Flash News

വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

January 9, 2018

Ltrhd 2018പത്തനംതിട്ട: വന്‍കിട തോട്ടമുടമകള്‍ക്കെതിരെയുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകരും ഭൂമാഫിയകളുമായുള്ള ബന്ധങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

V C Sebastianജീവനോപാധിക്കായി കൃഷിചെയ്യുന്ന നാമമാത്ര കര്‍ഷകന്റെ കൃഷിഭൂമി കയ്യേറ്റമെന്നാരോപിച്ച് കരമടയ്ക്കുന്നത് നിഷേധിക്കുകയും പട്ടയം റദ്ദ്‌ചെയ്ത് കൈവശപ്പെടുത്തുകയും ചെയ്യുന്ന റവന്യൂ വനം വകുപ്പുകളും ഉദ്യോഗസ്ഥരും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈവശംവച്ചനുഭവിക്കുന്ന വന്‍കിടക്കാരുടെ സംരക്ഷകരാകുന്നത് ലജ്ജാകരവും അതീവഗൗരവമുള്ള രാജ്യദ്രോഹക്കുറ്റവുമാണ്. ഇക്കൂട്ടരുടെ കൈവശത്തിലിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടരുതെന്ന ഉത്തരവ് കോടതിയിലെത്തിയപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹാജരാകാതിരുന്ന ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. തത്ഫലമായി മരംവെട്ടാനുള്ള വിധി തോട്ടമുടമകള്‍ സമ്പാദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് വെട്ടിമാറ്റാന്‍ അനുവദിച്ച് കോടികളുടെ തട്ടിപ്പിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും കുടപിടിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍സംവിധാനങ്ങളുടെ സംരക്ഷകരാകേണ്ടവര്‍ ഭരണത്തിന്റെ മറവില്‍ നാടിനെ തീറെഴുതി വന്‍ചതിക്ക് കൂട്ടുനിന്നിട്ട് കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് വിചിത്രമാണ്.

വന്‍കിട ഭൂമാഫിയകള്‍ നിയമവിരുദ്ധവും അനധികൃതവുമായി കൈവശംവച്ചിരിക്കുന്ന പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഏറ്റെടുത്ത് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫയല്‍ചെയ്ത ഹര്‍ജികളില്‍ 2015ല്‍ ജസ്റ്റിസ് പി.വി.ആശ സര്‍ക്കാര്‍ നടപടികളെ സാധൂകരിച്ച് ഡിവിഷന്‍ ബഞ്ചിന് റഫര്‍ചെയ്തു. ഈ കേസുകള്‍ ജനുവരി 30ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ പരിഗണനയ്ക്കുവരുമ്പോള്‍ രേഖകളും തെളിവുകളും സമര്‍പ്പിക്കാതെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിക്കാനുള്ള സാഹചര്യമുണ്ടാകരുത്. ടാറ്റാ, ഹാരിസണ്‍ മലയാളം, ടിആര്‍ആന്റ്ടി തുടങ്ങിയ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികളുടെ കൈവശമിരിക്കുന്ന ലക്ഷക്കണക്കിനേക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമവകുപ്പും ഉദ്യോഗസ്ഥരും ഉരുണ്ടുകളിക്കുന്നത് ശരിയല്ല. ഇതിന്റെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സര്‍ക്കാര്‍ഭൂമി കൈവശംവച്ചിരിക്കുന്ന വന്‍കിട തോട്ടമുടമകള്‍ക്കുമുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നത് ജനാധിപത്യഭരണത്തിനു കളങ്കമാണ് നിവേദിത ഹരന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, സജിത്ത് സാബു റിപ്പോര്‍ട്ട്, വിജിലന്‍സ് റിപ്പോര്‍ട്ട്, രാജമാണിക്യം റിപ്പോര്‍ട്ട് എന്നിവയെല്ലാം ഹാരിസണ്‍ മലയാളമുള്‍പ്പെടെ കേരളത്തിലെ വന്‍കിട തോട്ടമുടമകള്‍ കൈവശംവച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ആവര്‍ത്തിച്ചുപറയുമ്പോഴും നിഷ്ക്രിയ സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിഷേധസമീപനം സംശയമുണര്‍ത്തുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top