വര്‍ഷാരംഭം എന്നു മുതല്‍ (പുതുവര്‍ഷ ചിന്തകള്‍)

puthuvarsha banner1ഏദന്‍ തോട്ടത്തില്‍ വെച്ച് ആദം ഹവ്വയെ കണ്ടുമുട്ടിയ നിമിഷം മുതലാണോ വര്‍ഷാരംഭം? എങ്കില്‍ അതൊരു കാലവര്‍ഷമായിരിക്കും. പേമാരി പെയ്ത് പെയ്ത് നോഹയുടെ തോണി പൊങ്ങിക്കിടന്ന പ്രളയത്തിനു ഹേതുവായ കാലവര്‍ഷം. അന്നു മുതലാണോ വര്‍ഷാരംഭം? അതായത് നല്ലവനായ നോഹയും കുടുംബവും പാപം ചെയ്യാത്ത പക്ഷിമൃഗാദികളില്‍ ആണും പെണ്ണുമായി ഓരോരുത്തരും, ഭൂമിയില്‍ ഒരു പെട്ടകത്തിനുള്ളില്‍ ജീവിതമാരംഭിച്ച ദിവസം.അതോ അതു ചെന്നു അരാരത്ത് പര്‍‌വ്വതത്തില്‍ ഉറച്ച ദിവസം മുതലോ? ജൂതന്മാരുടെ നവവര്‍ഷം (റോസ് ഹ ഷനാ) സൂചിപ്പിക്കുന്നത് ആദാമിനെയും ഹവ്വയേയും സൃഷ്ടിച്ചതിന്റെ വാര്‍ഷിക ദിനമായിട്ടാണ്. അവര്‍ പാപം ചെയ്ത ദിവസത്തിന്റെ വാര്‍ഷികമായിട്ടായിട്ടും ഇതിനെ കാണുന്നു. ജൂതന്മാര്‍ അവരുടെ വര്‍ഷാരംഭത്തില്‍ കാഹളം മുഴക്കുന്നു (വീമ്പിളക്കുന്നുവെന്നും കാഹമെന്നതിനു പകരം ഒരു പരിഭാഷ ചെയ്യാവുന്നതാണ്).

ഹീബ്രു ബൈബിള്‍ പ്രകാരം നവവര്‍ഷദിനത്തില്‍ ശബ്ദമുയര്‍ത്തണം പിന്നെ ആപ്പിള്‍ തേനില്‍ മുക്കി തിന്നണമെന്നൊക്കയാണ്. ഇത് ഒരു മധുരപുതുവര്‍ഷം വിളിച്ച് വരുത്താനാണത്രെ. മുട്ടനാടിന്റെ കൊമ്പ് കൊണ്ടുള്ള വിളി പാപപരിഹാരത്തിനായുള്ള വിളിയായി കരുതുന്നു. അന്നേ ദിവസമത്രെ എബ്രഹാം യാഗത്തിനായി ഐസക്കിനെ കെട്ടിയിട്ടതും ആ ബാലനു പകരമായി ഒരു മുട്ടനാട് യാഗമായി തീര്‍ന്നതും. നവ വര്‍ഷത്തില്‍ കൊമ്പ് വിളിക്കുമ്പോള്‍ എബ്രാഹമിനു കിട്ടിയ പുണ്യത്തിന്റെ ഒരംശം ആ വര്‍ഷം മുഴുവന്‍ അങ്ങനെ ആചാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന വിശ്വാസം. ഇത് പക്ഷെ ഇംഗ്ലീഷ് കലണ്ടര്‍ ഒക്‌ടോബര്‍ മാസത്തിലാണ്. ഈ ലോകത്ത് ഓരോ രാജ്യകാര്‍ക്കും ഓരോ മതകാര്‍ക്കും വ്യത്യസ്തങ്ങളായ നവവര്‍ഷാഘോഷങ്ങള്‍ ഉണ്ട്. വര്‍ഷാരംഭം എന്നു മുതല്‍ എന്ന് ആര്‍ക്കും തീര്‍ച്ചയില്ല. അപ്പോള്‍ പിന്നെ നമ്മളൊക്കെ ആഘോഷിക്കുന്ന ജനുവരി ഒന്നിനു എന്ത് പ്രാധാന്യം. ഇയ്യിടെ വാട്‌സപ്പില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയായിരുന്നു, നവ വര്‍ഷം എന്നും പറഞ്ഞു വെകിളി പിടിക്കണ്ട. കലണ്ടര്‍ മാത്രമേ മാറുന്നുള്ളു. നിങ്ങളുടെ ജീവിതപങ്കാളിയും, ജോലിയും, എല്ലാം അതേപോലെ തന്നെയുണ്ടാകും.

സൃഷ്ടിയുടെ ആരംഭം, അതായിരിക്കാം ഒരു പക്ഷെ ഒരു പുതു വര്‍ഷമായി ആഘോഷിക്കേണ്ടത്. ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ സൃഷ്ടിയെക്കുറിച്ച് ധാരാളം കഥകള്‍ ഉണ്ട്. കഥകളാണു ഒന്നിനും ഒരു തെളിവില്ല. അതിലൊന്നില്‍ പറയുന്നു ഈ ലോകമുണ്ടായത് ഒരു സുവര്‍ണ്ണ അണ്ഡത്തില്‍ നിന്നാണെന്ന്. അതല്ല അത് ആദിപുരുഷന്റെ ത്യാഗത്തില്‍ നിന്നാണെന്ന് ചിലര്‍ തിരുത്തുന്നു. ബ്രഹ്മാവാണു ഈ ലോകം സൃഷ്ടിച്ചതെന്നും അദ്ദേഹം ഒരു മുട്ട പൊട്ടിച്ചാണ് ഈ ലോകമുണ്ടാക്കിയതെന്നും. അതുകൊണ്ടത്രേ ബ്രഹ്മാണ്ഡം എന്ന് ലോകത്തെ പറയുന്നത്. പണ്ട് പണ്ട് ഈ ലോകം അന്ധകാരത്തില്‍ മുങ്ങി കിടന്നു. സൂര്യ ചന്ദ്രന്മാര്‍ ഉണ്ടായിരുന്നില്ല. ചുറ്റും നിറഞ്ഞ് കിടക്കുന്ന വെള്ളം മാത്രം. കര കാണാത്ത ആ സമുദ്രത്തില്‍ അനന്തന്‍ എന്ന പാമ്പ് പൊങ്ങി കിടന്നു. അതിന്റെ ചുരുളുകളില്‍ വിഷ്ണു ഉറങ്ങി കിടന്നു. ഉറങ്ങികിടന്ന വിഷ്ണുവിന്റെ നാഭിയില്‍ നിന്നും ഒരു താമര വളരന്നു. അതിന്റെ സുരഭില ഗന്ധം സ്വര്‍ഗീയമായിരുന്നു, അതിന്റെ ഇതളുകള്‍ പ്രഭാത സൂര്യനെപോലെ ചുവന്നിരുന്നു. ആ ദിവ്യ ഇതളുകള്‍ വിടര്‍ന്നപ്പോള്‍ നാലു തലയുള്ള ബ്രഹ്മാവ് പ്രത്യക്ഷ്‌പ്പെട്ടു. ഉറക്കമുണര്‍ന്ന വിഷ്ണു ഇടിവെട്ടുന്ന ശബ്ദത്തില്‍ ചോദിച്ചു. ആര് നീ. ബ്രഹ്മാവിന്റെ മരുപടി – ഞാനാണ് പ്രപഞ്ച സൃഷ്ടിയുടെ ഗര്‍ഭപാത്രം. എന്നിലാണു എല്ലാം സ്ഥിതിചെയ്യുന്നത്. എന്റെ ശരീരമാണു ഈ പ്രപഞ്ചം. ബ്രഹ്മാവിന്റെ ശരീരത്തില്‍ നിന്നും മനുഷ്യര്‍ ഉണ്ടായി. നെഞ്ചില്‍ നിന്നും ആടുകള്‍ ഉണ്ടായി. പശു വയറ്റില്‍ നിന്നുമുണ്ടായി. കാലില്‍ നിന്നും കുതിരകള്‍ ഉണ്ടായി. കൈയ്യില്‍ നിന്നും കാലില്‍ നിന്നും ആന, ഒട്ടകം, പോത്ത്, മുതലായവ ഉണ്ടായി. സ്‌തോത്രങ്ങളും, പ്രാര്‍ത്ഥനാമന്ത്രങ്ങളും അദ്ദേഹത്തിന്റെ നാലു വായില്‍ നിന്നുമുണ്ടായി. എന്നാല്‍ ഇതെല്ലാം ഒരിക്കല്‍ നിലയ്ക്കും. വിഷ്ണു വീണ്ടും ഉറങ്ങും, താമരപൂവ് മുളയ്ക്കും, ബ്രഹ്മാവ് ആവിര്‍ഭവിയ്ക്കും. വീണ്ടും പുതുവര്‍ഷം ആരംഭിക്കും. പക്ഷെ ഇത് സംഭവിക്കുന്നത് 365 ദിവസം കൂടുമ്പോഴല്ലാന്ന് മാത്രം. എന്നാലും ബ്രഹ്മാവ് അങ്ങനെ പ്രത്യക്ഷപ്പെട്ട ദിവസം ഭാരതത്തിലെ ജനങ്ങള്‍ക്കറിയാം. ആ ദിവസം അവര്‍ പുതുവര്‍ഷമായി ആഘോഷിക്കുന്നു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ അവരുടേതായ പുതുവര്‍ഷമുണ്ട്. മലയാളികള്‍ ചിങ്ങം ഒന്നും, മേടം ഒന്നും പുതുവര്‍ഷമായി കരുതുന്നു. ഗുജറാത്തികള്‍ക്ക് ദീപാവലിയോടൊപ്പമാണു പുതുവര്‍ഷം വരുന്നത്. പഞ്ചാബികള്‍ അത് നമ്മുടെ മേടമാസത്തില്‍ ആഘോഷിക്കുന്നു. തമിഴന്മാരുടെ, കന്നഡക്കാരുടെ പുതാണ്ടും, ബംഗാളികളുടേയും ആസ്സാംകാരുടേയും നവവര്‍ഷങ്ങളും വരുന്നത് ഏപ്രില്‍ മാസത്തിലാണ്. തെലുങ്കന്മാരുടെ ഉഗതി ബ്രഹ്മാവ് ഈ ലോകം സൃഷ്ടിക്കാന്‍ ആരംഭിച്ച ദിവസമാണത്രെ.

അപ്പോള്‍ പുതുവര്‍ഷം എന്നാരംഭിച്ചു എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അത് ഓരോ ജനതയുടെ വിശ്വാസമനുസരിച്ച് സൗകര്യമനുസരിച്ച് ആഘോഷിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ പുതുവര്‍ഷം എന്നായിരിക്കണം. ഏതൊ ഒരു നഴ്സ് അമ്മാമ്മ ഇവിടെ എത്തിയ ദിവസമായി അത് ആഘോഷിക്കാവുന്നതാണ്. അവര്‍ക്ക് പുറകെ എത്തിചേര്‍ന്ന എല്ലാവരും കൂടി ആ ദിവസം കെങ്കേമമാക്കുന്നു. അതില്‍ തര്‍ക്കവും, വന്നയാള്‍ ഇന്നയാളല്ല ഞങ്ങളുടെ സ്വന്തമാണെന്ന വാദപ്രതിവാദങ്ങളുമുണ്ടാകുമ്പോള്‍ ഒരു വര്‍ഷത്തില്‍ തന്നെ പല മാസങ്ങളില്‍, പലയിടങ്ങളില്‍ പുതുവര്‍ഷമുണ്ടാകും. ഓരോ കുടുംബക്കാര്‍ക്കും അവരുടെ കുടുംബാരംഭം എന്നുണ്ടായി എന്ന് ഗവേഷണം നടത്തി അത് അവരുടെ കുടുംബത്തിന്റെ പുതുവര്‍ഷമായി ആഘോഷിക്കാം. ഈ ലേഖകനു ഇതെഴുതുമ്പോള്‍ അങ്ങനെ ഒരാശയം ഉദിക്കുകയുണ്ടായി. പണിക്കര്‍ വീട്ടില്‍ (ആചാര്യന്റെ അല്ലെങ്കില്‍ ഗുരുവിന്റെ വീട്) പണിക്കവീട്ടില്‍ ആകുന്നു. ഏതൊ പണിക്കര്‍ (ആചാര്യന്‍, ഗുരു) കുട്ടികള്‍ക്ക് ഹരിശ്രീ എഴുതി അവര്‍ക്ക് വിദ്യയുടെ ആദ്യകിരണങ്ങള്‍ കാണിച്ചു കൊടുത്ത ദിവസം. അത് പണിക്കവീട്ടില്‍കാരുടെ പുതുവര്‍ഷം. അപ്പോള്‍ ഒരു പ്രശ്‌നമുണ്ടാകുന്നു. ഈ വീട്ട്‌പേര് ഈഴവര്‍ക്കുണ്ട്, നായര്‍ക്കുണ്ട്, നമ്പൂതിരിക്കുണ്ട്, പട്ടര്‍ക്കുണ്ടു, ക്രിസ്ത്യാനിയ്ക്കുണ്ട്, മുസ്ലീമിനുണ്ട്. എന്ത് ചെയ്യും. വിദ്യ അഭ്യസിക്കലും ഒരു ജാതി ഒരു മതം എന്ന ഉല്‍കൃഷ്ട ചിന്ത വെച്ചുപുലര്‍ത്തലും തുടര്‍ന്നാല്‍ “പിന്നോക്കം” ആയിപ്പോകുമെന്ന് കരുതിയവര്‍ തോളിലൂടെ ഒരു പൂണൂലിട്ട് കടന്നുപോയി. ചിലര്‍ മാമോദീസ മുങ്ങി കടന്നുപോയി. ചിലര്‍ സുന്നത്ത് കഴിച്ച് കടന്നുപോയി. എന്നാല്‍ അവരൊക്കെ പൂര്‍വ്വ കുടുംബനാമം കൂടെ കൊണ്ടുപോയി. വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യന്മാരുടെ വീട് എന്നുള്ളത് എന്തിനു നഷ്ടപ്പെടുത്തണം,.

മലയാളി ആഘോഷ ഭ്രാന്തനാണ്. അവന്‍ അവന്റെ വിശേഷ ദിവസങ്ങള്‍ കൂടാതെ ചെന്നെത്തിയ സ്ഥലങ്ങളിലെ ആഘോഷങ്ങളും സ്വന്തമായി കരുതി അതില്‍ പങ്ക് ചേരുന്നു. പുതുവര്‍ഷ തീരുമാനങ്ങള്‍ എല്ലാം നമ്മള്‍ തീര്‍ച്ചയായും ലംഘിച്ചിരിക്കും. അതിനു കാരണം ഒരുപക്ഷെ വളരെ വികാരധീനരായികൊണ്ടായിരിക്കും മിക്കവരും അത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത്‌ കൊണ്ടാകാം. പിന്നെ അയഥാര്‍ത്ഥ്യമായ തീരുമാനങ്ങളായിരിക്കും ആ അവസരത്തില്‍ എടുക്കുന്നത് അത് ബുദ്ധിയുദിക്കുമ്പോള്‍ ബുദ്ധിമുട്ടായി തോന്നുകയും ചെയ്യും. ഈ പുതുവര്‍ഷത്തെ വേറെ ഒരു ദിവസമായി മാത്രം കരുതുക. പുരോഹിതന്മാരും, ആള്‍ ദൈവങ്ങളും മനുഷ്യരെ കബളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ദിവസം എന്നുകൂടി ഇതിനു കുപ്രസിദ്ധിയുണ്ട്. ഓരോരുത്തരും അവരുടെ കുടുംബത്തിന്റെ, സമൂഹത്തിന്റെ, സംഘടനകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്നുണ്ടല്ലോ, അത് തന്നെ ആഘോഷിച്ചു തീര്‍ക്കാന്‍ ദിവസങ്ങള്‍ തികയുന്നില്ല. പാലിക്കാന്‍ കഴിയുന്ന തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണ്. ബൈബിള്‍ ഇങ്ങനെ പഠിപ്പിക്കുന്നു, കൊരിന്ത്യര്‍ 2:17 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു. പഴയത് കഴിഞ്ഞുപോയി. ഇതാ അത് പുതുതായി തീര്‍ന്നിരിക്കുന്നു. ക്രിസ്തുവിലായാലും, ക്രിഷ്ണനിലായാലും, അല്ലാഹുവിലായാലും മാറേണ്ടത് വ്യക്തിയാണ്. വ്യക്തികള്‍ എടുക്കുന്ന നല്ല തീരുമാനങ്ങള്‍ അവരേയും അവരടങ്ങുന്ന സമൂഹത്തേയും രക്ഷിക്കുന്നു.

ഭാരതീയരായ നമ്മള്‍ക്ക് മാത്രമല്ല പല രാജ്യക്കാര്‍ക്കും പുതുവര്‍ഷങ്ങള്‍ പല മാസത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോന്നിനും കാത്തിരിക്കാം. അതിന്റെ മുന്നോടിയായി ഇംഗ്ലീഷ് കലണ്ടറിലെ ആദ്യമാസമായ ജനുവരിയിലെ ഒന്നാം തിയ്യതി അടിച്ചുപൊളിക്കാം.

എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ട്…

സുധീര്‍ പണിക്കവീട്ടില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment