മാണി കുഴിച്ച കുഴിയില്‍ പ്രളയം (ചാരുംമൂട് ജോസ്)

Mani kuzhicha banner1സ്വയം കുഴിതോണ്ടി യു.ഡി.എഫില്‍ നിന്നു പുറത്തുചാടി സ്വന്തം പാര്‍ട്ടിയെ തന്നെ വെട്ടിലാക്കി ഇപ്പോള്‍ കരകയറാന്‍ ആകെ ബുദ്ധിമുട്ടുന്ന കാഴ്ച കേരള ജനത വീക്ഷിക്കുകയാണ്. ബി.ജെ.പിയുമായി ഒട്ടിച്ചേര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം പുത്രനും, ഗവര്‍ണ്ണര്‍ പദവിയും സ്വപ്‌നം കണ്ട് പുറത്തു ചാടിയപ്പോള്‍ എട്ടുനിലയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ പതുക്കെ സി.പി.എം. യോഗങ്ങളില്‍ ചുമന്ന മാലയും അണിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ്. തദ്ദേശഭരണത്തെ പരാജയപ്പെടുത്തുകയും കാലു വാരുകയും സിപിഎമ്മിന്റെ ദാസവൃത്തി ചെയ്ത് ഇടതു മുന്നണി പ്രവേശനം ഏതാണ്ട് ധാരണയായി മന്ത്രിമോഹവുമായി സായൂജ്യ മടഞ്ഞിരിക്കുന്ന സമയത്ത്, സി.പി.ഐ.യുടെ എതിര്‍പ്പ് പ്രത്യേകിച്ചു പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അഴിമതി വിരുദ്ധത മാണി കുഴിച്ച കുഴിയില്‍ ജലപ്രളയം കൂട്ടിയിരിക്കുകയാണ്. ഈ പ്രളയത്തില്‍ മുങ്ങിത്താണ് കരകയറാന്‍ നിവൃത്തിയില്ലാതെ മാണി കഴിയുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പേരിലും സഭയുടെ പേരിലും, കര്‍ഷകരുടെ പേരിലും മഹാരഥന്മാരായ പി.ടി. ചാക്കോയും കെ.എം. ജോര്‍ജും സ്ഥാപിച്ച കേരളാ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് സഭാനേതാക്കള്‍ നികൃഷ്ട ജീവികളാണെന്ന് ചിത്രീകരിക്കുന്നവര്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കൊടിപിടിച്ച് മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കെ.എം.മാണിയും പുത്രനും സംഘവും സ്വന്തം കുഴി തോണ്ടിയത് അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയും തിരഞ്ഞെടുപ്പില്‍ നിന്നാല്‍ പച്ചതൊടില്ല എന്ന ഗതിയിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ ഇരുട്ടില്‍ മുങ്ങിത്തപ്പുകയാണ്. 50 വര്‍ഷത്തിലധികം അധികാരത്തിലായിരുന്നെങ്കിലും അത്യാര്‍ത്തി മൂലം കോട്ടയില്‍ പടയൊരുക്കം കുറിച്ചുകൊണ്ട് മാണി സ്വയം ഇല്ലാതാവുന്ന കാഴ്ച കേരളം കാണുന്നു.

യു.ഡി.എഫ് നേതാക്കളോടും സഭയോടും കര്‍ഷകരോടും ലവലേശം നന്ദികാട്ടാതെ അധികാരക്കൊതിയോടെ അവിടെയും ഇവിടെയും ഓടി നടക്കുന്ന മാണി അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവന്റെ സ്ഥിതിയിലായി സ്വയം കുഴിയിലായി പ്രളയത്തില്‍ മുങ്ങിതപ്പുകയാണ്. കേരള കോണ്‍ഗ്രസ്സുകാര്‍ ചിന്തിക്കുക! ഇതെന്തു രാഷ്ട്രീയം! പാര്‍ട്ടിയില്‍ ജനാധിപത്യം പുനസ്ഥാപിക്കൂ!

ജയ് ഹിന്ദ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment