മുത്വലാഖ്… മുസ്‌ലിം സമൂഹം മാറേണ്ടതെവിടെ….? : ഫിറോസ് പുതുക്കോട്

Muthalaq banner1ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടക്കുന്ന വിവാഹമോചനങ്ങളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മുസ്ലിം സമൂഹത്തില്‍ നടക്കുന്നത്. മുത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ശിക്ഷിക്കുന്നതും സ്ത്രീകള്‍ അകപ്പെട്ട പ്രയാസത്തില്‍ നിന്നും അവരെ കരകയറ്റുന്നതിനും അവളുടെ കണ്ണീര്‍ തുsക്കുന്നതിനും വേണ്ടിയാണു എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്. മദ്യവും മയക്കുമരുന്നും മറ്റു സാമൂഹിക അസമത്വങ്ങളും അടിച്ചമര്‍ത്തലുകളും ഇതിനെക്കാളും വലിയ പ്രയാസങ്ങളും കണ്ണീര്‍ ചാലുകളും അവളില്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് നാം കാണുന്ന യാഥാര്‍ത്ഥ്യമാണ്.

രാജ്യത്തെ മുഴുവന്‍ സ്ത്രീകളും ജാതി മത ഭേതമില്ലാതെ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങളെ ദൂരീകരിക്കുന്നതില്‍ ക്രിയാത്മകമായ ഒരു നിയമ നിര്‍മ്മാണവും നടത്താത്ത സര്‍ക്കാറുകള്‍ ത്വലാഖില്‍ മാത്രം കാണുന്ന കണ്ണീര് സംശയാസ്പദം തന്നെയാണ്. കാരണം ഇതിനെക്കാള്‍ വലിയ പ്രയാസങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്. ന്യൂനപക്ഷ മത സമൂഹങ്ങളുടെ മതാധികാരത്തിന് മേല്‍ കൈകടത്തല്‍ നടത്തുന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു ശ്രമം എന്നത് വ്യക്തമാണ്. അതിലൂടെ സംഘ് പരിവാര്‍ മുന്നോട്ട് വെക്കുന്ന ഏകശിലാ സംസ്കാരത്തിലേക്കുള്ള വഴി വെട്ടുകയാണ് എന്ന് ഏതൊരാള്‍ക്കും മനസിലാവും..

അതവിടെ ഇരിക്കട്ടെ….

രാജ്യത്തെ മുസ്ലിം മതസമൂഹം ഭൂരിപക്ഷവും മുത്വലാഖ് സാധ്യമാകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പരിശുദ്ധ ഖുര്‍ആനിന്റെ ത്വലാഖ് സംബന്ധമായ നിലപാടിന് വിരുദ്ധമാണ് മുത്തലാഖ് എങ്കിലും… അബദ്ധത്തിലോ തമാശക്കോ ഒരാള്‍ പറഞ്ഞാല്‍ ത്വലാഖ് സാധുവാകും എന്ന് തന്നെയാണ് ചെറിയ വിഭാഗം ഒഴിച്ച് ഭൂരിഭാഗം മുസ്ലിംങ്ങളും വിശ്വസിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഉല്‍പതിഷ്ണുക്കളായ ഇസ്ലാമിക സംഘങ്ങളോ വ്യക്തിനിയമ ബോര്‍ഡോ മറിച്ച് ഒരു അഭിപ്രായം പറയും എന്ന് കരുതാന്‍ കഴിയില്ല . ഇതര ജനസമൂഹങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം വിവാഹമോചനം സാധ്യമാകുന്നില്ല പിന്നെയും ഒരുപാട് കടമ്പകള്‍ ഉണ്ട്, എന്നാല്‍ മുസ്ലിം സമൂഹത്തില്‍ ഭര്‍ത്താവിന്റെ അബദ്ധത്തിലോ തമാശയിലോ വികാരത്തള്ളിച്ചയിലോ ഉള്ള വര്‍ത്തമാനം കൊണ്ട് മാത്രം മതപരമായി ബന്ധം വേര്‍പെടുകയും ചെയ്യും.

എങ്ങനെയാണ് ഈ വിഷയത്തെ അതിജയിക്കാന്‍ കഴിയുക…? ഇങ്ങനെ ബന്ധം വിഛേദിക്കപ്പെടുന്ന സ്ത്രീയുടെ സുരക്ഷിതത്വം എങ്ങനെയാണ് ഉറപ്പിക്കാന്‍ കഴിയുക…? മുസ്‌ലിം സമൂഹം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ മതിയാകൂ…

അല്ലാതെ സംഘ് പരിവാര്‍ അജണ്ട …മുസ്ലിം വിരുദ്ധ രാഷ്ട്രീയം… എന്ന് മാത്രം നാഴികക്ക് നാല്പതു വട്ടം പറഞ്ഞത് കൊണ്ടായില്ല…

മുത്വലാഖ് നിയമം മൂലം നിരോധിച്ചാലും മുസ്ലിം സമുദായത്തില്‍ അത് നിലനില്‍ക്കും. കാരണം അനുഷ്ഠാന ശാസ്ത്രത്തില്‍ (മദ്ഹബുകളില്‍) അങ്ങനെ ചില അനുമതികള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് കൊണ്ടുതന്നെ.

ആ അനുമതികളെ പുനര്‍ നിർവ്വചിക്കുവാന്‍ സമുദായ നേതൃത്വം സന്നദ്ധമാവാത്തതാണ് പിന്നെയും പിന്നെയും വിശദീകരിച്ചിട്ടും മുത്വലാഖ് വിഷയത്തിലെ അവ്യക്തത മാറാത്തതിന്റെ പ്രധാന കാരണം.

ഖുർആനില്‍ ഇല്ലാത്ത ഒരു നിയമം ചില പ്രത്യേക സാചര്യത്തില്‍ നിര്‍ദ്ധാരണം ചെയ്യുന്നത് (ഇജ്തിഹാദ്) പോലെ ചില സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ നിയമങ്ങളെ മരവിപ്പിക്കാനോ/റദ്ദ് ചെയ്യാനോ ശരീഅത്തില്‍ സാധ്യതയുണ്ട്. ഇസ്ലാമില്‍ കട്ടവന്റെ കൈ മുറിക്കുക എന്ന നിയമം ഉണ്ടായിരിക്കെ തന്നെയാണ് രണ്ടാം ഖലീഫ ഉമര്‍ (റ) തെളിവുകളൊക്കെ ഉണ്ടായിട്ടും ഒരു കള്ളന്റെ കൈ വെട്ടാതിരുന്നത്. ഇസ്ലാമിലെ വധ ശിക്ഷക്ക്‌ പുതിയ കാലഘട്ടത്തില്‍ മൊറട്ടോറിയം (മരവിപ്പിക്കല്‍) പ്രഖ്യാപിക്കണമെന്ന ആധുനിക പണ്ഡിതനായ താരിഖ് റമദാനെ പോലെയുള്ളവരുടെ വാദവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

ശരീഅത്ത് നിയമങ്ങളുടെ പ്രത്യേകത അതിന്റെ ‘ഇലാസ്തിക’ സ്വഭാവമാണ്, അഥവാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വികസിക്കാനും ചുരുങ്ങാനും അതിന് കഴിയും. പക്ഷേ അക്ഷര വായനക്കാര്‍ ശരീഅത്ത് നിയമങ്ങളുടെ ഈ വികാസ/സങ്കോച ക്ഷമതയെ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പുറകിലാണ്. പരമ്പരാഗത സമുദായ നേതൃത്വമാകട്ടെ ആ സാധ്യതയുടെ വാതില്‍ കൊട്ടിയടച്ച് താഴിട്ട് മാറി നില്‍ക്കുകയുമാണ്.

ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ആധുനിക പണ്ഡിതന്മാരും പുരോഗമന പ്രസ്ഥാനങ്ങളും പല വിഷയങ്ങളിലും അങ്ങനെ ചില വ്യാഖ്യാനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അത് അംഗീകരിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ വളരെ കുറവാണ്. ഭൂരിഭാഗം ജനങ്ങളും പരമ്പരാഗത സമുദായ നേതൃത്വത്തെ അക്ഷരംപ്രതി അംഗീകരിക്കുന്നവരാവുമ്പോള്‍ വിശേഷിച്ചും.

അപ്പോള്‍ മുത്വലാഖ് എന്ന രീതി ഇസ്ലാമികമല്ല എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല. കര്‍മ്മശാസ്ത്രത്തിലെ മുത്വലാഖിനുള്ള സാധ്യതകളെ മരവിപ്പിച്ചോ/റദ്ദ് ചെയ്തോ പുനര്‍നിര്‍വ്വചിക്കാനും അത് സമുദായ അംഗങ്ങളെ ബോധവല്‍ക്കരിക്കാനും സമുദായ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ട്.

പരമ്പരാഗത മുസ്ലിം നേതൃത്വങ്ങള്‍ക്ക് ഇങ്ങനെ ഒരു മാറ്റത്തിന് സമയമെടുക്കും എന്ന് നമുക്കറിയാം. പക്ഷേ, ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും ഈ വിഷയത്തിലെ സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിക്കാതെ മാറി നിൽക്കുന്നതാണ് മനസിലാവാത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News