രാഹുല്‍ ഗാന്ധി കര്‍ണ്ണാടക സന്ദര്‍ശിക്കും; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

rahul-6ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ഗുജറാത്ത് മോഡല്‍ പര്യടനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്തമാസം 10 മുതല്‍ പര്യടനം ആരംഭിക്കും. ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുല്‍ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികള്‍കൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാന്‍ കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ യോഗത്തിലാണു തീരുമാനമായത്.

മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ജി.പരമേശ്വര, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ബി.കെ.ഹരിപ്രസാദ് തുടങ്ങിയവരും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു.

‘നാവു പിഴയ്ക്കരുത്, സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ക്കായാലും ദുര്‍വ്യാഖ്യാനമുണ്ടാകാ’മെന്ന മുന്നറിയിപ്പാണു രാഹുല്‍ നേതാക്കള്‍ക്കു നല്‍കിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രിക്കെതിരെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓര്‍മപ്പെടുത്തല്‍.

സംസ്ഥാനത്തെ 56,000 ബൂത്തുകളില്‍നിന്നു തിരഞ്ഞെടുത്ത സജീവപ്രവര്‍ത്തകര്‍ക്കു മണ്ഡലതല പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഒരുബസില്‍ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം കാലേകൂട്ടി പൂര്‍ത്തിയാക്കാനും ശ്രമമുണ്ടാകും.

Print Friendly, PDF & Email

Related posts

Leave a Comment