Flash News

ശ്രദ്ധ (കഥ)

December 27, 2017 , പി.റ്റി. പൗലോസ്‌

Sradha banner smallഞാന്‍ സുരേഷ്‌ മേനോന്‍. കഥയെഴുതാന്‍ എനിക്കറിയില്ല. പക്ഷേ, എനിക്കിത്‌ എഴുതാതിരിക്കാന്‍ കഴിയില്ല. ജന്മവ്യഥകളുടെ ശാന്തമൗനങ്ങളില്‍ വിരസതയുടെ രാപ്പകലുകള്‍ക്കു വിരാമമിട്ട്‌, ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളില്‍നിന്നടര്‍ന്നുവീണ വെള്ളിനക്ഷത്രമാണവള്‍, ഞങ്ങളുടെ പൊന്നുമോള്‍. അവളുടെ കലപിലശബ്‌ദങ്ങള്‍ ഞങ്ങള്‍ക്ക്‌ ഹൃദയതാളമായി; അവളുടെ കിളിക്കൊഞ്ചല്‍ ഞങ്ങളുടെ മരവിച്ച മനസ്സുകളെ ഇക്കിളിയിട്ടുണര്‍ത്തി.

ആറു മാസം കഴിഞ്ഞ അവളുടെ ചോറൂട്ടും പേരിടീലും ഇന്നലെ ആയിരുന്നു, ഗുരുവായൂരമ്പലത്തില്‍. ലേഖ പതിവിലും ഉന്മേഷവതിയായിരുന്നു. നീണ്ട പതിന്നാലു കൊല്ലത്തെ കാത്തിരിപ്പിനുശേഷം കനിഞ്ഞുകിട്ടിയ അമൂല്യരത്‌നമാണു പൊന്നുമോള്‍. അവളുടെ ചോറൂട്ട്‌ ലേഖയുടെ ഇഷ്‌ടദേവനായ ശ്രീകൃഷ്‌ണന്‍െറ തിരുസന്നിധിയിലാകട്ടെഎന്നു തീരുമാനിച്ചതും അവള്‍തന്നെ. കൊച്ചുമോള്‍ക്കിടേണ്ട പേര്‌ മനസ്സിലിട്ടുതാലോലിക്കുകയായിരുന്നു ലേഖയുടെ അച്‌ഛന്‍ ജടാധരക്കുറുപ്പ്‌. വീട്ടില്‍വച്ചു നടത്തിയ ഇരുപത്തെട്ടു കെട്ടിന്‌ എത്താന്‍ കഴിയാഞ്ഞ അദ്ദേഹത്തോടുള്ള ആദരവായി, ചോറൂട്ടിനുതന്നെ മോള്‍ക്കു പേരിടാന്‍ അച്ഛനോടു ഞങ്ങള്‍ പറയുകയായിരുന്നു. അച്ഛനും അമ്മയും ഏഴുമണിക്കുതന്നെ സേലത്തുനിന്ന്‌ ഗുരുവായൂരില്‍ എത്തുമെന്ന് അറിയിച്ചതുകൊണ്ട്‌, ഞങ്ങള്‍ വൈക്കത്തുനിന്ന്‌ പുലര്‍ച്ചെ നാലു മണിക്കു പുറപ്പെട്ടു.

സീപോര്‍ട്‌-എയര്‍പോര്‍ട്ട്‌ റോഡിലൂടെ, എന്‍െറ അദ്ധ്യാപക ജീവിതത്തിനു തുടക്കം കുറിച്ച കാക്കനാട്‌ ഭാരത്‌ മാതാ കോളജിനു മുന്നിലെത്തിയപ്പോള്‍, കാല്‌ ബ്രെയ്‌ക്കില്‍ അറിയാതെ അമര്‍ന്നു. മറവിയുടെ മാറാല മൂടിയ സ്‌മരണകളുടെ അസ്വസ്‌ഥതകളുടെ ആഴങ്ങളിലേക്ക്‌ എന്‍െറ ചിന്തകള്‍ താണിറങ്ങി. കാര്‍ യാന്ത്രികമായി ഓടിക്കൊണ്ടേയിരുന്നു. യാത്രയില്‍ ഞാന്‍ ലേഖയോടു സംസാരിച്ചു പോലുമില്ല. മനഃപൂര്‍വ്വമായിരുന്നില്ല. എവിടെയോ മുറിഞ്ഞുപോയ ഓര്‍മ്മകളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തൃശുര്‍ കഴിഞ്ഞ്‌ ഗുരുവായൂര്‍ക്കു തിരിഞ്ഞപ്പോള്‍ ഞാന്‍ കാര്‍ സൈഡില്‍ ഒതുക്കി.

“ലേഖ എന്നോടു ക്ഷമിക്കണം.”

“എന്താണു സുരേഷേട്ടാ?”

“മോള്‍ക്ക്‌ പേര്‌ ഞാന്‍തന്നെ കണ്ടിട്ടുണ്ട്‌. അതേ ഇടുകയുള്ളു.”

“അത്‌ അച്ഛനോടു കാണിക്കുന്ന നന്ദികേടല്ലേ?”

ഞാന്‍ അല്പം ദേഷ്യത്തില്‍: “എന്‍െറ മനഃസാക്ഷിയോട്‌ ഞാന്‍ നന്ദികേട്‌ കാട്ടാതിരിക്കാനാണ്‌.”

എന്നെ എന്നും അനുസരിച്ചിട്ടുള്ള ലേഖ പിന്നീടൊന്നും മിണ്ടിയില്ല.

ഗുരുവായൂരെത്തി, ചടങ്ങുകളെല്ലാം കഴിഞ്ഞു. മോള്‍ക്ക്‌ എന്‍െറ മനസ്സിലുണ്ടായിരുന്ന പേരുതന്നെ ഇട്ടു. ലേഖയുടെ അച്‌ഛന്‌ നീരസമുണ്ടായിരുന്നെങ്കിലും പുറത്തറിയിച്ചില്ല. ഊണു കഴിഞ്ഞ്‌ അഛനും അമ്മയും സേലത്തേക്കും ഞങ്ങള്‍ വൈക്കത്തേക്കും തിരിച്ചു.

മടക്കയാത്രയില്‍ ലേഖയോട്‌ അവളറിയാത്ത ആ കഥ ഞാന്‍ പറഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍െറ ഹൃദയത്തിന്‍െറ ഏതോ കോണില്‍ കൂടുകൂട്ടിയ കുഞ്ഞാറ്റയുടെ കഥ. അവള്‍ ഒരു പ്രഭാതപുഷ്‌പമായിരുന്നു. ആ പുഷ്‌പദളങ്ങളില്‍ പറ്റിയമര്‍ന്ന മഞ്ഞുകണങ്ങളില്‍ സ്‌നേഹത്തിന്റെ ആര്‍ദ്രതയുണ്ടായിരുന്നു. നിഷ്‌കളങ്കതയുടെ കുളുര്‍കാറ്റായി, സ്‌നേഹത്തിന്‍െറ തൂവല്‍സ്‌പര്‍ശമായി എന്നെ തലോടിക്കടന്നുപോയ ആ പന്ത്രണ്ടു വയസ്സുകാരി കൊച്ചുസുന്ദരിയെ ഞാന്‍ വിസ്‌മൃതിയിലേക്കു തള്ളിയകറ്റി. എന്നോടു ക്ഷമിക്കൂ, കുട്ടീ. ഈ മറവി എന്‍െറ മാത്രം തെറ്റാണ്‌, എന്‍െറമാത്രം.

ഞാന്‍ ഓര്‍ത്തൈടുത്തു, അവളെ കണ്ട ആദ്യ ദിവസം. ഞാനന്ന്‌ കാക്കനാട്‌ ഗസ്‌റ്റ്‌ ലക്‌ചററായി ജോലി ചെയ്യുന്നു. എന്നും രാവിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്‌ ബസ്‌സ്‌റ്റോപ്പില്‍ ബസ്സിറങ്ങി കോളജിലേക്കു നടക്കുകയാണു പതിവ്‌. കോളജിലെ കുട്ടികളും അടുത്ത സ്‌കൂളുകളിലെ കുട്ടികളും ഒപ്പമുണ്ടാവും. ഒരു ദിവസം മൂന്നു പെണ്‍കുട്ടികള്‍ ഞാന്‍ നടക്കുന്ന വേഗത്തില്‍ എന്നോടൊപ്പം പിറകെ എത്തുന്നു. ഞാന്‍ തിരിഞ്ഞുനോക്കി. മൂന്നും നല്ല ഗൗരവത്തിലാണ്‌. ഞാന്‍ കോളജിലേക്കു തിരിയുന്ന കവലയിലെത്തിയപ്പോള്‍ അവരെ കണ്ടില്ല. അവര്‍ അവരുടെ സ്‌കൂളിലേക്കു തിരിഞ്ഞിട്ടുണ്ടാവും. പിറ്റെ ദിവസവും അവര്‍ പിന്നാലെയുണ്ട്‌, ഗൗരവഭാവത്തില്‍ തന്നെ. അതിനടുത്ത ദിവസം ഒരു കുട്ടി മാത്രമേയുള്ളു. അവള്‍ പിന്നില്‍നിന്നും മുന്നിലേക്കു കയറി എന്നോടൊപ്പം നടക്കുന്നു. ഒന്നും മിണ്ടുന്നില്ല. വെളുത്തു മെലിഞ്ഞു നീണ്ട ഒരു സുന്ദരിക്കുട്ടി. മുടി രണ്ടായി പിന്നിയൊതുക്കി, തോളില്‍ സ്‌കൂള്‍ ബാഗുമായി. അവളുടെ സ്‌കൂളിനടുത്തെത്തിയപ്പോള്‍ എന്നെ തിരിഞ്ഞുനോക്കി ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ഓടിയകന്നു. അടുത്ത ദിവസങ്ങള്‍ ശനി-ഞായര്‍ അവധി ദിനങ്ങളായിരുന്നു.

തിങ്കളാഴ്‌ച ഞാന്‍ ബസ്സിറങ്ങി നടന്നപ്പോഴും ആ കുട്ടി പിറകെയുണ്ട്‌. എവിടെനിന്നാണ്‌ അവള്‍ വരുന്നതെന്നുമാത്രം എനിക്കറിയില്ല. ഞാന്‍ നല്ല വേഗത്തില്‍ത്തന്നെ നടന്നു. അവള്‍ ഓടി എന്നോടൊപ്പം എത്താന്‍ പ്രയാസപ്പെടുന്നു.

അവള്‍ പിറകില്‍ നിന്നു വിളിച്ചു പറഞ്ഞു: “ഒന്നു പതുക്കെ പോ, മാഷേ. ഞാനും പിറകെ എത്തിക്കോട്ടെ.”

ഞാന്‍ നടപ്പ്‌ പതുക്കെയാക്കി. അവള്‍ എന്നോടൊപ്പമെത്തി. ഞാന്‍ ചോദിച്ചു: “കുട്ടി എന്‍െറ പിറകെ എന്തിനാ ഇങ്ങനെ കൂടുന്നത്‌?”

“ചുമ്മാ, ഒരു രസത്തിന്‌.”

എനിക്കും അല്പം രസം തോന്നി: “കുട്ടിയുടെ പേരെന്താ?”

“ശ്രദ്ധ. ശ്രദ്ധാവര്‍മ്മ.”

“ശ്രദ്ധ ഏതു ക്ലാസ്സിലാ പഠിക്കുന്നത്‌?”

“സിക്‌സ്‌ ബി. റോള്‍ നസഫര്‍ 24, മൗണ്ട്‌ സിനായ്‌ പബ്‌ളിക്‌ സ്‌കൂള്‍.”

“കുട്ടിയുടെ വീടെവിടെയാ?”

“ഇവിടടുത്താ. മാഷ്‌ ബസ്സിറങ്ങുന്നതിനപ്പുറത്തെ തട്ടുകടയുടെ അരികിലൂടുള്ള വഴിയേ അല്പം പോയാല്‍ മതി.”

“വീട്ടില്‍ ആരൊക്കെയുണ്ട്‌?”

“വീട്ടില്‍ അഛന്‍ ഡോ. പ്രഭാകര വര്‍മ്മ, മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലില്‍ ന്യൂറോളജിസ്റ്റാണ്‌. അമ്മ രേഖാ വര്‍മ്മ, വീട്ടമ്മയാണ്‌. നല്ലവണ്ണം ചിത്രം വരയ്‌ക്കും; അമ്മയുടെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഫൈനാര്‍ട്ട്‌സ്‌ ഹാളില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്നു. പിന്നെ, ഒരു ചേച്ചി, ശ്രുതി വര്‍മ്മ. അവള്‍ സെന്‍റ്‌ തെരെസാസില്‍ പത്തില്‍ പഠിക്കുന്നു. പിന്നെ ഞങ്ങളുടെ…”

അപ്പോഴേക്കും അവള്‍ക്കു സ്‌കൂളിലേക്കു തിരിയേണ്ടിടത്തെത്തി; അവള്‍ ബൈ പറഞ്ഞ്‌ സ്‌കൂളിലേക്ക്‌ വേഗം നടന്നു. ഞാന്‍ കോളജിലേക്കു നടക്കുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ കളങ്കമില്ലാത്ത സംസാരത്തെപ്പറ്റിയായിരുന്നു ചിന്ത.

അടുത്ത രണ്ടുമൂന്നു ദിവസം ആ കുട്ടിയെ ഞാന്‍ കണ്ടില്ല. ബസ്സിറങ്ങിയപ്പോള്‍ ചുറ്റും നോക്കിയെങ്കിലും അവളെ അവിടെങ്ങും കണ്ടില്ല. അടുത്ത ദിവസം എന്‍െറ ബസ്‌ വരുന്നതും കാത്ത് അവള്‍ ബസ്‌ സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. ബസ്സിറങ്ങിയപ്പോള്‍ ഓടി എന്‍റടുത്തെത്തി. മുഖത്ത് അല്പം ക്ഷീണം തോന്നിയെങ്കിലും ഉന്മേഷവതിയായിരുന്നു. ഞങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: “മോളെ രണ്ടുമൂന്നു ദിവസം കണ്ടില്ലല്ലൊ.”

“അപ്പോള്‍ എന്നെപ്പറ്റി മാഷിന്‌ ചിന്തയുണ്ട്‌!”

“അല്ല, ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളു.”

“എനിക്കു പനിയായിരുന്നു.”

“ഇപ്പോഴെങ്ങനെ?”

“കുറഞ്ഞു. പരിപൂര്‍ണ്ണസുഖം.”

“അച്‌ഛന്‍ ഡോക്ടറായതുകൊണ്ട്‌ ട്രീറ്റ്‌മെന്‍റും മരുന്നും സമയത്തിനു കിട്ടിക്കാണും?”

“ഇല്ല. അച്ഛന്‍ എപ്പോഴും തിരക്കാണ്‌. അമ്മയാണ്‌ എന്‍െറയും ചേച്ചിയുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌. ഇന്നലെ ഞാന്‍ മാഷിന്‍െറ കാര്യം അമ്മയോടു പറഞ്ഞു.”

“എന്‍െറ എന്തു കാര്യം പറഞ്ഞു? ഏന്‍െറ ഒരു കാര്യവും മോള്‍ക്കറിയില്ലല്ലൊ”

“അതല്ല. മാഷിനെ ഞാന്‍ പരിചയപ്പെട്ടെന്നും, നല്ല മാഷാണെന്നും…എന്നൊക്കെ.”

പതിവുപോലെ അവള്‍ സ്‌കൂളിലേക്കും ഞാന്‍ കോളജിലേക്കും തിരിഞ്ഞു. ആ നിമിഷം മുതല്‍ ആ സുന്ദരിക്കുട്ടി എന്‍െറ ഹൃദയത്തില്‍ ഒരു പൊറുതിക്ക്‌ കൂടൊരുക്കിക്കഴിഞ്ഞിരുന്നു.

അടുത്ത ദിവസം ഞാന്‍ ബസ്സിറങ്ങിയപ്പോള്‍ അവളെ കണ്ടില്ല. ഞാന്‍ അവള്‍ക്കുവേണ്ടി വെയ്‌റ്റ്‌ ചെയ്‌തു. പെട്ടിക്കടയുടെ അരികിലുള്ള വഴിയിലൂടെ അവള്‍ ഓടിവരുന്നു.

അടുത്തെത്തിയപ്പോള്‍ കിതച്ചുകൊണ്ട്‌: “എന്‍െറ മാഷേ, ഞാനിന്നല്‍പം വൈകിപ്പോയി. മാഷ്‌ എനിക്കുവേണ്ടിയും കാത്തിരിപ്പു തുടങ്ങി!”

ഞാന്‍ മറുപടിയൊന്നും പറയാതെ അവളോടൊപ്പം നടപ്പു തുടങ്ങി. ഞാന്‍ കോളജദ്ധ്യാപകനാണെന്നും ഇംഗ്ലീഷാണ്‌ എന്‍െറ വിഷയമെന്നും അവള്‍ എന്നില്‍നിന്ന്‌ ചോദിച്ചറിഞ്ഞു. അവള്‍ ചോദിച്ചു: “മാഷിന്‌ കടങ്കഥകള്‍ ഇഷ്‌ടമാണോ?”

“അങ്ങനെ പ്രത്യേകിച്ച്‌ ഇഷ്‌ടമൊന്നുമില്ല.”

“എങ്കിലും ചോദിക്കട്ടെ?”

“ങും, നോക്കാം.”

“എന്നാല്‍ പിടിച്ചോ. ഞെട്ടില്ലാ വട്ടയില?”

“പപ്പടം”. അതാര്‍ക്കാണ്‌ അറിയില്ലാത്തത്‌!”

“കാള കിടക്കും, കയറോടും?”

“മത്തങ്ങ”

“കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും?”

ഞാന്‍ ചിരിച്ചുകൊണ്ട്‌, “താക്കോല്‍.” ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ഈ കൊച്ചിന്‍െറ ഒരു കാര്യം!

എന്നാല്‍ ദാ പിടിച്ചോ അടുത്ത ചോദ്യം: “അമുല്‍ എന്ന വാക്കിന്‍െറ പൂര്‍ണ്ണരൂപം”

“പറയൂ, മാഷേ.”

അവള്‍ കടങ്കഥകള്‍ വിട്ട്‌ അറിവിന്‍െറ അടുത്ത മേഖലയിലേക്കു കടന്നു. ഞാനൊന്നു പരുങ്ങി. AMUL …അത്‌ എനിക്കറിയാവുന്നതായിരന്നല്ലൊ, പക്ഷേ ശരിക്കും ഓര്‍മ്മ വരുന്നില്ല. ശ്രദ്ധയുടെ മുന്നില്‍ തോറ്റുകൊടുക്കാതെ തരമില്ലെന്നായി.

“അറിയില്ല. സമ്മതിച്ചു. കുട്ടി പറയൂ.”

“അങ്ങനെ വഴിക്കു വാ, മാഷേ. ആനന്ദ്‌ മില്‍ക്ക്‌ യൂണിയന്‍ ലിമിറ്റഡ്‌. വേണമെങ്കില്‍ കുറിച്ചോളൂ.” എന്നെ ഒന്നിരുത്തിക്കൊണ്ട്‌ ആണ്‌ അവള്‍ പറഞ്ഞത്‌. പക്ഷേ, ആ കളിയാക്കല്‍ ഞാന്‍ ആസ്വദിക്കുകയായിരുന്നു. പിന്നെ അവള്‍ ഒരു കവിതയുടെ വരികള്‍ ഉരുവിട്ടു:

“സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം,
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു;
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍, സ്വയം
സ്‌നേഹം താന്‍ ആനന്ദമാര്‍ക്കും”

ഈ കവിത ആരെഴുതിയതാണ്‌? കോളജ്‌ മാഷ്‌ പറയട്ടെ. ശ്രദ്ധ അല്‍പം ഗൗരവത്തിലാണ്. ഞാന്‍ ശരിക്കും പരുങ്ങലിലായി. കവിത ഞാന്‍ പഠിച്ചതാണ്‌. പക്ഷേ, കവിയുടെ പേര്‌ അങ്ങു ശരിക്കു കിട്ടുന്നില്ല. ഏങ്കിലും തട്ടിവിട്ടു: “വള്ളത്തോള്‍.”

അതു കേട്ടതും, ശ്രദ്ധ റോഡില്‍ കുത്തിയിരുന്നു പൊട്ടിച്ചിരിച്ചു. ഏന്‍െറ ചമ്മല്‍ പുറത്തറിയിക്കാതെ ഞാന്‍ മുന്‍പോട്ടു നടന്നു. അവള്‍ പിറകില്‍നിന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു: “ശരിയുത്തരം കുമാരനാശാനാണ്‌, മാഷേ.”

ഏന്‍െറ ചമ്മല്‍ അവള്‍ കാണാതിരിക്കാന്‍, ഞാന്‍ തിരിഞ്ഞു നോക്കിയില്ല. അടുത്ത ദിവസം ഞങ്ങള്‍ നടന്നു പോകുമ്പോള്‍ ആ ആറാം ക്ലാസ്സുകാരിയുടെ മുന്നില്‍ ഞാനല്പം ചെറുതായതായി തോന്നി. കുറെനേരം ഞങ്ങള്‍ ഒന്നും മിണ്ടാതെ നടന്നു.

നിശബ്‌ദതയ്‌ക്കു വിരാമമിട്ട്‌ ശ്രദ്ധ ചോദിച്ചു: “മാഷ്‌ എന്നോടു പിണക്കമാണോ?”

“ഹേയ്‌, അല്ല.”

“എന്നാല്‍ ഇംഗ്ലീഷ്‌ മാഷോട്‌ ഒരു ഇംഗ്ലീഷ്‌ ചോദ്യം. എന്താ, തയ്യാറാണോ?”

“തയ്യാര്‍.”

“ഏതു രാജ്യത്തിന്‍െറ പേര്‌ ഇംഗ്ലീഷില്‍ എഴുതുമ്പോഴാണ് വവല്‍സ്‌ അഞ്ചും ഉള്‍പ്പെടുന്നത്‌? യുവര്‍ ടൈം സ്‌റ്റാര്‍ട്ട്‌സ്‌ നൗ…”

“എന്നു വെച്ചാല്‍?”

“എന്നു വെച്ചാല്‍ കുന്തം ഉത്തരം പറയൂ, മാഷേ.”

“ഞാന്‍ തോറ്റു. ശ്രദ്ധ പറയൂ.”

“Mozambique.”

അവള്‍ എന്‍െറ പുറത്തു തട്ടി സാന്ത്വപ്പെടുത്തി: “സാരമില്ല, മാഷേ. ട്രൈ എഗെന്‍.”

പരിശ്രമിച്ചുകൊണ്ടേയിരിക്കൂ. ഏങ്കില്‍ മാത്രമേ നമ്മള്‍ ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ എത്തുകയുള്ളു എന്ന് ഒരുപദേശവും. ഞാന്‍ ഇളിഭ്യനായി. അതിനടുത്ത ദിവസങ്ങളില്‍ അവളുടെ ബുദ്ധിപരമായ ചോദ്യങ്ങളായിരുന്നു. കോഹിനൂര്‍ രത്‌നവും ഐഫല്‍ ടവറും ടാജ്‌മഹലും ഡാവിഞ്ചിയുടെ മോണാലിസയും കടന്ന്‌, അമേരിക്കന്‍ പ്രസിഡന്റിന്റെ അവധിക്കാല വസതിയായ ക്യാമ്പ് ഡേവിഡ് വരെ. മിക്ക ഉത്തരങ്ങളും അവള്‍തന്നെ നല്‍കിക്കൊണ്ടിരുന്നു. കാരണം ശരിയുത്തരങ്ങള്‍ എനിക്കറിയില്ലായിരുന്നു. സത്യത്തില്‍ ശ്രദ്ധ എന്ന ആറാം ക്ലാസ്സുകാരി അളക്കാനാവാത്ത അറിവിന്‍െറ ഒരു ഗോപുരമായിരുന്നു.

മദ്ധ്യവേനലവധി കഴിഞ്ഞ്‌ സ്‌കൂള്‍ തുറന്ന ദിവസം. രണ്ടു മാസങ്ങള്‍ക്കു ശേഷമാണ്‌ ഞാനവളെ കാണുന്നത്‌. നല്ല പ്രസരിപ്പും ഉന്മേഷവും. അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. എന്നോടു പറ്റിച്ചേര്‍ന്നു നടന്നുകൊണ്ട്‌, അവള്‍ പറഞ്ഞു:

“മാഷേ, അയാം നൗ ഇന്‍ ക്ലാസ്‌ സെവന്‍.”

“കണ്‍ഗ്രാജ്സ്, ശ്രദ്ധ.”

“താങ്ക്‌ യൂ, മാഷേ.”

ഞാന്‍ കരുതിയിരുന്ന ഒരു പാര്‍ക്കര്‍ പെന്‍ സെറ്റ്‌ അവള്‍ക്കു ഗിഫ്‌റ്റായി നല്‍കി. അവള്‍ക്കപ്പോള്‍ നിധി കിട്ടിയ സന്തോഷം. ഓരോ ദിവസവും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഒരു ദിവസം അവള്‍ ചോദിച്ചു: “മാഷ്‌ കല്യാണം കഴിച്ചതാണോ?”

“അതെ.”

“എത്ര നാളായി?”

“നാലഞ്ചു വര്‍ഷമായി.”

“കുട്ടികള്‍?”

“ഇല്ല.”

“ഞാന്‍ പ്രാര്‍ത്ഥിക്കാം, മാഷേ.”

“എന്തിന്‌?”

“മാഷിന്‌ കുട്ടികളുണ്ടാകാന്‍”

അതിനടുത്ത ദിവസം അവള്‍ വന്നപ്പോള്‍ വാഴയിലയില്‍ കുരുട്ടിയ ഒരു പൊതി അവളുടെ കൈയിലുണ്ടായിരുന്നു: “ഇത്‌ അമ്മയുടെ തറവാട്ടു വീട്ടിലെ ഹനുമാന്‍ കോവിലിലെ പ്രസാദമാണ്‌. ഇതു കഴിച്ചാല്‍ കുട്ടികളില്ലാത്തവര്‍ക്ക്‌ കുട്ടികളുണ്ടാകുമെന്ന്‌ മുത്തശ്ശി പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.”

എനിക്കവള്‍ പ്രസാദം തന്നു. ഞാനത്‌ കൗതുകത്തോടെ വാങ്ങി. അവള്‍ സ്‌കൂളിലേക്കു തിരിയുന്നതിനുമുമ്പ്‌ എന്നോട്‌: “മാഷോട്‌ ഒരു കാര്യം പറഞ്ഞാല്‍ ചെയ്യുമോ?'”

“ശ്രദ്ധ പറയൂ.”

“മാഷിന്‌ പെണ്‍കുട്ടിയാണുണ്ടാകുന്നതെങ്കില്‍ എന്‍െറ പേരിടുമോ?”

“അതിനെന്താ, ഇടാമല്ലൊ.”

“അവള്‍ തിരിഞ്ഞ്‌ സ്‌കൂളിലേക്ക്‌ ഓടുകയായിരുന്നു.”

“ആ വര്‍ഷം ക്രിസ്‌തുമസ് അവധിക്ക്‌ ഞങ്ങള്‍ പിരിഞ്ഞു.”

ക്രിസ്‌ത്‌മസ്‌-പുതുവത്സരാശംസകള്‍ പരസ്‌പരം നേര്‍ന്ന്‌, സ്‌കൂള്‍ തുറക്കുമ്പോള്‍ കാണാമെന്ന ഉറപ്പോടെ. ആ ഉറപ്പു പാലിക്കാന്‍ അവള്‍ക്കായില്ല. വെക്കേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ ഞാനറിഞ്ഞു.. ക്രിസ്‌ത്‌മസ്‌ ദിനത്തിലെ വിനോദ യാത്രയില്‍ ആതിരപ്പള്ളി ജലാശയത്തിലെ കുത്തെഴുക്കില്‍പ്പെട്ടു ജീവനറ്റ മൂന്നു കുട്ടികളില്‍ ഒരാള്‍ ഡോ. പ്രഭാകര വര്‍മ്മയുടെ ഇളയ മകള്‍…

വൈറ്റില സിഗ്‌നലില്‍ കാര്‍ നിന്നപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. നിശ്ശബ്ദയായി കരയുന്ന ലേഖയുടെ മടിയില്‍ ശ്രദ്ധ ഉറങ്ങുകയാണ്‌, എന്‍െറ ശപിക്കപ്പെട്ട മറവിയോടു കലഹിച്ചുകൊണ്ട്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top