നവ വത്സരങ്ങളും ലോകസംഭവങ്ങളും (ലേഖനം)

nava valsaram1പല പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രിയപ്പെട്ട കുടുംബാംഗങ്ങളോടൊപ്പം ഈ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ്സ് കേരളത്തില്‍ വെച്ച് ആഘോഷിക്കുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചത്. അതുപോലെ 2018 എന്ന ഈ പുതുവര്‍ഷം കുടുംബമായി ഞങ്ങള്‍ ആഘോഷിച്ചത് കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ചും പിന്നീടുള്ള സമയം പ്ലെയിനിലും (മടക്കയാത്ര) ആയിരുന്നു.

ഈ പുതുവര്‍ഷത്തെപ്പറ്റി എഴുതുവാന്‍ ഇപ്പോള്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് വായനക്കാര്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കാം. 2018 ആരംഭിച്ചതേയുള്ളല്ലോ ജനുവരി അവസാനിച്ചിട്ടുമില്ലല്ലോ എന്നും ചിന്തിച്ച് ചില സത്യങ്ങള്‍ ഞാനിവിടെ കുത്തിക്കുറിക്കുകയാണ്.

സംഭവ ബഹുലമായ, അരക്ഷിതാവസ്ഥയും അസമാധാനവും നിറഞ്ഞതും, പ്രചണ്ഡമായ പ്രകൃതിക്ഷോഭങ്ങള്‍ മൂലം അവര്‍ണ്ണനീയമായ നാശനഷ്ടങ്ങളും മനുഷ്യ സംഹാരവും നടന്ന മഹായുദ്ധ ഭീഷണിയും ലോകത്തിന് മീതെ കരിനിഴല്‍ പരത്തിയതുമായ ഒരു വര്‍ഷം നമ്മേ വിട്ട് കടന്നു പോയിരിക്കുന്നു! ഇതില്‍ നിന്നും വ്യത്യസ്തമായ ശുഭോദര്‍ക്കവും നന്മ നിറഞ്ഞതുമായ ഒരു നവവല്‍സരത്തെ മാനവരാശിയ്ക്ക് സമ്മാനിക്കുവാന്‍ 2018 ന് കഴിയുമോ? ഇല്ല എന്നുള്ളതു തന്നെയല്ലേ ഏറിയ കൂറും സത്യം?

കഴിഞ്ഞ കാലങ്ങളില്‍ ലോകത്ത് ഉണ്ടായിട്ടുള്ളതിനേക്കാളേറ്റവും അപകടപൂര്‍ണ്ണവും അരക്ഷിതാവസ്ഥയും അക്രമങ്ങളും അസമാധാനവും കൊലയും കൂട്ടക്കൊലകളും മാരകരോഗങ്ങളും അധര്‍മ്മവും കൊണ്ട് നിറയപ്പെട്ട ചരിത്രത്തിലേക്കും ദുര്‍ഘടം പിടിച്ചതും ഭീതിഭവുമായ സംഭവങ്ങളിലേക്കും തജ്ജന്യമായൊരു ലോകമഹായുദ്ധത്തിലേക്കുമാണ് മനുഷ്യരാശി ഇന്ന് പ്രയാണം ചെയ്തുക്കൊണ്ടിരിക്കുന്നതെന്ന് സംശയാതീതമായി ഞാനിവിടെ പ്രസ്താവിച്ചു കൊള്ളട്ടെ. അതെ, ആരാലും തടയാനാവാത്ത വിധത്തിലുള്ള ഒരു ലോക മഹാസംഘട്ടനത്തിലേക്ക് ലോകം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാകുന്നു. അഥവാ അതിലേക്ക് വലിച്ചിഴക്കപ്പെട്ടുകൊണ്ടിരിക്കയാകുന്നു. സംശയമുള്ളവര്‍ നാടകീയമാംവിധം മദ്ധ്യപൗരസ്ത്യ ദേശത്ത് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന (പാലസ്തീന്‍- ഇസ്രായേല്‍) അഥവാ ഇസ്ലാം-ഇസ്രായേല്‍ പോരാട്ടങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അടുത്ത സമയത്തായി അമേരിക്കയുടെ പിന്തുണയോടു കൂടി ഇസ്രായേല്‍ ജെറുശലേമിനെ തങ്ങളുടെ തലസ്ഥാനമായി വിളംബരം ചെയ്തിരിക്കുന്നു. ലോകത്തിലെ സകല മുസ്ലീം രാഷ്ട്രങ്ങളും ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ശക്തിയുക്തം ഇതിനെ അപലപിച്ചു കഴിഞ്ഞു.

ലോകപ്രസിദ്ധമായ ജെറുശലേം നഗരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോകുന്നു – മുഴുലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായി തീരാന്‍ പോകുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അശേഷം പോലും അതിശയോക്തിയില്ല. ജെറുശലേമിനെതിരായിട്ട് ഒരു മൂന്നാം ലോകമഹായുദ്ധം മദ്ധ്യപൂര്‍വ്വ ദേശത്തു നിന്നും അനതിവിദൂര ഭാവിയില്‍ പൊട്ടിപ്പുറപ്പെടുവാന്‍ പോകുന്നു എന്ന് ചരിത്ര സത്യങ്ങളും പ്രവാചക ശ്രേഷ്ഠന്മാരും ഏകസ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും എല്ലാ മുസ്ലീംങ്ങളും യഹൂദന്മാരും ഇത് സത്യമാകുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. മുസ്ലീംങ്ങളുടെയും മൂന്നാമത്തെ പുണ്യസ്ഥലം കൂടിയാകുന്നു ജെറുശലേം എന്നും നാം ഓര്‍ക്കുക.

ഹൈന്ദവ വിശ്വാസപ്രകാരം ഇത് കലിയുഗം കൂടിയാകുന്നു. എവിടെയും സ്വാര്‍ത്ഥതയും ദുഷ്ടതയും ആക്രമണങ്ങളും ക്രൂരതയും രക്തച്ചൊരിച്ചിലുകളും തന്നെ! സ്‌നേഹവും കരുണയും സഹാനുഭൂതിയും പരോപകാര ചിന്തയുമൊക്കെ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മകന്‍ അപ്പനെയും അമ്മയെയും അപ്പന്‍ മകനെയും ഭര്‍ത്താവ് ഭാര്യയെയും നിഷ്‌ക്കരുണം കൊലചെയ്യുന്നു! അബലയായ സ്ത്രീകളെ കൊല്ലുന്നത് ഭീരുത്വമോ പൗരുഷമോ? കേരളത്തിലും ഇന്‍ഡ്യയിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാല്‍ക്കാരങ്ങളും പീഢനങ്ങളും പതിന്മടങ്ങായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു! വര്‍ഗ്ഗീയ പാര്‍ട്ടികള്‍ വടക്കെ ഇന്‍ഡ്യയില്‍ പശുവിനു വേണ്ടി അഹിന്ദുക്കളെ കൊല്ലുന്നു! ഇതാണോ മതധര്‍മ്മം? ഇതാണോ മൂല്യാധിഷ്ഠിതമായ ഈശ്വരാരാധന? ഐ.എസ്.ഇസ്ലാം തീവ്രവാദികള്‍ അതിനീചവും മൃഗീയമായും കൊന്നൊടുക്കിയ മനുഷ്യര്‍ക്ക് കയ്യും കണക്കുമില്ല! അങ്ങനെ എല്ലാ പുതുവര്‍ഷങ്ങളിലും ഭയങ്കരമായ ദുരന്തങ്ങളോ ദുഃഖസംഭവങ്ങളോ മനുഷ്യരാശിയെ ഞെട്ടിപ്പിച്ചുക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. 2018 ലും എന്തെല്ലാം അനിഷ്ട സംഭവങ്ങള്‍ കാണാനും കേള്‍ക്കാനും അനുഭവിക്കാനും കിടക്കുന്നു! ഈശ്വരനെയും ധാര്‍മ്മികതയെയുമൊക്കെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അധികാരത്തിലെത്തിയ മോഡി ഗവണ്‍മെന്റ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ജനക്ഷേമകരമായ പ്രവൃത്തികള്‍ തന്നെയോ? വിവേകശൂന്യമായി ഓര്‍ക്കാപ്പുറത്ത് മോഡി നടത്തിയ നോട്ട് റദ്ദാക്കല്‍ മൂലം ഇന്‍ഡ്യയിലെ സാധാരണക്കാരായ ജനകോടികളും ലക്ഷക്കണക്കിനുള്ള വിദേശമലയാളികളും അനുഭവിച്ചു ദുഃഖങ്ങളും കഷ്ടനഷ്ടങ്ങളും എത്ര വലുത്? റദ്ദാക്കപ്പെട്ട കോടിക്കണക്കിനുള്ള ഇന്‍ഡ്യന്‍ മണി ഇന്നും വിദേശ ഇന്‍ഡ്യാക്കാരുടെയും മലയാളികളുടെയും കൈവശമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കള്ളപ്പണക്കമോ തട്ടിച്ചുണ്ടാക്കിയതോ അല്ലിത്! കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണിത്! മോഡി തിളങ്ങുന്നതും വിളങ്ങുന്നതും ഇന്‍ഡ്യയിലല്ല! പ്ലെയിനിലും വിദേശത്തും മാത്രം!

ജാതിയുടെയും മതത്തിന്റെയും പശുവിന്റെയും പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെയും മതതീവ്രവാദികള്‍ രാജ്യമൊട്ടാകെ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷപ്പുക ചീറ്റിക്കൊണ്ടിരിക്കുന്നതിനെയും പ്രോല്‍സാഹിപ്പിച്ച് ഭരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിലോമ ശക്തിയെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ സര്‍വ്വേശ്വരന്‍ അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. മഹത്തായ മഹാഭാരതസന്ദേശത്തിന്റെ അന്തസ്സത്തയും രാജ്യത്ത് അധര്‍മ്മം ജയിക്കും എന്നല്ല. പ്രത്യുത ‘യതോ ധര്‍മ്മ സ്തതോ ജയ’ എന്നാകുന്നു. അന്യനെ ദ്വേഷിക്കുന്നതും പീഡിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമല്ല യഥാര്‍ത്ഥമായ ഹൈന്ദവധര്‍മ്മവും സാക്ഷാല്‍ ദൈവാരാധനയുമെന്ന് നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു പോയിരിക്കുന്നു.

ആത്മീയ ലോകവും ബഹുഭൂരിപക്ഷവും അശുദ്ധിയും കാപട്യവും സ്വാര്‍ത്ഥതയും തട്ടിപ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. അധര്‍മ്മം ലോകത്തിലിന്ന് ആകാശത്തോളം ഉയര്‍ന്നിരിക്കയാണ്. കേരളീയ ജനജീവിതത്തിലും സത്യത്തിനും ധാര്‍മ്മീകമൂല്യങ്ങള്‍ക്കും യാതൊരു സ്ഥാനവും ഇല്ലെന്ന് വന്നിരിക്കയാണിന്ന്. സ്വാര്‍ത്ഥതയും തട്ടിപ്പും കാപട്യവും മദ്യപാനവും അഹങ്കാരവും അവിഹിതബന്ധങ്ങളും ഇന്ന് കേരളീയന്റെ മുഖമുദ്രയായും തീര്‍ന്നിരിക്കുന്നു. സദാചാര സാന്മാര്‍ഗിക മൂല്യങ്ങളിന്ന് ആണിനും പെണ്ണിനും വേണ്ട! മനുഷ്യര്‍ തകര്‍ന്നുക്കൊണ്ടിരിക്കുന്നതിലും നശിച്ചുകൊണ്ടിരിക്കുന്നതിലും ഒരൊറ്റ ആള്‍ ദൈവങ്ങള്‍ക്കും പ്രതികരണമോ ദുഃഖമോ ഇല്ല! എല്ലാ സ്വന്തം സുഖങ്ങള്‍ക്കു വേണ്ടിയുള്ള ആട്ടങ്ങളും അഭ്യാസങ്ങളും അഭിനയങ്ങളും ചൂഷണങ്ങളും തന്നെ!

ലൈംഗീക വഷളത്തങ്ങളും മ്ലേഛതകളും വിവാഹമോചനങ്ങളും സ്വവര്‍ഗ്ഗരതികളും സ്വവര്‍ഗ്ഗ വിവാഹങ്ങളും സകല അതിര്‍ത്തികളെയും ഭേദിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു! ഇന്റര്‍നെറ്റിലൂടെ ഞാന്‍ ഏതോ ഒരു ന്യൂസ് തേടിയപ്പോള്‍ ഒരു ഓസ്‌ട്രേലിയന്‍ ബീച്ചില്‍ നൂല്‍ വസ്ത്രം പോലും ഇല്ലാതെ പൂര്‍ണ്ണ നഗ്നരായി കുളിക്കാന്‍ അണി നിരന്ന് നില്‍ക്കുന്ന യൗവ്വനയുക്തരായ 800 ഓളം അംഗനാമണിമാരുടെ ഫോട്ടോകള്‍ കാണാനിടയായി. ദൈവം നല്‍കിയ മനോഹരമായ മനുഷ്യ ജീവിതത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ധനസുഖങ്ങള്‍ക്കും സമാധാനത്തിനുമൊക്കെ ദൈവത്തിന് മനുഷ്യന്‍ പകരം നല്‍കുന്ന നന്ദിയും മഹത്വവും ആദരവുകളും അത്തരത്തില്‍ അധ:പ്പതിച്ചു പോയല്ലോ! ബ്രിട്ടനിലെ പല എം.പി.മാരും പാര്‍ലമെന്റില്‍ തങ്ങളുടെ സമയം സന്തോഷമായി ചിലവഴിക്കുന്നത് അശ്ലീല വീഡിയോകള്‍ കണ്ടു കൊണ്ടാണെന്ന് ഈ അടുത്ത സമയത്തായി ഞാന്‍ ഒരു ന്യൂസില്‍ വായിക്കുകയുണ്ടായി. ‘ദുഷ്ടന്മാരുടെ വഴി അന്ധകാരം പോലെയാകുന്നു. ഏതില്‍ തട്ടി വീഴുമെന്ന് അവര്‍ അറിയുന്നില്ല’ എന്ന് സോളമന്‍ പറഞ്ഞു.

മനുഷ്യാ നീ ആര്? നിന്റെ ജീവിതയാത്ര എങ്ങോട്ട്? അത് എത്ര ഹ്രസ്വമാണ്! ബൈറണ്‍ പറഞ്ഞു ‘മനുഷ്യ! പുഞ്ചിരിക്കും കണ്ണീരിനും ഇടയ്ക്ക് കിടന്നാടുന്ന പെന്‍ഡുലമാണ് നീ’ എന്ന്. ഡോളറുകള്‍ക്കും സ്വന്തം ബുദ്ധിശക്തിക്കും പരിഹരിക്കാനാവാത്ത ആപത്തനര്‍ത്ഥങ്ങള്‍ മനുഷ്യന്റെ മുമ്പിലുണ്ട്. ഇതാരും മറക്കരുത്. ‘അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആരു വിടുവിക്കു’മെന്ന് ഒരു ഭക്തന്‍ ദൈവത്തോട് വിലപിച്ചു. അനര്‍ത്ഥ ദിവസത്തില്‍ ദൈവം തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കുമെന്നും ഒരു ദോഷവും തട്ടാതവണ്ണം എന്റെ പ്രാണനെ പരിപാലിക്കുമെന്നും സങ്കീര്‍ത്തനക്കാരന്‍ പാടി. അല്‍ഭുതകരമായ ദൈവകൃപയില്‍ ആശ്രയിച്ച് അഭീഷ്ടങ്ങള്‍ സാധിച്ച് ജീവിക്കുന്നവന്‍ ഭാഗ്യമുള്ളവനാകുന്നു. വലിയ എന്തൊക്കെയോ തന്റെ കയ്യിലുണ്ടെന്ന് ഭാവിച്ചും ഓര്‍ക്കുക ഈ അല്‍ഭുത പ്രപഞ്ചത്തില്‍ ഞാനും നീയും എല്ലാ മനുഷ്യരും ഏതാ അര്‍ത്ഥത്തിലും വെറും ഒരു പൂജ്യം മാത്രമാകുന്നു!! നവ വല്‍സരങ്ങളെ നന്മയും സന്തോഷവും സമാധാനവും കൊണ്ടലംങ്കരിക്കുകയും മനം തകര്‍ന്നവരെ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്ന സ്‌നേഹനിധിയായ ദൈവം ഈ പുതുവര്‍ഷം മുഴുവനും നമ്മെ എല്ലാവരെയും ആയുസ്സോടും ആരോഗ്യത്തോടും അവന്റെ അളവറ്റ സമാധാനത്തില്‍ കാത്തുപരിപാലിക്കുമാറാകട്ടെ.

Print Friendly, PDF & Email

Leave a Comment