Flash News

കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനം; ജനുവരി 26-ന് തമിഴ്‌നാട് പര്യടനത്തിനൊരുങ്ങുന്നു

January 15, 2018

Kamal-Haasan-1പുതിയ പാര്‍ട്ടി രൂപീകരണത്തിന് ഊര്‍ജമേകാന്‍ റിപ്പബ്ലിക് ദിനം മുതല്‍ തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി കമല്‍ ഹാസന്‍. ഇ. പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ പ്രതികരിച്ചുകൊണ്ടു രംഗത്തുവന്ന കമല്‍ഹാസന്‍ കഴിഞ്ഞ പിറന്നാളിനു പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ജനങ്ങള്‍ക്ക് അഴിമതി അറിയിക്കാന്‍ ‘മയ്യം വിസില്‍’ എന്ന ആപ്ലിക്കേഷന്‍ മാത്രമാണു പുറത്തിറക്കിയത്.

ഇതിനു പിന്നാലെ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനം നടത്തിയെങ്കിലും അപ്പോഴൊക്കെ നിശബ്ദമായിരുന്ന കമല്‍, ജനുവരി 26നു പര്യടനം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ’26 മുതല്‍ ജനങ്ങളെ കാണുന്നതിനുള്ള യാത്ര ആരംഭിക്കുമെന്നും അടുത്ത ആനന്ദ വികടനില്‍ ഇതേക്കുറിച്ചുള്ള പൂര്‍ണ വിവരം നല്‍കുമെന്നും’ കമല്‍ വ്യക്തമാക്കി. ഒരു അവാര്‍ഡ് ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.

ആനന്ദ വികടനിലെ സ്ഥിരം എഴുത്തുകാരനാണ് കമല്‍ ഹാസന്‍. എല്ലാ ആഴ്ചയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളാണ് എഴുതുന്നത്. കഴിഞ്ഞ കോളത്തില്‍ രജനീകാന്തിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു. സാധാരണ രാഷ്ട്രീയക്കാരെപ്പോലെ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനായിരിക്കില്ല എന്റെ മത്സരം. അതുകൊണ്ട് മുതിര്‍ന്നവരെയും സുഹൃത്തുക്കളെയും കാണുകയാണ് ആദ്യ ലക്ഷ്യമെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അതിനുള്ള തയാറെടുപ്പിലാണെന്നും കമല്‍ ഹാസന്‍ പിറന്നാള്‍ ദിനത്തില്‍ വ്യക്തമാക്കിയിരുന്നൂ. ജന്മദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും മറ്റുചില പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. വേണ്ടത്ര അടിത്തറ സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും കമല്‍ പറഞ്ഞു.

538859ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ കമല്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘മയ്യം വിസില്‍’ എന്ന പേരിലിറങ്ങുന്ന ആപ്ലിക്കേഷന്‍ നിലവില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. പരമാവധി ആളുകളിലേക്ക് ഇടപഴകാനാണ് ‘മയ്യം വിസില്‍’ ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമല്‍ പറഞ്ഞു. എവിടെ നടക്കുന്ന കാര്യങ്ങളും ആര്‍ക്കും അറിയിക്കാവുന്ന രീതിയിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇരുപതോളം ആളുകള്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു.

ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങിനോടൊപ്പം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തിലേക്ക് കടക്കണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും നമസിലാക്കാന്‍ സാധിക്കണം. അതിനായി ധാരാളം ചര്‍ച്ചകളും ഇടപഴകലുകളും ആവശ്യമാണ്. ഇതിനായി തമിഴ്‌നാടിന്റെ എല്ലാ കോണുകളിലേക്കും യാത്ര നടത്താനും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടുമനസിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കമല്‍ അറിയിച്ചു. പാര്‍ട്ടിക്കുവേണ്ടി പണം കണ്ടെത്തണമെന്ന വാക്കുകള്‍ മീഡിയ തെറ്റിദ്ധരിച്ചു. അതുപോലെയായിരുന്നു ഹിന്ദുക്കള്‍ക്കെതിരായ പ്രസ്താവനയും. ഞാന്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ചയാളാണെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഒരിക്കലും തീവ്രവാദി എന്ന പ്രയോഗം ഞാന്‍ നടത്തിയിട്ടില്ല. ‘എക്‌സ്ട്രീം’ എന്നാണ് ഉപയോഗിച്ചത്. സിനിമയുമായും മറ്റും ബന്ധപ്പെട്ടുള്ള പ്രഫഷണല്‍ കെട്ടുപാടുകള്‍ അവസാനിപ്പിച്ചശേഷം മാത്രമേ മുഴുവന്‍ സമയം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയൂ എന്നും അദ്ദേഹം ജന്മദിനത്തില്‍ വ്യക്തമാക്കിയിരുന്നു.

അധികം വൈകാതെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ധൃതിപ്പെട്ട് പ്രഖ്യാപനത്തിന് മുതിരുന്നില്ല. സമൂഹത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കിയതിനുശേഷമാകാം രാഷ്ട്രീയത്തിലേക്ക് എന്ന തീരുമാനത്തിലാണ് കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതകള്‍ക്കെതിരെ കമല്‍ഹാസന്‍ പലതവണ ശക്തമായി പ്രതികരിച്ചിരുന്നു. പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചായിരി്ക്കും പ്രവര്‍ത്തനമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top