Flash News

നിബന്ധനകളില്ലാതെ ഉത്തര കൊറിയയുടെ കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താന്‍ സമ്മതമാണെന്ന് ഡൊണാള്‍ഡ് ട്രം‌പ്

January 7, 2018

170501-trump-meet-kim-featureക്യാംപ് ഡേവിഡ്: മുന്‍‌വിധികളോ നിബന്ധനകളോ ഒന്നുമില്ലാതെ കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താന്‍ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണകൊറിയയുമായുള്ള ഉത്തരകൊറിയയുടെ ചര്‍ച്ചയില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. മെരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനഃരാരംഭിക്കാമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വാഷിങ്ടനും സോളും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ട്രംപിന്റെ പ്രസ്താവനയെയും പ്രതീക്ഷയോടെയാണ് ഈ രംഗത്തെ വിദഗ്ധര്‍ കാണുന്നത്. കിമ്മുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും സംഭാഷണത്തിന് നിബന്ധനകള്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

ട്രംപ് അധികാരത്തില്‍ കയറിയതുമുതല്‍ പരസ്പരം ആക്രമിക്കുന്ന തീപ്പൊരി പ്രസ്താവനകളാണ് ഇരു നേതാക്കന്മാരും നടത്തിയത്. കിമ്മിനെ റോക്കറ്റ് മാനെന്നു ട്രംപ് പലതവണ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഉത്തരകൊറിയയുടെ അണവായുധ മിസൈലിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നു പറഞ്ഞ കിമ്മിനു മറുപടിയായി, അതിലും വലിയ അണവായുധമാണ് തങ്ങളുടെ പക്കലുള്ളതെന്നും അതിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നും ട്രംപ് തിരിച്ചടിച്ചിരുന്നു.

അതേസമയം, ദക്ഷിണകൊറിയയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സില്‍ തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം ഉത്തരകൊറിയ ചര്‍ച്ചകളില്‍ ഉന്നയിച്ചേക്കും. നിലവിലെ സങ്കീര്‍ണതകളും ആശങ്കകളും ചര്‍ച്ചയിലൂടെ ലഘൂകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്‌സിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. അതു നല്ല തുടക്കമാണെന്ന് ട്രംപ് വ്യക്തമാക്കി. ‘ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. കിമ്മിനറിയാം ഞാന്‍ വെറുതെ കറങ്ങുകയല്ലെന്ന്. ഇത്തരം ചര്‍ച്ചകളില്‍നിന്ന് എന്തെങ്കിലും ഫലമുണ്ടായാല്‍ അതു ലോകത്തിനും മനുഷ്യകുലത്തിനും വലിയ സംഭവമായിരിക്കും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top