സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; കാരാട്ടും യെച്ചൂരിയും കൊമ്പുകോര്‍ക്കാന്‍ സാധ്യതയെന്ന്

karat-yechury-830x412ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ നിര്‍ണായക കേന്ദ്രകമ്മിറ്റി യോഗം ഇന്നു കൊല്‍ക്കത്തയില്‍ നടക്കാനിരിക്കേ, കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി യെച്ചൂരി-കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നു കാരാട്ട് പക്ഷം വാദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സാഹചര്യത്തിനൊത്തു മാറ്റം വേണമെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. ഇന്നു തുടങ്ങുന്ന കേന്ദ്ര കമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക രേഖ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. യെച്ചൂരി ബദല്‍ രേഖയും. ഫലത്തില്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയുടെ ആവര്‍ത്തനമായി ഈ യോഗവും മാറും.

രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കട്ടെയെന്ന നിലപാടാകും യെച്ചൂരിപക്ഷം സ്വീകരിക്കുക. അതേ സമയം, കാരാട്ട് പക്ഷത്തിന്റെ കടുംപിടിത്തം തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യെച്ചൂരി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് യെച്ചൂരിപക്ഷം നീങ്ങുന്നത്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ രേഖയ്ക്ക് അംഗീകാരം നല്‍കാനാണ് ഇന്നു കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള വ്യത്യസ്ത നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുകയായിരുന്നു.

സമവായം കണ്ടെത്താന്‍ ഇരുപക്ഷത്തിന്റേയും നിലപാടുകള്‍ ഉള്‍പ്പെടുത്തി പുതിയ രേഖയുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിനായി ചേര്‍ന്ന പി.ബി യോഗത്തില്‍ ധാരണയായില്ല. ഇതോടെയാണ് ഇരുപക്ഷവും വീണ്ടും തങ്ങളുടെ രേഖകള്‍ കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി നേരിട്ടു സഖ്യം വേണമെന്ന നിലപാടില്‍നിന്നു മാറി, സാഹചര്യത്തിനൊത്തു തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് യെച്ചൂരി അയഞ്ഞെങ്കിലും കാരാട്ട് പക്ഷം ഇതും അംഗീകരിച്ചില്ല.

ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങാത്ത കാരാട്ട് പക്ഷം, തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാനുള്ള ചരടുവലികളാണ് നടത്തുന്നതെന്നാണ് യെച്ചൂരിയുടെ ആശങ്ക. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ യോജിപ്പിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ സ്ഥാനമാറ്റമടക്കമുള്ള വിഷയങ്ങളിലും പോര്‍മുഖം തുറന്നേക്കും. ബംഗാള്‍ ഘടകം യെച്ചൂരിപക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ കേരളാ ഘടകത്തിന്റെ പിന്തുണ കാരാട്ടിനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment