവസ്ഥയുള്ളത്. ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഭരണത്തിലും സംസ്ഥാനത്ത് ഞാനെന്ന ഭാവവും സി.പി.എം-സി.പി.ഐ പോരും ദുരിതാശ്വാസകാര്യത്തില്‍പോലും അടിയന്തര പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തി.

– പിണറായി വിജയനെപോലെ കാര്യപ്രാപ്തിയുള്ള ഒരു മുഖ്യമന്ത്രി അധ്യക്ഷനായിട്ടും ദുരന്തനിവാരണ അഥോറിറ്റി തന്നെ ദുരന്തമായി. ശാസ്ത്രവിദഗ്ധര്‍ക്കു പകരം കൃത്യാന്തരബാഹുല്യമുള്ള മന്ത്രിമാര്‍തന്നെ അത് കൈയ്യടക്കി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി മനസ്സിലാക്കുന്നതിലും മത്സ്യത്തൊഴിലാളികളില്‍ എത്തിക്കുന്നതിലും പരാജയപ്പെട്ടു.

– അധികാരത്തില്‍വന്ന് ഒന്നര വര്‍ഷമായിട്ടും നൂറു ശതമാനം കേന്ദ്ര സഹായമുള്ള ഈ സംവിധാനം കാര്യക്ഷമവും പ്രവര്‍ത്തനക്ഷമവുമാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. ദുരന്ത നിവാരണത്തിന് അത്യാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനോ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി പുനരാവിഷ്‌ക്കരിക്കുന്നതിനോ നടപടിയുണ്ടായില്ല. സംവിധാനം ഒരു വെള്ളാനയായി കട്ടപ്പുറത്തു കിടന്നു.

FOCUS_NOW– ഭരണ സംവിധാനങ്ങള്‍ സുതാര്യവും വികേന്ദ്രീകൃതവും ജനാധിപത്യപരവും ആക്കുന്നതിനു പകരം വ്യക്തി കേന്ദ്രീകൃതമാകുന്നതിന്റെ അപകടം കേരളം അനുഭവിച്ചറിഞ്ഞു. ജനകീയാസൂത്രണത്തിന്റെ സ്രഷ്ടാക്കളെന്ന് അവകാശപ്പെട്ടുപോന്ന ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്മെന്റ് ജനപങ്കാളിത്തമില്ലാതെ മുന്നോട്ടുപോകുന്നതിന്റെ തുറന്നകാഴ്ചയായി ഈ ദുരന്തം. ജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യഥാര്‍ത്ഥ അകലം കൃത്യമായും ദയനീയമായും ഈ ദുരന്തം വെളിപ്പെടുത്തി.

– സമൂഹത്തിന്റെ ഏറ്റവും പിന്നോക്കതലത്തില്‍ കഴിയുന്ന നമ്മുടെ മത്സ്യത്തൊഴിലാളികളും സര്‍ക്കാറും തമ്മിലുള്ള ഭരണപരമായ ബന്ധം സംബന്ധിച്ച വിടവും പ്രകടമായി. കേരളത്തിന്റെ സമ്പത്തിനും വരുമാനത്തിനും സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെയും ഏറ്റവുമേറെ ആശ്രയിക്കുന്ന മത്സ്യത്തൊഴി ലാളികളെ അവഗണിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടു. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും അവര്‍ക്കു നല്‍കിയ ആശ്വാസനടപടികള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ ഗുരുതരമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഈ മേഖലയിലുള്ള സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തന ബന്ധവും അതീവ ദയനീയമാണെന്നും ബോധ്യപ്പെട്ടു.

– ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഏതറ്റം വരെയും എന്ന് പറയാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ടസമയത്ത് പോയില്ല. ദുരിതാശ്വാസ പാക്കേജ് ചര്‍ച്ചചെയ്തു തീരുമാനിച്ചത് ഏകപക്ഷീയമായെന്നും പരാതിയുയര്‍ന്നു. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗത്തില്‍ മുന്‍ഗണന വെച്ച് മുഖ്യമന്ത്രിക്ക് ബുള്ളറ്റ്പ്രൂഫുള്ള രണ്ട് കാറുകള്‍ വാങ്ങുന്ന കാര്യവും ചര്‍ച്ചചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Kanyakumari: Union Minister for Defence, Nirmala Sitharaman meeting with the people affected by Cyclone Ockhi in the flood-hit Kanyakumari district on Sunday. PTI Photo (PTI12_3_2017_000188B)

– പരമ്പരാഗതമായി കടലിലും കരയിലും ദുരന്തങ്ങള്‍ക്കിടയില്‍ പൊരുതി ജീവിക്കുന്ന മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കിടയില്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും വിവരങ്ങളും ജീവിതവും അറിയുന്നത് മതമേധാവികള്‍ക്ക് മാത്രമാണെന്ന് വെളിപ്പെട്ടു. ആറുപതിറ്റാണ്ടായി ജനാധിപത്യ ഭരണത്തിന്റെ നടത്തിപ്പുകാരായ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ അവിടെ പരിധിക്കു പുറത്താണെന്നും വെളിപ്പെട്ടു.

– ഏറ്റവും വലിയ അപകടം ജനങ്ങളെ സംരക്ഷിക്കുക എന്ന ഭരണകൂടത്തിന്റെ ചുമതല എല്‍.ഡി.എഫ് ഗവണ്മെന്റ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതാണ്. അതവര്‍ തിരിച്ചറിയുന്നില്ലെങ്കിലും. തീരദേശത്തെ മഹാദുരന്തം വിഴുങ്ങിയപ്പോള്‍ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആത്മരക്ഷയ്ക്ക് പൂര്‍ണ്ണമായി വിശ്വസിച്ചതും ആശ്രയിക്കേണ്ടിവന്നതും മതമേധാവികളെയും അവരുടെ ആരാധനാലയങ്ങളെയുമാണ്. ആരാധനാലയത്തോടും പുരോഹിതരോടുമുള്ള വിശ്വാസവും ബന്ധവും തീര്‍ത്തും വ്യക്തിപരമാണ്. അവര്‍ക്കു ലഭിക്കുന്ന സാന്ത്വനവും സഹായവും തീര്‍ത്തും ന്യായവും. എന്നാല്‍ ജനാധിപത്യ ഭരണക്രമത്തില്‍ ഭരണകൂടത്തില്‍ നിന്നു വേറിട്ടു നില്‍ക്കേണ്ട മതം സര്‍ക്കാറിനു പകരം വെക്കേണ്ടിവരുന്നത് ശരിയല്ല. ഇടതുപക്ഷ ഭരണത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ വീഴ്ച ഇവിടെ സംഭവിച്ചിട്ടുണ്ട്.

ഇടതു- ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരണപരവും രാഷ്ട്രീയവുമായ രണ്ട് സുപ്രധാന പാഠങ്ങള്‍ മേല്പറഞ്ഞ അനുഭവങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമാണ്. അതിന് ഗൗരവവും പക്വവുമായ തിരുത്തലുകള്‍ക്ക് മുഖ്യമന്ത്രിയും സി.പി.എം – സി.പി.ഐ നേതൃത്വങ്ങള്‍ പ്രത്യേകിച്ചും, എല്‍.ഡി.എഫ് നേതൃത്വം പൊതുവെയും വിധേയമാകേണ്ടതുണ്ട്. ഒറ്റയ്ക്കും കൂട്ടായും അതിന് തയാറാകേണ്ടതും.

NIRMala_sitharamanഅവിചാരിതമെങ്കിലും ഓഖി കൊടുങ്കാറ്റ് സൃഷ്ടിച്ച ദുരന്തങ്ങളോട് പ്രതികരിച്ചതില്‍ പറ്റിയ വീഴ്ച ഈ സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ ഇന്നത്തെ അവസ്ഥയുടെ പൊതു ദര്‍ശനമാണ്. ഒരു ജനപക്ഷ ഗവണ്മെന്റ് എന്ന നിലയിലേക്ക് സര്‍ക്കാറിനെ ഇനിയെങ്കിലും മാറ്റണമെന്നുണ്ടെങ്കില്‍ എല്ലാ തലങ്ങളിലും ഉടച്ചു വാര്‍ക്കലുകളും നവീകരണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള സമയം അതിക്രമിച്ചെങ്കിലും.

മുന്‍ സര്‍ക്കാറുകളുടെ തെറ്റുകുറ്റങ്ങളോട് താരതമ്യപ്പെടുത്തുന്ന ഗൃഹപാഠങ്ങളില്‍ മുഴുകിയുള്ള പോക്ക് ഉഴുത ചാലുകളില്‍തന്നെ ഉഴുത് ശൂന്യതയിലേക്ക് എത്തിച്ചേരലാണ്. അടിയന്തരവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള നവീകരണവും പശ്ചാത്തല സൗകര്യമൊരുക്കലും ഇനിയും താമസിച്ചുകൂടാ. ഇനിയെങ്കിലും ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുത്തേ തീരൂ. ഇതെല്ലാം ‘ക്ലീന്‍ സ്റ്റേറ്റില്‍’ തുടങ്ങിയാലേ പരിഹാരമാകുകയുള്ളൂ. ഇത് ജനങ്ങളുടെ ഗവണ്മെന്റാണെന്ന് ബോധ്യമാകുന്നില്ലെങ്കില്‍ ബോധ്യപ്പെടുംവിധം പ്രവര്‍ത്തിക്കണം. അതിനുള്ള ഇച്ഛാശക്തിയും വിനയവും ജനങ്ങള്‍ക്കു ബോധ്യമാകണം.

ജനങ്ങളുടെ സേവകരാണ് എന്ന തിരിച്ചറിവിലേക്ക് ഇടത് രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും മാറിയേതീരൂ. തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രം ശരി എന്ന നിലയ്ക്ക് ഫ്യൂഡല്‍ പ്രഭുക്കളെ പ്പോലെ ജനങ്ങളുടെ ശരാശരി വിവേകത്തിനും വിമര്‍ശന ബുദ്ധിക്കുംമേലെ കുതിരകേറാനുള്ള അധികാരമുണ്ടെന്ന ഭാവം കയ്യൊഴിഞ്ഞേതീരൂ.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ പ്രശ്‌നങ്ങളും മുന്‍ഗണനകളും നേരിട്ടറിയുന്നവരുണ്ട്. ദൈനംദിനം ജനങ്ങളുടെ പ്രശ്‌നങ്ങളുന്നയിക്കുന്ന മാധ്യമങ്ങളും. അവരെയൊക്കെ വിശ്വാസത്തി ലെടുക്കേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുകയാണ് എല്‍.ഡി.എഫ് നേതൃത്വം ചെയ്യേണ്ടത് – തുല്യ പങ്കാളിത്തവും അവകാശങ്ങളും ഉത്തരവാദിത്വവുമുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് അവരെങ്കില്‍.

തെറ്റുകള്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ഒപ്പം തിരുത്തുകയുമാണ് ജനാധിപത്യത്തില്‍ ഭരണാധികാരികളും അവരെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ചെയ്യേണ്ടത്. തെറ്റുപറ്റി യാല്‍പോലും ജനങ്ങള്‍ ക്ഷമിക്കും. വിശ്വാസത്തിലെടുക്കും. അങ്ങനെ ചെയ്യുന്നത് ദൗര്‍ബല്യമോ കുറച്ചിലോ ആയിക്കരുതി മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ ഏറെ വൈകാതെ നേരിടുന്നത് വലിയൊരു രാഷ്ട്രീയദുരന്തമായിരിക്കും.

തീരദേശത്തെ ജനമനസ്സുകളില്‍ സംസ്ഥാന ഭരണാധികാരികള്‍ക്കെതിരെ രൂപപ്പെട്ടുകഴിഞ്ഞ അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും വികാരം കുറച്ചുകാണേണ്ട. ഈ ഗവണ്മെന്റിന്റെതന്നെ ദുരന്തത്തിലേക്കു നയിക്കുന്ന ഒരു രാഷ്ട്രീയ ചുഴലികൊടുങ്കാറ്റായി അതിനെ വളര്‍ത്തരുത്.

ആശ്രയമറ്റവരും വാര്‍ദ്ധ്യക്യത്തില്‍ ഒറ്റപ്പെട്ടവരും മുഖ്യധാരയില്‍നിന്നുതന്നെ ഒറ്റപ്പെട്ടു കഴിയുന്നവരുമായ സമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന്റെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. പകയോടും രോഷത്തോടും അഹംഭാവത്തോടും അവരോട് പ്രതികരിക്കുകയല്ല. ദുരന്തമേറ്റുവാങ്ങിയ ഒരു ജനതയുടെ സ്‌നേഹവും വിശ്വാസവും എങ്ങനെ വീണ്ടെടുക്കുമെന്നാണ് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ടത്. ഉപദേശി വൃന്ദത്തിന്റെയും ന്യായീകരണ തൊഴിലുറപ്പു പദ്ധതിക്കാരുടെയും സ്തുതിപാഠനത്തില്‍ സ്വയം നിര്‍വൃതികൊള്ളുകയല്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment