Flash News

പ്രതിബദ്ധതയില്ലാത്ത അമേരിക്കന്‍ മലയാളി: പി.റ്റി. പൗലോസ്

December 28, 2017

prathibadhatha banner1അറുപതുകളുടെ ആരംഭത്തില്‍ വിയറ്റ്‌നാം യുദ്ധത്തില്‍ ഗുരുതരമായ പരുക്കുകളേറ്റ പട്ടാളക്കാരെമ്മൊണ്ട് അമേരിക്കയിലെ ആശുപത്രികള്‍ നിറഞ്ഞു. ആശുപത്രികളില്‍ നഴ്സുമാര്‍ തികയാതെ വന്നു. ഒഴിവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ഈ സമയം കേരളത്തിലും ഇന്ത്യയിലെ വിവിധ ആശുപത്രികളിലും ജോലി ചെതിരുന്ന മലയാളി നഴ്സുമാര്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി അമേരിക്കയിലേക്ക് പ്രവഹിക്കുവാന്‍ തുടങ്ങി. അവരുടെ സേവനം ഇവിടെ അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എല്ലാം ഇങ്ങോട്ടെത്തി. അങ്ങനെ ജീവിതത്തിന്റെ പച്ചപ്പ് തേടിയുള്ള മലയാളിയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പൊതുവായ കഥ അവിടെ ആരംഭിച്ച്, ഇന്നും അനുസ്യൂതമായി തുടരുന്നു.

അമേരിക്കയെന്ന വ്യത്യസ്ഥ സംസ്ക്കാരത്തിന്റെ ഭൂമികയിലേക്ക് പറിച്ചു നടപ്പെട്ട മലയാളി പിറന്ന നാടിന്റെ സംസ്ക്കാരത്തെയും ഒപ്പം കൂട്ടി. വേളാങ്കണ്ണി മാതാവും പരുമല തിരുമേനിയും ഗുരുവായൂരപ്പനും ശബരിമല ശാസ്താവും മകര വിളക്കും തിരുവോണവും വിഷുവും ഒക്കെ കൂടെ പോന്നു.

അമേരിക്കന്‍ മലയാളി അങ്ങനെ കറ തീര്‍ന്ന കത്തോലിക്കനായി, പെന്തക്കോസ്തായി, പാത്രിയര്‍ക്കീസായി, ഓര്‍ത്തഡോക്സായി, നായരായി, നമ്പൂരിയായി, ഈഴവനായി, അമ്പലമായി, പള്ളിയായി, പള്ളിപ്രവര്‍ത്തകരായി, സാമൂഹ്യ ജീവിതത്തിന്റെ പ്രമാണം പഠിക്കാത്ത പ്രമാണിയായി. മലയാളിക്ക് തെരക്കായി. തെറ്റു പറയാനാവില്ല. ഇതെല്ലാം മലയാളിയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് സൗകര്യപൂര്‍‌വ്വം പറഞ്ഞൊഴിയാം.

എന്നാല്‍ വിവേകമില്ലാത്ത, ആ മലയാളിയുടെ അഹങ്കാരത്തിന്റെ കഥ വ്യക്തമായി പറയേണ്ടതുണ്ട്. പിറന്നുവീണ കുഞ്ഞിനെ സം‌രക്ഷിക്കുന്ന മാതാവിനെപ്പോലെ അമേരിക്ക നമ്മളെയും നമ്മുടെ പരമ്പരകളെയും കാലങ്ങളായി സം‌രക്ഷിച്ചു പോരുന്നു. എല്ലാ സൗകര്യങ്ങളും നമിക്കിവിടെ കിട്ടുന്നു. നെറി കേടിനെ നെഞ്ചിലേറ്റിയ ഓരോ മലയാളിയും തുറന്ന മനസ്സോടെ ഓരാത്മ പരിശോധന നടത്തേണ്ട സമയമായി. അന്തരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ (John F. Kennedy) പ്രസിദ്ധമായ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്:

“Ask not what your country can do for you;
Ask what you can do for your country”

ഒന്നും ചോദിക്കാതെ എല്ലാം ഈ രാഷ്‌ട്രം നമുക്ക് തന്നപ്പോള്‍, നമ്മള്‍ എന്താണ്‌ തിരിച്ചുകൊടുത്തത്? നാമിവിടെ ജോലി ചെയ്യുന്നുണ്ടാവാം, ചെയ്തിട്ടുണ്ടാവാം. എവിടെയാണെങ്കിലും ജീവിക്കണമെങ്കില്‍ പണി എടുക്കണം. എന്നാല്‍ അതിനെല്ലാം അപ്പുറം, നമുക്കും നമ്മുടെ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും സന്തതിപരമ്പരകള്‍ക്കും ജന്മനാട്ടിലേക്ക് തിരിച്ചു പോകാത്ത രീതിയില്‍ ഒരു വലിയ ജീവിതം തന്നപ്പോള്‍, നാം ഈ രാഷ്‌ട്രത്തിന് നല്‍കിയ സംഭാവന എന്താണ്‌? ദേശസ്നേഹം എന്ന കര്‍ത്തവ്യത്തെ സൗകര്യപൂര്‍‌വ്വം മറന്ന് വ്യക്തിജീവിതത്തിന്റെ സ്വാര്‍ത്ഥതയെ വാരിപ്പുണര്‍ന്നു.

ജാതിമത രാഷ്‌ട്രീയ പശ്ചാത്തലം നോക്കാതെ വളരെ വിശാലമായ കാഴ്ചപ്പാടോടെ അമേരിക്ക നമുക്ക് പൗരത്വം നല്‍കി. അമേരിക്കന്‍ ദേശീയ പതാകയെ സാക്ഷി നിര്‍ത്തി ഈ രാജ്യത്തോട് കൂറ് പുലര്‍ത്തിക്കൊള്ളാമെന്ന് നെഞ്ചില്‍ കൈവെച്ച് നാം സത്യപ്രതിജ്ഞ ചെയ്തു. ആ പ്രതിജ്ഞയില്‍ മുഴുവന്‍ ഹൃദയവിശുദ്ധി ഉണ്ടായിരുന്നോ? ഈ രാജ്യത്തോട് നമുക്ക് പ്രതിബദ്ധതയില്ലേ? നാം ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അമേരിക്കയിലെ നിയമങ്ങള്‍ക്കനുസരിച്ചാണ്. കാലം വളരെ മുമ്പോട്ടു പോയി. നമ്മളനുഭവിക്കുന്ന ജീവിതസൗകര്യങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. ഇതിലും മെച്ചമായ ജീവിതസൗകര്യങ്ങള്‍ നമ്മുടെ പുതിയ തലമുറക്ക് ആവശ്യമാണ്. അതുകൊണ്ട് അമേരിക്കയിലെ ഭരണസം‌വിധാനത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗമാകേണ്ടതും നിയമനിര്‍മ്മാണങ്ങള്‍ നമുക്കും പ്രയോജനപ്പെടുന്ന തലത്തിലേക്ക് ഉയരേണ്ടതും നമ്മുടെ കൂടെ ആവശ്യമാണ്. വിരലില്‍ എണ്ണാവുന്ന ചിലര്‍ രംഗത്തുള്ളത് വിസ്മരിക്കുന്നില്ല.

ഇവിടെ കൗണ്‍സിലുകളിലും പൊതുവിദ്യാഭ്യാസ-ലൈബ്രറി ബോര്‍ഡുകളിലും എല്ലാം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുവാന്‍ നമുക്ക് അവസരങ്ങളുണ്ട്. നമ്മള്‍ അതിന് ശ്രമിക്കാത്തതുകൊണ്ടാണ്. പള്ളിപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണത്തിനും അമ്പലങ്ങളില്‍ വേഴാല്‍ പൂജ നടത്തുന്നതിനും വര്‍ഗീയ വിഷം ചീറ്റുന്ന അണലിപ്പറ്റങ്ങള്‍ക്ക് അത്താഴപൂജ നടത്തുന്നതിനും കൂട്ടിക്കൊടുപ്പുകാരനും കരിഞ്ചന്തക്കാരനും വിടുപണി ചെയ്യുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ കാവടിയാടുന്നതിനും നമുക്ക് സമയമുണ്ട്. അതെങ്ങനെ? അലക്കൊഴിഞ്ഞിട്ട് വേണ്ടേ കാശിക്കു പോകാന്‍ !

ഇവിടത്തെ ഭരണസം‌വിധാനങ്ങളുമായി സഹകരിച്ച് ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകളില്ലാതെ സ്വതന്ത്ര ചിന്തയോടെ വിശാലമായ കാഴ്ചപ്പാടില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ തുറന്ന മനസ്സോടെ ഓരോ മലയാളിയും മുന്നോട്ടുവന്ന് മലയാളത്തിന്റെ നിറമുള്ള മലയാളത്തിന്റെ മണമുള്ള ഒരു പുത്തന്‍ സാംസ്ക്കാരിക അടിത്തറക്ക് രൂപം നല്‍കേണ്ട സമയമായി. അറുപതുകളില്‍ നമ്മുടെ പൂര്‍‌‌വ്വികരായ മലയാളി നഴ്സുമാര്‍ അമേരിക്കയില്‍ എങ്ങനെ അംഗീകരിക്കപ്പെട്ടോ, അതേ അളവില്‍ ഓരോ മലയാളിയും ഇന്ന് അമേരിക്കയില്‍ അംഗീകരിക്കപ്പെടണം. അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “പ്രതിബദ്ധതയില്ലാത്ത അമേരിക്കന്‍ മലയാളി: പി.റ്റി. പൗലോസ്”

 1. V.P.Paniker says:

  Really a beautiful article Paulose. Very meaningful and truthful. It should an inspiration and let it be a guideline for all Marunadan Malayalees in the midst of your own cullture you aspire for. Take my hats for your sumptuous Article

 2. സുധീപ് says:

  ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എത്രയോ സത്യം. അമേരിക്കയില്‍ നൂറു വര്‍ഷങ്ങള്‍ ജീവിച്ചാലും മലയാളികള്‍ കൂപമണ്ഡൂകങ്ങളെപ്പോലെയാണ്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ കേരള സംസ്ക്കാരം പഠിപ്പിക്കാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിച്ച് സ്വയം അപഹാസ്യരാകുകയാണ് ഭൂരിഭാഗം മലയാളികളും. അമേരിക്കയില്‍ ജീവിച്ച്, അമേരിക്കയുടെ ചോറു തിന്ന് കൂറ് ഇന്ത്യയോടു കാണിക്കുന്ന ഇവരില്‍ പലരും തിരിച്ചറിയുന്നില്ല രണ്ടു വള്ളങ്ങളിലാണ് അവര്‍ കാലെടുത്തുവെച്ച് സഞ്ചരിക്കുന്നതെന്ന്.

  ലേഖകന് ആശംസകള്‍.

 3. Jose. Kallidikil says:

  Hope it will help us to have an introspection.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top