ഇ. ചന്ദ്രശേഖരന്‍നായര്‍ – ജനകീയതയുടെ, ജനങ്ങളുടെ നേതാവ് (ലേഖനം)

chandrasekhar banner1പ്രത്യയശാസ്ത്രത്തോടൊപ്പം ആദര്‍ശജീവിതം നയിച്ച കമ്മ്യൂണിസ്റ്റുകാരന്‍, ലളിത ജീവിതം വാക്കിലും പ്രവര്‍ത്തിയിലും കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവ്, ഭരണചക്രം പല പ്രാവശ്യം കൈകളിലേന്തിയിട്ടും അഴിമതിയുടെ കറ പുരളാത്ത ഭരണാധികാരി, തൂവെള്ള വസ്ത്രത്തിന്‍റെ മാറ്റിനൊപ്പം ജീവിച്ച വ്യക്തി അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരനുണ്ടായിരുന്നത്.

ആദര്‍ശം കേവലം വാക്കുകളിലൂടെ മാത്രം ഉരുവിട്ടുകൊണ്ട് രാഷ്ട്രീയം നയിക്കുകയും ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒരു പക്ഷേ അപവാധമാണ് ഇ. ചന്ദ്രശേഖരന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആരാണ് അയാളുടെ വാക്കും പ്രവര്‍ത്തിയും എന്താണ് അയാളുടെ ഉത്തരവാദിത്വങ്ങള്‍ എന്താണ് അങ്ങനെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടിയാണ് ഇ. ചന്ദ്രശേഖരന്‍.

പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവായി അദ്ദേഹത്തെ കാണാന്‍ കഴിയില്ല. പ്രായോഗിക രാഷ്ട്രീയം ഇന്ന് അഴക് കണ്ട് അപ്പനെ വിളിക്കുന്നതാണ്. സ്വന്തം കീശയും കുടുംബത്തിന്‍റെ നിലനില്‍പുമാണ് ഇന്നത്തെ പ്രായോഗിക രാഷ്ട്രീയം. വിപ്ലവരാഷ്ട്രീയം മൊത്തമായും ചില്ലറയായും വില്‍ക്കുന്നതാണ് പ്രത്യയരാഷ്ട്രീയക്കാരുടെ ഇന്നത്തെ പ്രായോഗിക രാഷ്ട്രീയം. അങ്ങനെ പ്രായോഗിക രാഷ്ട്രീയം ഇന്ന് സ്വന്തം നിലനില്‍പിന്‍റെ ഭാഗമായി മാറുന്നു.

അങ്ങനെയൊരു പ്രായോഗിക രാഷ്ട്രീയമായിരുന്നില്ല ഇ. ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ നേതാവിന്‍റെ രാഷ്ട്രീയം. കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് അഭിമാനത്തോടെ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് രാഷ്ട്രീയത്തില്‍ തിളങ്ങിയ ഇ. ചന്ദ്രശേഖരന്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത നേതാവായിരുന്നു. രാഷ്ട്രീയത്തിലെ ബഹളങ്ങളേക്കാള്‍ പൊതു പ്രവര്‍ത്തകന്‍റെ നിശബ്ദ പ്രവര്‍ത്തനമായിരുന്നു ഇ. ചന്ദ്രശേഖരന് ഏറെ ഇഷ്ടം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തിന്‍റെ ബഹളങ്ങളില്‍ പെടാതെ നിശബ്ദമായ ജനസേവനമായിരുന്നു അദ്ദേഹത്തിന്‍റേത്.

ആദ്യ നിയമസഭ തൊട്ട് നിരവധി സഭകളില്‍ അംഗമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായനാര്‍ മന്ത്രിസഭകളിലെ സ്ഥിരാംഗമായിരുന്നു എന്നു പറയാം. ഭക്ഷ്യം പൊതുവിതരണം എന്നിവയില്‍ കൂടി തുടക്കം കുറിക്കുകയും ആരോപണങ്ങളില്‍ നിന്നെല്ലാം അതിനെ മുക്തമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു. പൂഴ്ത്തിവെയ്പും കരിഞ്ചന്തയും കൊടികുത്തിവാണ റേഷന്‍ കട എന്ന ദുര്‍ഭൂതത്തെ ജനങ്ങളുടെ ജനസേവന കടയാക്കി മാറ്റാന്‍ അദ്ദേഹം ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ പരമാവധി ശ്രമിച്ചുയെന്നു വേണം പറയാന്‍.

മന്ത്രിയായിരുന്ന വേളകളില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും റേഷന്‍ കടകളില്‍ നടക്കുന്നത് തടയാന്‍ മിന്നല്‍ പരിശോധനയും മറ്റും നടത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അത് ഉറപ്പു വരുത്തുകയും ചെയ്തു. മന്ത്രി തന്നെ നേരിട്ട് പല റേഷന്‍ കടകളിലും എത്തി മിന്നല്‍ പരിശോധനകള്‍ നടത്തുകയുമുണ്ടായിട്ടുണ്ട്. ഉത്തരവുകള്‍ ഇടുക മാത്രമല്ല അത് പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക അദ്ദേഹത്തിന്‍റെ ഒരു സവിശേഷതയായിരുന്നു. അതുകൊണ്ടാണ് മന്ത്രി തന്നെ നേരിട്ടെത്തി പരിശോധനകള്‍ നടത്തിയത്. സെക്രട്ടറിയേറ്റും നിയമസഭയുമായി മാത്രം ഒതുങ്ങിക്കഴിയാതെ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ ശ്രമിച്ചിട്ടുണ്ട്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓണചന്തകളും മാവേലിസ്റ്റോറുകളും. അഭൂതപൂര്‍വ്വമായ നിരക്ക് ഓണക്കാലത്ത് ഉണ്ടായിരുന്ന കാലത്താണ് ഓണചന്തയും മാവേലിസ്റ്റോറും അദ്ദേഹം തുടങ്ങിയത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വ്യാപാരികള്‍ സാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതലാക്കാറുണ്ടായിരുന്നു. ജനങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു അക്കാലത്ത് സാധനങ്ങളുടെ വില. ഓണം കഴിയുമ്പോള്‍ കുടുംബം വില്‍ക്കേണ്ടഗതിയെന്ന രീതി യിലായിരുന്നു അന്ന് ഉണ്ടായിരുന്ന സ്ഥിതി. ഇതിന് ഒരു പരിഹാരമെന്ന രീതിയില്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ അവശ്യസാധനങ്ങള്‍ ഓണക്കാലത്ത് നല്‍കാന്‍ വേണ്ടിയായിരുന്നു ഓണചന്തകള്‍ തുടങ്ങിയത്. തുടക്കത്തില്‍ തിരുവനന്തപുരത്തും പിന്നീട് ഓ രോ ജില്ലാകേന്ദ്രത്തിലുമായിരുന്നു തുടക്കം.

അതിന്‍റെ വിജയവും ജനപിന്തുണയും മാവേലി സ്റ്റോറുകളിലേക്ക് മാറി. ജില്ലക്കൊരു മാവേലി സ്റ്റോര്‍ എന്ന രീതിയില്‍ തുടങ്ങിയത് പിന്നീട് ഓരോ താലൂക്കിലും എന്ന രീതിയിലായി. പാമോയില്‍ എന്നത് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടായിരുന്ന ആ കാലത്ത് മാവേലി സ്റ്റോറുകളില്‍ക്കൂടി പാമോയില്‍ ഓണക്കാലത്ത് എത്തിച്ചിരുന്നത് അതും ന്യായവിലയില്‍ ഒരു അനുഗ്രഹം തന്നെയെന്നതിന് സംശയമില്ലാത്ത കാര്യമായിരുന്നു. പാമോയില്‍ വാങ്ങാന്‍ വേണ്ടി മാവേലി സ്റ്റോറുകളുടെ മുന്‍പിലെ നീണ്ട നിര ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. മാവേലി സ്റ്റോറിനെ കളിയാക്കി നിരവധി കാര്‍ട്ടൂണുകള്‍ അക്കാലത്ത് കേരളത്തിലെ പത്രങ്ങളില്‍ കൂടി വന്നിട്ടുണ്ടെങ്കിലും അത് ഒരനുഗ്രഹം തന്നെയായിരുന്നു.

സഹകരണ വകുപ്പിന്‍റെയും ചുമതല അദ്ദേഹം കുറച്ചുകാലം ഏറ്റെടുത്തിരുന്നു. ഭൂപണയ ബാങ്ക് എന്ന ദുര്‍ഭൂതത്തിന് കടിഞ്ഞാണിടാന്‍ അദ്ദേഹം ശക്തമായ നടപടിയെടുത്തിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ പതാക പാറിപ്പറത്താതെ പോലീസും പരിവാരങ്ങളുമില്ലാതെ സ്റ്റേറ്റ് കാറില്‍ ഒരു ലളിതയാത്രയായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കുണ്ടായിരുന്നത്. നിയമ സഭയിലെ ചോദ്യോത്തര വേളകളില്‍ ചോദ്യത്തിനു തക്ക ഉത്തരമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. കാടും പടലും പറഞ്ഞ് ഉത്തരത്തില്‍ നിന്നുള്ള തടിതപ്പല്‍ അദ്ദേഹത്തിന്‍റെ രീതിയായിരുന്നില്ല. എത്ര ബഹളം സഭക്കകത്ത് നടന്നാലും അദ്ദേഹം സൗമ്യനും ശാന്തനുമായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്. 84-ലെ നിയമസഭാ സംഘട്ടനത്തില്‍പോലും അദ്ദേഹം അതിരുവിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. ഇ.ചന്ദ്രശേഖരന്‍ നായരുടെ വകുപ്പില്‍ മാത്രം ഞങ്ങള്‍ക്ക് സംശയമൊന്നുമില്ലായെന്ന് ഒരിക്കല്‍ കരുണാകരന്‍ പോലും പറയുകയുണ്ടായി. അതായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്ന വ്യക്തിയുടേയും മന്ത്രിയുടേയും പ്രത്യേകത.

മഹാരഥന്മാരെകൊണ്ട് നിറഞ്ഞ 82-ലെയും 87-ലെയും നിയമസഭ അതില്‍ സി.പി.ഐ.യുടെ നിയമസഭയിലെ മുന്‍നിര നേതാക്കളില്‍ എന്നും തിളങ്ങി വിളങ്ങി നിന്നിരുന്ന നേതാക്കളായിരുന്നു വി.വി. രാഘവനും, ഇ. ചന്ദ്രശേഖരന്‍ നായരും. രാഷ്ട്രീയത്തിലെ കറകളഞ്ഞ നേതാക്കന്മാര്‍. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാര്‍ അതിലുപരി ജനത്തെ വഞ്ചിക്കാത്ത ജനകീയ നേതാക്കള്‍. തേനിനാണോ തേന്‍കട്ടക്കാണോ മധുരമെന്നപോലെ ഇവരില്‍ ആരാണ് കൂടുതല്‍ തിളക്കമെന്നപോലെ.

പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം നാടും നാട്ടുകാരുമെന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ ജനസേവനകര്‍. അതില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജനനേതാവായിരുന്നു. ആര്‍ഭാടമില്ലാതെ ആദര്‍ശത്തില്‍ ജീവിച്ച ഒരു പറ്റം ജനനേതാക്കളുടെ മണ്ണായിരുന്നു നമ്മുടെ കേരളം. അതായിരുന്നു നമ്മുടെ അഭിമാനവും അഹങ്കാരവും. ആ നേതാക്കളുടെ എണ്ണം ഇന്ന് വി രലിലെണ്ണാവുന്നത്ര ആയി മാറിയിരിക്കുന്നു. ഇ. ചന്ദ്രശേഖരന്‍നായരുടെ വിടവാങ്ങല്‍ കേവലം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. തീര്‍ത്താല്‍ തീരാത്ത നഷ്ടം എന്ന് പറയുന്നതിനേക്കാള്‍ തിരിച്ചു വരാനാകാത്ത നഷ്ടം എന്ന് പറയുന്നതാകും ശരി. ആദര്‍ശത്തിന്‍റെ മാന്യതയുടെ മൂടു പടമിടാത്ത ലാളിത്യത്തിന്‍റെ കഴിവിന്‍റെ അതിലുപരി ജനകീയതയുടെ വംശനാശം സംഭവി ച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തില്‍ അവസാന കണ്ണിയാണ് ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്ന് പറയേണ്ടതാണ്. അദ്ദേഹത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment