Flash News

സൗദിയില്‍ റെന്റല്‍ കാര്‍ മേഖല സ്വദേശിവത്ക്കരിക്കുന്നു; മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

January 15, 2018

saudi-car-830x412ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും സൗദി പാസ്‌പോര്‍ട്ട് വ്യക്തമാക്കിയതിനു പിന്നാലെ വാടക കാര്‍ മേഖലയിലും സ്വദേശി വത്കരണത്തിനു കളമൊരുങ്ങുന്നു. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കു കടുത്ത തിരിച്ചടിയുണ്ടാക്കുന്ന നീക്കമായിട്ടാണിതു വിലയിരുത്തുന്നത്. മാര്‍ച്ച് 18നു ശേഷം ഈ മേഖലയില്‍ വിദേശ തൊഴിലാളികള്‍ ഉണ്ടാകരുതെന്നാണു തൊഴില്‍ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഒട്ടേറെ മലയാളികള്‍ക്കു തൊഴില്‍ നഷ്ടമാകാന്‍ ഇതിടയാക്കും. നേരത്തേ, മൊബൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും നിതാഖാത്ത് ഏര്‍പ്പെടുത്തിയിരുന്നു.

മലയാളികളടക്കം ആയിരക്കണക്കിനു വിദേശികളാണ് സൗദിയിലെ വാടക കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഉടമകള്‍ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ഇടപാടുകളെല്ലാം നടത്തുന്നതു വിദേശ തൊഴിലാളികളാണ്. നേരിട്ട് സ്ഥാപനം നടത്തുന്ന പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം തൊഴില്‍സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. നിതാഖാത് നടപ്പാക്കാത്ത ഉടമകള്‍ക്കു കടുത്ത ശിക്ഷ നല്‍കുമെന്നാണു മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

നിതാഖാത് ജ്വല്ലറി രംഗത്ത് കര്‍ശനമാക്കാനുള്ള നടപടികള്‍ക്കിടെയാണിത്. സൗദിയിലെ ഏഴു മേഖലകളിലാണ് ജ്വല്ലറി രംഗത്തുനിന്ന് വിദേശികളെ ആദ്യം ഒഴിവാക്കുന്നത്. ജസാന്‍, തബൂക്ക്, ഖസിം, ബഹാ, നജ്‌റാന്‍, അസിര്‍, വടക്കന്‍ അതിര്‍ത്തി എന്നീ മേഖലകളിലെ വിദേശികളെ ജ്വല്ലറി മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും. ഇവിടങ്ങളില്‍ സ്വദേശി തൊഴിലാളികള്‍ക്കായി വിവിധ പരിശീലന പദ്ധതികളും നടത്തുന്നുണ്ട്.

സ്വദേശിവത്കരണം നടപ്പാക്കാന്‍ നിര്‍ദേശിച്ച മേഖലകളില്‍ കര്‍ശന പരിശോധന നടക്കുകയാണ്. രാജ്യമാകെ ആറായിരത്തോളം പരിശോധനകള്‍ നടന്നുകഴിഞ്ഞെന്നാണ് കണക്ക്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിക്ക് മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. 35,000 വിദേശികളാണ് സൗദിയിലെ ജ്വല്ലറി മേഖലയില്‍ ജോലി ചെയ്യുന്നത്.

ഇതോടൊപ്പം ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു ഇളവുമുണ്ടാകില്ലെന്നും ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ശല്‍ഹൂബ് അറിയിച്ചു.

ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ ആദ്യ തവണ 500 റിയാലാണ് പിഴ. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ആയിരം റിയാലായി ഉയര്‍ത്തും. കൂടാതെ റീ എന്‍ട്രി വിസയില്‍ മടങ്ങിയ വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ മടങ്ങി വരാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കില്ല. ഇഖാമ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിച്ച് സുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. എന്നാല്‍ ഇത്തരത്തില്‍ പിടിയിലാകുന്ന വിദേശികളുടെ നടപടിക്രമങ്ങള്‍ പാസ്‌പോര്‍ട്ട് വകുപ്പാണ് പൂര്‍ത്തിയാക്കുകയെന്നും തലാല്‍ അല്‍ ശല്‍ഹൂബ് വ്യക്തമാക്കി. ഏഴരമാസത്തെ പൊതുമാപ്പ് നവംബര്‍ 15ന് അവസാനിച്ചതോടെ പിടിയിലായ 85,000 നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

ഇതിനിടെ, സൗദിയില്‍ വിനോദ സഞ്ചാര മേഖലയില്‍ കൊണ്ടുവരുന്ന ഇളവുകള്‍ വിദേശ വനിതകള്‍ക്ക് ആശ്വാസമാകും. 25 വയസില്‍ കൂടുതല്‍ പ്രായമുള്ള വനിതകള്‍ക്ക് ഒറ്റയ്ക്കു സന്ദര്‍ശിക്കുന്നതിനാണു വിസ. വിദേശ വനിതകള്‍ക്ക് അടുത്ത കുടുംബാംഗത്തോടൊപ്പം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. 25 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് ഈ നിയമം ഇനിയും ബാധകമാണ്. 30 ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുകയെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് വക്താവ് ഉമര്‍ അല്‍ മുബാറഖ് പറഞ്ഞു.

ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് വിസ സംബന്ധിച്ച നിയമവ്യവസ്ഥകള്‍ പൂര്‍ത്തിയായി. വിസ അനുവദിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഐ.ടി. വകുപ്പ് തയ്യാറാക്കി വരുകയാണ്.

കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍-2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൗദി അറേബ്യ ടൂറിസ്റ്റ് വിസ വിതരണം ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനിടെ 32,000 വിദേശികളാണ് ടൂറിസ്റ്റുകളായി സന്ദര്‍ശിച്ചത്. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയും വിദേശ നാണ്യം നേടിത്തരികയും ചെയ്യുന്നതിന് വിപുലമായ ഒരുക്കങ്ങളോടെ ടൂറിസ്റ്റ് വിസ വിതരണം ചെയ്യാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും ഉമര്‍ അല്‍ മുബാറഖ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top