Flash News

Donald Trump, Pakistan and India – ട്രംപും പാക്കിസ്താനും ഇന്ത്യയും

January 8, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

trumpum banner1ഡൊണാള്‍ഡ് ട്രംപ് പാക്കിസ്താനോട് പറയുന്നതുകേട്ട് നമ്മള്‍ ഇന്ത്യക്കാര്‍ കയ്യടിക്കാന്‍ വരട്ടെ. അമേരിക്കയില്‍നിന്നു നമുക്കെന്തുകിട്ടി, നാം എന്തു പകരം കൊടുക്കേണ്ടിവരും എന്നുകൂടി പരിശോധിച്ച് ആഹ്ലാദിക്കുന്നതായിരിക്കും ബുദ്ധി.

കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് പാക്കിസ്താനും അമേരിക്കയുമായുള്ള കൊള്ളക്കൊടുക്കലുകളെക്കുറിച്ചു മാത്രമാണ് ട്രംപ് പരാമര്‍ശിച്ചത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനു ശേഷമുള്ള കാലത്തെ.

ഭീകരപ്രവര്‍ത്തനം തടയുന്നതിനുള്ള സഹായമായാണ് 3300 കോടി ഡോളര്‍ പാക്കിസ്താന് ഈ കാലയളവില്‍ അമേരിക്ക കൊടുത്തത്. തിരിച്ചുകിട്ടിയത് ചതിയും നുണയുമാണെന്ന് പറഞ്ഞാണ് സഹായം കുറച്ചതും നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും. അഫ്ഗാനിസ്താനില്‍ അമേരിക്ക ഭീകരരെ കഷ്ടപ്പെട്ട് വേട്ടയാടുമ്പോള്‍ പാക്കിസ്താന്‍ അവര്‍ക്ക് അഭയം കൊടുക്കുകയായിരുന്നെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്.

നാലുപതിറ്റാണ്ട് പഴക്കമുള്ളതാണ് അഫ്ഗാനിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനം. ആ ചരിത്രത്തിന്റെ പൊതി ഇപ്പോഴും ട്രംപ് തുറക്കാന്‍ തയാറായിട്ടില്ല. അതിനുവേണ്ടി അമേരിക്ക നല്‍കിയ സഹായത്തിന്റെയും പാക്കിസ്താന്റെ പങ്കാളിത്തത്തിന്റെയും വിവരം വെളിപ്പെടുത്താന്‍ ട്രംപിന് സാധ്യവുമല്ല.

1979ലാണ് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്താന്‍ കടന്നാക്രമിച്ചതും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അവിടെ അവരോധിച്ചതും. ആ ഗവണ്മെന്റിനെ തകര്‍ക്കാനുള്ള പ്രതിജ്ഞയുമായാണ് ബിന്‍ ലാദന്‍ സൗദി അറേബ്യയില്‍നിന്ന് അഫ്ഗാനിസ്താനിലേക്കു പോയത്. മക്തബ് അല്‍ ഖിദാമര്‍ (MAK) എന്ന സംഘടന രൂപീകരിച്ച് ആളും അര്‍ത്ഥവും ആയുധവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിച്ചത്.

സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരായ ഈ ഭീകരപ്രവര്‍ത്തനത്തിന് സഹായവും പിന്‍ബലവും നല്‍കിയത് സി.ഐ.എയും പാക്കിസ്താന്‍ സേനാനേതൃത്വവും ഇന്റലിജന്റ്‌സ് ഏജന്‍സിയുമായ ഐ.എസ്.ഐയും ചേര്‍ന്നായിരുന്നു. ശീതയുദ്ധത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനെതിരെ ആഗോളതലത്തില്‍ അമേരിക്ക നടത്തുന്ന സൈനിക-രാഷ്ട്രീയ നീക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്.

അഫ്ഗാന്‍ അധിനിവേശത്തെ സായുധമായി പരാജയപ്പെടുത്താന്‍ പാക്കിസ്താന്‍, താലിബാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നും പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്നുപോലും ഇസ്ലാമിക തീവ്രവാദികളെ റിക്രൂട്ട് ചെയ്തതും പരിശീലിപ്പിച്ചതും ബിന്‍ ലാദന്റെ നേതൃത്വത്തിലായിരുന്നു. മോസ്‌ക്കോവിനെതിരായുള്ള സി.ഐ.എ യുദ്ധത്തിലെ നിര്‍ണ്ണായക ഭാഗമായിരുന്നു എം.എ.കെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അഫ്ഗാനിസ്താനിലെയും പാക്കിസ്താനിലെയും ഭീകരരും താവളങ്ങളും.

1992ല്‍ അഫ്ഗാന്‍ യുദ്ധം അവസാനിക്കുന്നതിന് മുമ്പുതന്നെ അല്‍‌ഖ്വയ്ദക്ക് ബിന്‍ ലാദന്‍ രൂപംനല്‍കിയിരുന്നു. പിന്നീട് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതടക്കമുള്ള ആഗോള ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അല്‍ഖ്വയ്ദയെ വളര്‍ത്തിയത് അമേരിക്കയുടെ സോവിയറ്റ് വിരുദ്ധതയും സി.ഐ.എയുടെ പാക്കിസ്താനുമായി സഹകരിച്ചുള്ള സാഹസിക നീക്കങ്ങളുമായിരുന്നു. ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധതയിലേക്ക് മാറുന്നത് ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും യു.എസ് നേതൃത്വത്തില്‍ ഇറാഖിനെതിരെ സഖ്യസേനയുടെ പ്രത്യാക്രമണവും സൃഷ്ടിച്ച രാഷ്ട്രീയ കാരണംകൊണ്ടാണ്. ബിന്‍ ലാദനെ സൈനിക ആസ്ഥാനത്തിന് സമീപംതന്നെ രഹസ്യമായി പാര്‍പ്പിച്ചതും പാക്കിസ്താന്‍ സൈനിക നേതൃത്വവും ഐ.എസ്.ഐയുമാണ്.

അതേസമയം ഇന്ത്യയുടെ അമേരിക്കന്‍ അനുഭവങ്ങള്‍ക്ക് നാലുപതിറ്റാണ്ടിന്റെ അനുഭവമുണ്ട്. 1947 ഒക്‌ടോബറില്‍ കശ്മീര്‍ അധിനിവേശത്തിന് മേജര്‍ ജനറല്‍ ഹീയാനിയുടെ നേതൃത്വത്തില്‍ ഗോത്രവര്‍ഗക്കാരെയും പാക് സൈന്യത്തെയും ഉപയോഗിച്ചു നടത്തിയ നീക്കങ്ങളോളം. ഇന്ത്യയോടു ചേര്‍ന്ന കശ്മീര്‍പ്രശ്‌നം അന്താരാഷ്ട്രവത്ക്കരിക്കുന്നതിനും ഐക്യരാഷ്ട്ര സംഘടനയെ ഉപയോഗിച്ച് പാക്കിസ്താന് അനുകൂലമാക്കുന്നതിനും അമേരിക്ക മുന്‍കൈ എടുത്തതു മുതല്‍.

പാക്കിസ്താനില്‍നിന്നുള്ള അഭയാര്‍ത്ഥിപ്രശ്‌നവും ഭക്ഷ്യക്ഷാമവും, ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള വന്‍ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് 1949ല്‍ പ്രധാനമന്ത്രി നെഹ്‌റു സഹായത്തിന് അമേരിക്കയെ സമീപിച്ചത്. ശീതയുദ്ധ സാഹചര്യത്തിന്റെ രാഷ്ട്രീയം അമേരിക്കയെയും സോവിയറ്റ് യൂണിയനെയും കേന്ദ്രീകരിച്ച് വലിഞ്ഞുമുറുകി നിന്നിരുന്ന സന്ദര്‍ഭം. കോളനി വാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യംനേടിയ ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും ചേരിചേരാനയത്തിന്റെയും നേതാവായിത്തീര്‍ന്ന നെഹ്‌റു ഇന്ത്യയുടെ വിദേശനയം വിശദീകരിച്ചാണ് അമേരിക്കന്‍ സഹായം ആവശ്യപ്പെട്ടത്. പ്രസിഡന്റ് ട്രൂമാന്‍ കണ്ണുതുറന്നില്ല. തന്റെ അനുഭവം നെഹ്‌റു പ്രകടിപ്പിച്ചതിങ്ങനെ:

”എന്നെ സ്വീകരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. നന്ദിയുണ്ട്. ഞാനത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രത്യുപകാരമായി അതിനേക്കാളേറെ അവര്‍ പ്രതീക്ഷിച്ചു. അത് നല്‍കുക അസാധ്യമായിരുന്നു.”

ഇന്ത്യയുടെയും അമേരിക്കയുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള നയപരമായ പൊരുത്തത്തിന്റെ വൈരുദ്ധ്യം അവിടെ ആരംഭിക്കുന്നു. 1955 മുതല്‍ പാക്കിസ്താന് ആയുധവും സഹായവും വാരിക്കോരിക്കൊടുത്തു അമേരിക്ക. ഇന്ത്യയുമായുള്ള യുദ്ധത്തിന് പാക്കിസ്താനെ തയാറാക്കിയത് അമേരിക്കന്‍ പിന്തുണയും സഹായവുമാണ്. 1971ഓടെ കിഴക്കന്‍ പാക്കിസ്താനിലെ ജനങ്ങളും പ്രസിഡന്റ് ജന. യഹ്യാ ഖാന്റെ പട്ടാളഭരണവുമായുള്ള സംഘര്‍ഷം രൂക്ഷമായി. സൈനിക പിന്‍ബലത്തോടെ കിഴക്കന്‍ പാക്കിസ്താനില്‍ നടത്തിയ മനുഷ്യക്കുരുതി. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഒരുകോടിയോളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഓടിവന്നത്. കിഴക്കന്‍ പാക്കിസ്താനിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമായ മുജീബുര്‍ റഹ്മാനെതിരെയും ജനങ്ങളുടെ വിമോചന രക്ഷാസേനയായ മുക്തിബാഹിനിക്കെതിരെയും അമേരിക്കന്‍ സായുധബലം പാക്കിസ്താന്‍ പട്ടാളഭരണം ക്രൂരമായി ഉപയോഗിച്ചു. അതു തടയണമെന്ന് ഇന്ദിരാഗാന്ധി പ്രസിഡന്റ് നിക്‌സനെ ആവര്‍ത്തിച്ച് അറിയിച്ചു. ഫലമില്ലാതെ അമേരിക്ക സന്ദര്‍ശിച്ച് നേരില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ഇന്ത്യയുടെ വികാരവും നിലപാടും അവഗണിക്കുക മാത്രമല്ല അമേരിക്കന്‍ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയാണ് നിക്‌സണ്‍ ചെയ്തത്. ബംഗാള്‍ അഭയാര്‍ത്ഥി പ്രശ്‌നത്തെപ്പറ്റി ഒരു വാക്കുപോലും നിക്‌സണ്‍ പരാമര്‍ശിച്ചില്ല. നയതന്ത്ര വഴക്കങ്ങളും മര്യാദകളും ലംഘിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവഹേളിക്കുകയും അപമാനിക്കുകയും രഹസ്യമായി പരിഹസിക്കുകപോലും ചെയ്തു. പിറ്റേന്ന് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മുക്കാല്‍ മണിക്കൂര്‍ നിക്‌സണ്‍ കാത്തിരിപ്പിച്ചു.

ഒടുവില്‍ ഇന്ദിരാഗാന്ധി – നിക്‌സണ്‍ കൂടിക്കാഴ്ച പരാജയമായി അവസാനിച്ചു. പാക്കിസ്താനാണ് 1971 ഡിസംബര്‍ 3ന് ഇന്ത്യയ്‌ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചത്. തിരിച്ചടിക്കാന്‍ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായ്ക്ക് ഇന്ദിര പച്ചക്കൊടി കാട്ടി. എന്നിട്ടും ഇന്ത്യയാണ് പാക്കിസ്താനെ ആക്രമിച്ചതെന്നായിരുന്നു അമേരിക്ക കുറ്റപ്പെടുത്തിയത്.

ചൈനയുമായി പാലമിടാനും സോവിയറ്റ് യൂണിയനുമായി സുരക്ഷാകരാറില്‍ ഏര്‍പ്പെട്ട ഇന്ത്യയെ കൈകാര്യം ചെയ്യാനും കൈവശമുള്ള കരുവെന്ന നിലയിലാണ് പാക്കിസ്താനെ അമേരിക്ക ഉപയോഗിച്ചത്. നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാക്കിയതും പ്രത്യേക പദവി അനുവദിച്ചതും. സോവിയറ്റ് യൂണിയനും ശീതയുദ്ധവുമൊക്കെ ചരിത്രത്തിലെ ഓര്‍മ്മയായി. ആഗോളവത്ക്കരണത്തെ തുടര്‍ന്ന് മാറിയ ആഗോളപരിതസ്ഥിതിയില്‍ ചൈന വന്‍ സാമ്പത്തിക-സൈനിക ശക്തിയാവുകയും ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ചൈനയാണ് ഇപ്പോള്‍ അമേരിക്കയുടെ ആഗോളശത്രു. ഇന്ത്യയോടുള്ള പഴയ നിലപാടുവിട്ട് മുമ്പ് പാക്കിസ്താനു നല്‍കിയതിലപ്പുറമുള്ള പരിഗണന അമേരിക്ക ഇന്ത്യയ്ക്കു നല്‍കുന്നു. യു.പി.എ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനും തുടര്‍ന്ന് നരേന്ദ്രമോദിക്കും വിശ്വസ്ത സുഹൃത്തുക്കളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്‌നേഹാദരംകൊണ്ടു മൂടുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയ അമേരിക്കക്ക് അതിന്റെ ഏഷ്യയിലെ താല്പര്യങ്ങള്‍ക്ക് കാവല്‍ക്കാരനായി ഇന്ത്യയെ ആവശ്യമുണ്ട്. അതിനുവേണ്ടി പുതിയ സൈനിക സുരക്ഷാ സഖ്യങ്ങള്‍ ആഗോളനയങ്ങളുടെ ഭാഗമാക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് ചൈനയ്‌ക്കെതിരെ ഇന്ത്യയെയും ജപ്പാനെയും ആസ്‌ട്രേലിയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചതുഷ്‌ക്കോണ സൈനിക കൂട്ടായ്മ ആരംഭിച്ചിട്ടുള്ളത്. പത്തുവര്‍ഷംമുമ്പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ മുന്നോട്ടുവെച്ച ഈ ആശയം ഇന്തോനേഷ്യയുടെ നിസ്സഹകരണവും ചൈനയുടെ എതിര്‍പ്പും മൂലം അമേരിക്ക വാങ്ങിവെച്ചതായിരുന്നു.

ഒബാമയും ഇപ്പോള്‍ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദേശ-നയ-സൈനിക കൂട്ടായ്മയില്‍ പാക്കിസ്താന്‍ ഒരു കല്ലുകടിയാണ്. ട്രംപിന്റെ പ്രസ്താവനയോടെ പൂര്‍ണ്ണമായി പാക്കിസ്താനെ അമേരിക്ക ഉപേക്ഷിച്ചെന്നോ പാക്കിസ്താന്റെ പ്രസക്തിതന്നെ ഇല്ലാതായെന്നോ കരുതേണ്ട. ആഭ്യന്തരമായ രാഷ്ട്രീയ – സാമ്പത്തിക പ്രതിസന്ധിയെയും സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള അസംതൃപ്തിയെയും സമ്മര്‍ദ്ദത്തെയും നേരിടുന്ന പാക്കിസ്താന് പിടിച്ചുനില്‍ക്കേണ്ടതുണ്ട്. ചൈനയുടെയും റഷ്യയുടെയും സഹായത്തിന് പാക്കിസ്താന്‍ പരിശ്രമിക്കുന്നത് സ്വാഭാവികം. അതോടൊപ്പം ഭീകരവാദപ്രശ്‌നവും സമാധാനത്തിനുള്ള ഭീഷണിയും ദക്ഷിണ ഏഷ്യയില്‍ ഇല്ലാതാകുന്നുമില്ല.

ട്രംപിന്റെ നിലപാടില്‍നിന്ന് പുറത്തുവന്നത് മായവും മറയുമില്ലാത്ത യഥാര്‍ത്ഥ സന്ദേശമാണ്. ഞങ്ങള്‍ തരുന്നതിന് പകരമായി നിങ്ങള്‍ എന്താണ് ഞങ്ങള്‍ക്കു തരുന്നത്. അല്ലെങ്കില്‍ നമ്മുടെ ബന്ധം എന്തിന്? രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ ട്രംപ് താരതമ്യപ്പെടുത്തുന്നത് അമേരിക്കക്ക് എന്തു ലാഭം എന്നുനോക്കിയാണ്.

ലോകസമാധാനം, ജനാധിപത്യം തുടങ്ങിയ മഹദ് വചനങ്ങളൊക്കെ എബ്രഹാം ലിങ്കന്റെ അമേരിക്ക ഉപേക്ഷിച്ചുകഴിഞ്ഞു. അതാണ് സ്വന്തം വ്യവസായത്തിന്റെ ലാഭക്കണക്കുകളിലൂടെ രാഷ്ട്രീയത്തിലേക്ക് വേരോട്ടമുണ്ടാക്കിവളര്‍ന്ന ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. അതുകൊണ്ട് ഇന്ത്യ പാക്കിസ്താനെ പരിഹസിക്കുന്നതിനു പകരം നാളെ ഈ കണക്കുപരിശോധന സ്വയം നേരിടേണ്ടിവരുമെന്നു ഓര്‍ക്കുന്നത് നന്ന്.

നെഹ്‌റു ആവിഷ്‌ക്കരിച്ച, ഇന്ത്യ മുന്നോട്ടുകൊണ്ടുപോയ വിദേശനയത്തിന്റെ വഴി ഇവിടെ മുറിയുകയാണെന്ന് നാം ഒപ്പം മനസ്സിലാക്കേണ്ടതുണ്ട്.

ട്രംപിനെപ്പോലെ ചരിത്രത്തിന്റെ പഴുതിലൂടെ വര്‍ത്തമാനകാലത്തെ മാത്രം നോക്കിക്കാണുന്നവര്‍ വരയ്ക്കുന്ന ചിത്രം ഏറെ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും.

കഴിഞ്ഞദിവസം ആര്‍.എസ്.എസിന്റെ കോട്ടയത്തെ സെമിനാറില്‍ സുപ്രിംകോടതിയിലെ ബഹുമാന്യനായ ഒരു മുന്‍ ന്യായാധിപന്‍ അടിയന്തരാവസ്ഥയെപ്പറ്റി പറഞ്ഞത് സൂചിപ്പിക്കുന്നു. ആര്‍.എസ്.എസ് അടിത്തട്ടില്‍ നടത്തിയ ശക്തമായ നീക്കങ്ങളെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിതി മോശമായിരിക്കുമെന്ന ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്.

തെറ്റാണിത്. അടിയന്തരാവസ്ഥ നിലനില്‍ക്കെയാണ് 1977 ജനുവരി 23-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനുശേഷമാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ അടച്ചിരുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചത്. മാര്‍ച്ച് 16-19 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. മാര്‍ച്ച് 20ന് വോട്ടെണ്ണല്‍. രാത്രിയോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഭരണകക്ഷിയായ കോണ്‍ഗ്രസ് ഐയുടെ മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ട വാര്‍ത്ത പുറത്തുവന്നു. പിറ്റേന്നാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും വിധിയെത്തുടര്‍ന്ന്. പിന്നെയും ഒരുമാസത്തോളം കഴിഞ്ഞാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും നക്‌സലൈറ്റുകളെയും മിസ തടവില്‍നിന്ന് വിട്ടയച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top