രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കമലാഹാസനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു

kamal-rajaniചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തും മനസ് തുറക്കാത്ത കമല്‍ഹാസനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മലേഷ്യ വേദിയായേക്കും. മലേഷ്യയില്‍ നടക്കുന്ന ഒരു ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കില്ല ഇരുവരും പരസ്പരം കാണുക. ചെന്നൈയില്‍ നടികര്‍ സംഘത്തിന്റെ (സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ പണം സ്വരൂപിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനീകാന്തും കമലഹാസനും എത്തുക.

രാഷ്ട്രീയപരമായ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. സിനിമാമേഖലയില്‍ നിന്നുള്ള ഇരുനൂറിലേറെ പേര്‍ മലേഷ്യയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. രജനീകാന്ത് വ്യാഴാഴ്ച രാത്രി മലേഷ്യയിലേക്കു പുറപ്പെട്ടു. കമല്‍ഹാസന്‍ ഇന്ന് മലേഷ്യയിലെത്തും.

കഴിഞ്ഞ ദിവസം ഡിഎംകെ തലവന്‍ കരുണാനിധിയെ രജനീകാന്ത് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുന്‍ അണ്ണാഡിഎംകെ മന്ത്രിയും ചലച്ചിത്രകാരനുമായ ആര്‍.എം.വീരപ്പനുമായും രജനി കൂടിക്കാഴ്ച നടത്തി. അതിനിടെ രജനീകാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാടു വ്യക്തമാക്കി സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍.റഹ്മാനും രംഗത്തെത്തി. ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും രജനീകാന്ത് ഉദ്ദേശിച്ചതെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും റഹ്മാന്‍ പറഞ്ഞു. ആരു രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിഎംഡിഎ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത രജനീകാന്തിനും കമല്‍ഹാസനുമെതിരെ പരോക്ഷ വിമര്‍ശനവുമായാണു രംഗത്തെത്തിയത്. ഇത്രയും നാളും ‘ഉറങ്ങിക്കിടന്നവരാണ്’ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് പേരെടുത്തു പറയാതെ പ്രേമലത വിമര്‍ശിച്ചു.

തന്റെ ഭര്‍ത്താവിന് ഇപ്പോഴും ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ട്. ആരംഭകാലം മുതല്‍ക്കേ ഡിഎംഡികെ പോരാടുന്നത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണെന്നും പ്രേമലത വ്യക്തമാക്കി. കൂടല്ലൂരില്‍ കരിമ്പു കര്‍ഷകര്‍ക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പ്രേമലതയെയും മറ്റു പ്രവര്‍ത്തകരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment