അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗീതു മോഹന്‍‌ദാസിന്റെ ‘ലയേഴ്സ് ഡൈയ്സ്’ പ്രേക്ഷക ശ്രദ്ധ നേടി

geethuതിരുവനന്തപുരം: ഒന്നുമുതല്‍ പൂജ്യംവരെയെന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ ഗീതു മോഹന്‍ദാസ് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ്. ഇപ്പോള്‍ സംവിധായിക എന്ന നിലയിലും ഗീതു ചുവടുറപ്പിക്കുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച ഗീതുമോഹന്‍ദാസിന്റെ ആദ്യ ചിത്രം ലയേഴ്‌സ് ഡൈയ്‌സ് മൂന്നുഷോകളും വന്‍ ജന പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം നടന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ കലാഭവന്‍ തിയേറ്റില്‍ എത്തിയ ഗീതു ലയേഴ്‌സ് ഡൈയ്‌സിന്റെ അനുഭവങ്ങളും പ്രേക്ഷകരോട് പങ്കുവെച്ചു.

ഈ ചിത്രം 2014ല്‍ പുറത്തിറങ്ങി ദേശീയ അവാര്‍ഡും നിരവധി ഫെസ്റ്റിവല്‍ അംഗീകാരങ്ങളും നേടിയെങ്കിലും ഐ.എഫ്.എഫ്.കെയില്‍ അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ താന്‍ സമ്മര്‍ദത്തിലായിരുന്നെന്ന് ഗീതു തുറന്നു സമ്മതിക്കുന്നു.’പക്ഷേ ചിത്രത്തിന് ഈ ഫെസ്റ്റിവല്‍ ഓഡിയന്‍സിനിടയില്‍ അങ്ങേയറ്റം അംഗീകാരം ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ട്. മൂന്നുഷോകളും നിറഞ്ഞു കവിയുന്ന ഓഡിയന്‍സിലായിരുന്നു പ്രദര്‍ശിപ്പിച്ചത്.’ ഗീതു പറഞ്ഞു.

ഹിമാചല്‍ പ്രദേശിന്റെ പശ്ചാത്തലത്തില്‍ റോഡ് മൂവിയായി ഹിന്ദിയിലാണ് ചിത്രം എടുത്തത്. നവാസുദ്ദീന്‍ സിദ്ദീഖിയും ഗീതാഞ്ജലി താപ്പയുമാണ് ചിത്രത്തില്‍ മുഖ്യവേഷമിട്ടത്. ഹിമാചലിലെ ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന ഗീതാഞ്ജലിയുടെ കഥാപാത്രം തന്റെ മകള്‍ക്കൊപ്പം, മാസങ്ങളായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തേടി സിംലയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇടക്ക് വെച്ച് നവാസുദ്ദീന്‍ സിദ്ദീഖിയുടെ അങ്ങേയറ്റം വിചിത്ര സ്വഭാവക്കാരനായ കഥാപാത്രം ഇവര്‍ക്ക് ഒപ്പം കൂടുന്നു.

463526353തന്റെ ഭര്‍ത്താവും ചിത്രത്തിന്റെ ക്യാമറാനും, കമ്മട്ടിപ്പാടമടക്കമുള്ള വിഖ്യാത സിനിമകളുടെ സംവിധായകനുമായ രാജീവ് രവി മുമ്പ് പറഞ്ഞ വിവാദ പ്രസ്താവനപോലെ, തിരക്കഥ കത്തിക്കണമെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും ഗീതു പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.’

പക്ഷേ തിരക്കഥ എല്ലാമല്ല. തിരക്കഥയില്‍ പറയുന്നത് കോപ്പിയടിക്കുകയല്ല ഒരു ഫിലിംമേക്കര്‍ ചെയ്യേണ്ടത്. ഈ ചിത്രത്തിന്റെ തിരക്കഥ അതിന്റെ സാഹചര്യമനുസരിച്ച് മാറുന്നതായിരുന്നു. ഉദാഹരണമായി നവാസുദ്ദീന്‍ സിദ്ദീഖി നടി ഗീതാഞ്ജലിയെ കെട്ടിപ്പിടിക്കുകയും അവര്‍ അത് തട്ടിമാറ്റുകയും ചെയ്യുന്ന രംഗം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു.

എന്നാല്‍ ഡല്‍ഹിയിലെ ഒരു ഗലിയില്‍ അവര്‍ മുഖാമുഖം കാണുന്ന ഒരു സീനില്‍ നവാസുദ്ദുന്‍ സിദ്ദീഖി പൊടുന്നനെ ഗീതാഞ്ജലിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും അമ്പരന്നുപോയ അവര്‍ കുതറിമാറുകയുമായിരുന്നു. ഈ രംഗം അങ്ങനെ തന്നെ ചിത്രീകരിക്കപ്പെട്ടു. ഷൂട്ടിങ്ങിനുശേഷം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് നവാസുദ്ദീന്‍ സിദ്ദീഖിയോട് ചോദിച്ചപ്പോള്‍ അപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി എന്നായിരുന്നു പ്രതികരണം.പക്ഷേ ചിത്രം പൂര്‍ത്തിയായി കണ്ടപ്പോള്‍ ഈ രംഗം ഏറ്റവും മനോഹരമായാണ് തോന്നിയത്’ ഗീതു പറഞ്ഞു.

ചിത്രത്തില്‍ ഗീതാഞ്ജലിയുടെ മകളായി വേഷമിട്ട ബാലതാരത്തിന്റെ പ്രകടനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.’അഭിനയത്തില്‍ യാതൊരു മുന്‍ പരിചയുവുമില്ലാത്ത, ഹിമാലല്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയാണ് അത്.ബാലതാരങ്ങളെ അഭിനയിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് ഞാന്‍ കുട്ടിക്കാലത്ത് അഭിനയിച്ചപോലുള്ള ടൈപ്പ് വേഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. തികച്ചും നാച്ചുറലായാണ് ഈ കുട്ടി അഭിനയിച്ചത്.
പക്ഷേ ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാമറ ആംഗിളും മറ്റും അവര്‍ പഠിച്ചു’ ഗീതു ചുണ്ടിക്കാട്ടി.

ഇങ്ങനെയൊക്കെയാണെങ്കിലും ലയേഴ്‌സ് ഡൈയ്‌സ് തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമവും ഗീതു പ്രേക്ഷകരുമായി പങ്കുവെച്ചു.അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും വിപണിയുടെ സമവാക്യങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്നും ഗീതു കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ടിറിങ്ങിയ പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെയാണ് ഗീതുവിനെ സ്വീകരിച്ചത്.

Liars-Dice

Print Friendly, PDF & Email

Leave a Comment