Flash News

മാലാഖമാരുടെ സന്ദേശം (ക്രിസ്തുമസ് ചിന്ത): റവ. ഫാ. ബാബു കെ മാത്യു

December 25, 2017 , റവ. ഫാ. ബാബു കെ മാത്യു

xmas banner2

എന്താണ് ? ക്രിസ്തുമസോ ? അതെ ക്രിസ്തുമസ് തന്നെ !

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവപുത്രനായ യേശുവിന്റെ ജനനം കുറിച്ച ആ നിശബ്ദ രാത്രി തന്നെ ! ആട്ടിടയന്മാര്‍ ആ രാത്രിയുടെ നിശ്ശബ്ദയാമത്തില്‍ അവരുടെ ആട്ടിന്‍ കൂട്ടങ്ങളേയും കൂട്ടികൊണ്ടു യഹൂദ്യമലകളുടെ അടിവാരങ്ങളില്‍ അവരുടെ താല്‍ക്കാലിക കൂടാരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ പെട്ടെന്നു ആകാശത്തു നിന്നും ഒരു ശബ്‍ദം അലയൊലികൊണ്ടു ! മാലാഖമാരുടെ അശരീരി കേട്ട് അവര്‍ ഞെട്ടിയുണര്‍ന്നു “ഭയപ്പെടേണ്ട ! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം” ആട്ടിടയന്മാര്‍ ആശ്ചര്യത്തോടെ ആകാശത്തേക്കു നോക്കി നിന്നു. ഈ അശരീരി എന്താണ് ? അവര്‍ അനോന്യം ചോദിച്ചു, ഈ വാര്‍ത്തയെന്ത്? ഈ ശബ്ദമെന്ത്? എന്താണ് ദൈവപ്രസാദം? എന്താണ് സമാധാനം? ഇതുവരെയും കേള്‍ക്കാത്ത, ഇതുവരെയും അനുഭവിക്കാത്ത ആ അനുഭവം എന്താണ്? ആ അശരീരി വീണ്ടും തുടര്‍ന്നു. “സര്‍വജനത്തിനും ഉണ്ടാകുന്ന ഒരു മഹാസന്തോഷം നിങ്ങളോടു അറിയിക്കുന്നു, കര്‍ത്താവായ യേശുവെന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.” എവിടെയെന്നു ചോദിക്കുന്നതിനു മുന്‍പേ തന്നെ മാലാഖ തുടർന്നു,, “നിങ്ങള്‍ ബെത്‌ലഹേമിലേക്കു പോവുക, അവിടെ നിങ്ങള്‍ക്ക് അടയാളമായിട്ടു ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”

രണ്ടു കാര്യങ്ങള്‍ ആട്ടിടയന്മാരെ ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു. 1. സര്‍വ്വ ലോകത്തിന്റെയും രക്ഷകനായ യേശു മിശിഹായുടെ വരവ് ഞങ്ങളെ അറിയിക്കാന്‍ മാത്രം ഞങ്ങള്‍ക്ക്‌ എന്ത് യോഗ്യത? 2. കര്‍ത്താവായ യേശു എന്ന ലോകരക്ഷകന്‍ ജനിക്കുന്നത് വെറും ഒരു പുല്‍ത്തൊഴുത്തിലോ?

ഇന്നും ഈ രണ്ടു ചോദ്യങ്ങള്‍ക്കും പലര്‍ക്കും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു. യഹൂദ ജനത ആകമാനം മിശിഹായുടെ വരവിനായി നൂറ്റാണ്ടുകളായി നോക്കിപ്പാര്‍ത്തിരുന്നു. പ്രവാചകന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ഈ കാര്യങ്ങള്‍ പല സമയങ്ങളിലായി പ്രവചിച്ചിരുന്നു.

ബെത്‌ലഹേമിൽ കന്യകയില്‍ ജനനമെടുത്തു ഇമ്മാനുവേല്‍ എന്ന പേര് വിളിക്കപ്പെട്ട യേശുവെന്ന മിശിഹാ അവരുടെ രക്ഷകനായി വരുമെന്ന് യഹൂദന്മാര്‍ക്കു വളരെ വ്യക്തമായി അറിയാവുന്ന, വിശ്വസിച്ചു വന്നിരുന്ന ഒരു പ്രധാന ചിന്തയായിരുന്നു. അങ്ങനെയിരിക്കെ അവരുടെ ഇടയില്‍, ആരുടെയെങ്കിലും ഒരു വലിയ കുടുംബത്തില്‍, രാജ കൊട്ടാരത്തില്‍, പുരോഹിത ഭവനങ്ങളില്‍ എവിടെയെങ്കിലും മിശിഹാ വന്നു പിറക്കാതെ അവരെയെല്ലാം പിന്തള്ളിയിട്ടു, സ്വന്തമായി ഒരു വീടുപോലുമില്ലാതെ, വെറും ഒരു പുല്‍കുടിലില്‍, ഒരു കാലിത്തൊഴുത്തില്‍, അവിടത്തെ വൃത്തിഹീനമായ സാഹചര്യത്തില്‍, കിടക്കാന്‍ മെത്തയോ, പുതക്കാന്‍ പുതപ്പോ, ധരിക്കാന്‍ വസ്ത്രമോ ഇല്ലാതെ തികച്ചും ലളിതമായ സാഹചര്യത്തില്‍ യേശുകുഞ്ഞു ബെത്‌ലഹേമില്‍ ജനിച്ചത് ആട്ടിടയന്മാര്‍ക്കു വലിയ ആശ്ചര്യം ഉളവാക്കി. ആട്ടിടയന്മാര്‍ക്കു മാത്രമല്ല, ലോകമാകെ ഈ വാര്‍ത്ത ഇന്നും ആശ്ചര്യവും അമ്പരപ്പും ഉളവാക്കുന്നു.

യേശുവിന്റെ ജനനവാര്‍ത്ത യഹൂദ സമൂഹത്തിലെ മിശിഹായെ നോക്കിപ്പാര്‍ത്തിരുന്ന മതപണ്ഡിതന്മാരെയോ, പുരോഹിതന്മാരെയോ ഒന്നും തന്നെ മാലാഖ അറിയിക്കാതെ സ്വന്തമായ ഭവനമോ, വസ്തുവകകളോ, പാണ്ഡിത്യമോ ഇല്ലാത്ത, സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ആട്ടിടയന്മാരോട് ആയിരുന്നു മാലാഖമാര്‍ ആ വാര്‍ത്ത അറിയിച്ചത്.

ദൈവീക രഹസ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്കു ആ പാവപെട്ട ആട്ടിടയന്മാരെ ദൈവം തമ്പുരാന്‍ പങ്കാളികളാക്കി. ദൈവത്തിന്റെ മഹത് പദ്ധതിയുടെ ആവിഷ്കരണം നിറവേറ്റുവാന്‍ ദൈവം തമ്പുരാന്‍ മാനുഷിക ചിന്തകള്‍ക്ക് അതീതമായ, തികച്ചും അസാധ്യമെന്നു വിധി കല്‍പ്പിക്കുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് സത്യവേദ പുസ്തകത്തില്‍ മുന്‍പും പല സംഭവങ്ങള്‍ വഴി നമ്മളെ വരച്ചു കാട്ടുന്നുണ്ട്.

വൃദ്ധദമ്പതികളായ എബ്രഹാം സാറ ദമ്പതിമാര്‍ക്ക് ഇസഹാക്ക് ജനിക്കുന്നത് മുതല്‍, മോശ എന്ന വിക്കനായ ഒരു വ്യക്തിയെ ദൈവം തെരഞ്ഞെടുത്തു ഫറവോന്റെ അടിമത്വത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ സ്വതന്ത്രരാക്കി, ചെങ്കടല്‍ ഭാഗിച്ചു യഹോവയായ ദൈവത്തിന്റെ കരങ്ങളാല്‍ വിടുവിച്ച ചരിത്രമെല്ലാം ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഒടുവില്‍ യോഹന്നാന്‍ സ്‌നാപകന്റെ ജനനവും ഒരു അതിശയത്തിന്റെ ഭാഗമാണെന്നതിനു വരിയായി മിശിഹായുടെ വരവിനു മുന്നോടിയായി വഴിയൊരുക്കുവാന്‍ വേണ്ടി ദൈവ രക്ഷാപദ്ധതിയുടെ ഭാഗമായി യോഹന്നാന്‍ സ്‌നാപകനെ നിയോഗിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.

പുല്‍ത്തൊഴുത്തോ, പുല്‍കുടിലോ, ആട്ടിടയന്മാര്‍ക്കു അപരിചിതങ്ങളായ സാഹചര്യങ്ങള്‍ ആയിരുന്നില്ല. ആട്ടിന്‍ കൂട്ടങ്ങളുമായി അവര്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരമായി ആട്ടിന്‍ കുട്ടികളുടെ ജനനവും, സംരക്ഷണവും, സമാന സാഹചര്യങ്ങളില്‍ അവര്‍ അനുഭവിച്ചിരുന്നവരാണ്. ഇത്തരുണത്തില്‍ മാലാഖമാരുടെ വാക്കുകള്‍ അവരെ വളരെ ഉത്സാഹപൂര്‍ണരാക്കി.

അവര്‍ രാപാര്‍ത്തിരുന്ന സ്ഥലത്തിന് വിദൂരമായിരുന്നില്ല ബെത്‌ലഹേം. ആ ബെത്‌ലഹേം പട്ടണത്തിലേക്കു അവര്‍ ഓടി. കീറിപ്പറിഞ്ഞ വേഷം ധരിച്ചു, മുഷിഞ്ഞ വസ്ത്രങ്ങളുമായി ആട്ടിന്‍ കൂട്ടവുമായി ഇഴുകിച്ചേര്‍ന്ന ശശീരഗന്ധം അവര്‍ക്കു ഉണ്ടായിരുന്നുവെങ്കിലും, അവര്‍ അതൊന്നും തന്നെ വക വെക്കാതെ നിഷ്കളങ്ക മനസോടെ, അമിതമായ ആവേശത്തോടെ, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ, അവര്‍ ബെത്‌ലഹേമില്‍, രാത്രിയുടെ ആ നിശബ്ദ യാമങ്ങളില്‍ ആ പുല്‍കുടിലിലെത്തി. ലോകരക്ഷകനായ യേശുശിശുവിനെ കണ്ടു വന്ദിക്കുവാനും, മാലാഖമാരൊന്നിച്ചു സ്വര്‍ഗീയ ഗാനം പാടുവാനുമുള്ള വലിയ ഭാഗ്യം ആ പാവപെട്ട ആട്ടിടയന്മാര്‍ക്കു ലഭിച്ചു. എന്തൊരു അസുലഭ നിമിഷങ്ങള്‍ !

യേശുരക്ഷകന്റെ ജനനവാര്‍ത്ത ലോകത്തെ അറിയിക്കുവാനുള്ള ഭാഗ്യം ആദ്യമായി ലഭിച്ചത് ആട്ടിടയന്മാര്‍ക്കായിരുന്നു. ദൈവപുത്രനായ യേശുവിന്റെ ജനനം വലിയവര്‍ക്കും, ചെറിയവര്‍ക്കും, ആട്ടിടയന്മാര്‍ക്കും, ജ്ഞാനികള്‍ക്കും , അജ്ഞാനികള്‍ക്കും, ഒരുപോലെ പ്രാധാന്യമുള്ളതാണ്. കാരണം മാനവരാശിയുടെ രക്ഷ എന്ന് വിവക്ഷിക്കുമ്പോള്‍ മനുഷ്യര്‍ എല്ലാവരും അതില്‍ പങ്കാളികളാണ്. ദേശീയതയോ, വംശമോ, വിഭാഗീയതോ, വ്യത്യാസമില്ലാതെ രക്ഷയെന്ന ദൈവീക പദ്ധതിയില്‍ ഉൾപ്പെടുന്നു. ഒരുപക്ഷെ യേശു രാജകൊട്ടാരത്തില്‍ ജനിച്ചിരിന്നുവെങ്കില്‍ ആ പാവപ്പെട്ട ആട്ടിടയര്‍ക്കു യേശുവിന്റ സാന്നിധ്യം കണ്ടറിയുവാനും, വന്നു നമസ്കരിക്കുവാനും സാധ്യമാവുമായിരുന്നില്ല. ദൈവപുത്രനായ യേശു എന്ന ഇമ്മാനുവേല്‍ ആട്ടിടയന്മാര്‍ക്കും സമീപസ്ഥനാണ്.

മാലാഖ അറിയിച്ച സമാധാനം ആട്ടിടയന്മാര്‍ക്കു ഒരു മാറ്റത്തിന്റെ സന്ദേശം പകര്‍ന്നു കൊടുത്തു. ആട്ടിടയരുടെ ജീവിതത്തില്‍ സ്വൈര്യമായി അവര്‍ക്കു ഉറങ്ങുവാന്‍ കഴിഞ്ഞിരുന്ന രാവുകള്‍ അന്നാളുകളില്‍ ചുരുക്കമായിരുന്നു. കാരണം ഏതു സമയത്തും ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തെ ആക്രമിക്കാന്‍ സാഹചര്യമുണ്ട്. അവരുടെ ആ ജീവിതസാഹചര്യങ്ങളില്‍ യേശുവിന്റെ സാന്നിധ്യം ചെന്നായ്ക്കളെ ചെറുക്കുവാനുള്ള ശക്തി അവര്‍ക്കു പകര്‍ന്നു നല്‍കി. ആരാണ് ശരിക്കും ഈ ചെന്നായ്ക്കള്‍? മനുഷ്യന്റെ ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന പൈശാചിക ശക്തികള്‍ തന്നെ. യേശുതമ്പുരാന്‍ അവരുടെ മുന്‍പില്‍ നല്ല ഇടയനായി ഉണ്ടായിരിക്കുമ്പോള്‍ ആട്ടിടയന്മാരും ആ വലിയ രക്ഷയില്‍ പങ്കു ചേര്‍ന്നു.

നമുക്കും ആ ആട്ടിടയന്മാരൊത്തു പൈതലായ യേശുവിനെ കണ്ടു വണങ്ങുവാനും, മനസ്സില്‍ സ്വീകരിക്കുവാനും, ആ നല്ല ഇടയനെ ഉള്‍ക്കൊണ്ട് ചെന്നായ്ക്കളാകുന്ന പൈശാചിക ശക്തിയെ അകറ്റുവാനും, ഈ ക്രിസ്തുമസ് അനുസ്മരണ മുഖാന്തിരം സംഗതിയാകട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ !
റവ. ഫാ. ബാബു കെ. മാത്യു

(ലേഖകന്‍ ന്യൂജേഴ്‌സി മിഡ്‌ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയാണ്)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top