Flash News

ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്തര കൊറിയന്‍ ഏകാധിപതിക്ക് ഇന്ന് 34-ാം ജന്മദിനം

January 8, 2018

kimഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഇന്ന്  34-ാം ജന്മദിനം. അതേസമയം ഉന്നിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഉത്തരകൊറിയ ഒഴിവാക്കിയിരിക്കുകയാണ്. ആഘോഷപരിപാടികള്‍ ഒഴിവാക്കിയത് നിരവധി അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഉത്തരകൊറിയയുടെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം അടയാളപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെ ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഉത്തരകൊറിയയില്‍ ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ജന്മദിനാഘോഷം വേണ്ടെന്നുവെച്ചതാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.

ഐക്യരാഷ്ട്ര സംഘനടയുടെയും യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെയും കടുത്ത എതിര്‍പ്പുകള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമിടെ 2017ല്‍ മാത്രം ചെറുതും വലുതുമായ 16 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ലോകത്തെയാകമാനം ഞെട്ടിച്ച് ആറാം ആണവ പരീക്ഷണവും അവര്‍ സംഘടിപ്പിച്ചു. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളും ആറാം ആണവ പരീക്ഷണവും നിമിത്തം ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ ഉത്തരകൊറിയയെ ബാധിച്ചുതുടങ്ങിയതിന്റെ സൂചനയാണ് ആഘോഷ പരിപാടികളില്‍നിന്നുള്ള ഈ പിന്‍മാറ്റമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, അടുത്തിടെയായി ദക്ഷിണകൊറിയയുമായും യുഎസുമായും അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നതും ‘ക്ഷീണം’ ബാധിച്ചു തുടങ്ങിയതിന്റെ സൂചനയാണെന്നാണ് നിഗമനം.

ആറാം ആണവപരീക്ഷണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങള്‍ ഉത്തരകൊറിയയിലെ തൊഴിലാളി വര്‍ഗത്തെ കടുത്ത രീതിയില്‍ ബാധിച്ചതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി കയറ്റുമതിയും കാര്യമായി കുറഞ്ഞതോടെ പലര്‍ക്കും ജോലി നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കിം ജോങ് ഉന്നിന്റെ ജനപ്രീതിയില്‍ വന്‍തോതിലുള്ള ഇടിവുണ്ടായതായും ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോലി നഷ്ടമാകുകയും രാജ്യം പട്ടിണിയിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, ഭരണാധികാരിയുടെ ജന്മദിനത്തിന് ദേശീയതലത്തില്‍ അവധി നല്‍കുകയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് എതിരാകുമെന്ന വിലയിരുത്തലിലാണ് അധികാരികളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും (ഫെബ്രുവരി 16) മുത്തച്ഛന്‍ കിം ഇല്‍ സങ്ങിന്റെയും (ഏപ്രില്‍ 15) ജന്മദിനങ്ങള്‍ ഇരുവരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവധി ദിനങ്ങളായിരുന്നു. ഇപ്പോഴും ഉത്തരകൊറിയയിലെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇവ. അതേസമയം, കിം ജോങ് ഉന്നിന്റെ പ്രായവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ ഔദ്യോഗികമായി യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top