Flash News

KCRM – NORTH AMERICA നാലാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

January 22, 2018 , ചാക്കോ കളരിക്കൽ

my photoപ്രിയരേ,

ആദ്യമെ തന്നെ, തെക്കും ഭാഗരൂപതയായ കോട്ടയം രൂപതയിലും പ്രവാസി ഇടവകകളിലും നടന്നുകൊണ്ടിരിക്കുന്ന, സമുദായത്തില്‍ നിന്നും മാറി വിവാഹം ചെയ്യുന്നവരെ ഇടവകാംഗത്വത്തില്‍ നിന്നും പുറത്താക്കുന്ന അക്രൈസ്തവ നടപടിയെ, പൗരസ്ത്യ തിരുസംഘം നിയമിച്ച ഏകാംഗ കമ്മീഷന്‍ കാനഡയിലെ പെംബ്രോക്ക് രൂപതാധ്യക്ഷന്‍ ബിഷപ്പ് മൈക്കിള്‍ മുല്‍ഹലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, നിര്‍ത്തലാക്കികൊണ്ടുള്ള റോമിന്റെ പ്രഖ്യാപനത്തെ KCRM – NORTH AMERICA സസന്തോഷം സ്വാഗതം ചെയ്യുന്നു.

ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട്, സമുദായാംഗങ്ങളും സമുദായത്തിനു വെളിയില്‍ നിന്നുള്ളവരും നീതിക്കു വേണ്ടി നടത്തിയ ആ പോരാട്ടത്തില്‍ പങ്കെടുക്കുകയുണ്ടായി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

KCRM – North America-യുടെ നാലാമത്തെ ടെലികോണ്‍ഫറന്‍സ് ജനുവരി 10, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്നതും ശ്രീ എ സി ജോര്‍ജിന്റെ അഭാവത്തില്‍ ചാക്കോ കളരിക്കല്‍ മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇപ്രാവശ്യത്തെ ചര്‍ച്ച”കേരള കത്തോലിക്കാ സഭാനവീകരണ പോരാളി ജോസഫ് പുലിക്കുന്നേലില്‍ – ഒരനുസ്മരണം” എന്ന വിഷയമായിരുന്നു. മൗന ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, ഇപ്രാവശ്യത്തെ ടെലികോണ്‍ഫറന്‍സില്‍ ആദ്യമായി പങ്കെടുത്ത എല്ലാവരും സദസ്സിന് സ്വയം പരിചയപ്പെടുത്തുകയുണ്ടായി.

അതിനുശേഷം ശ്രീ പുലിക്കുന്നേലുമായി അനേക വര്‍ഷങ്ങളായി സ്നേഹബന്ധത്തില്‍ കഴിഞ്ഞിരുന്ന ശ്രീ ജോസഫ് പുല്ലാപ്പള്ളി (ഷിക്കാഗോ) പുലിക്കുന്നേലിനെ അനുസ്മരിച്ച് സംസാരിക്കുകയുണ്ടായി.

പണ്ഡിതനും കര്‍മ്മോല്‍സുകനും ബഹുമുഖ പ്രതിഭയുമായിരുന്ന ബഹു. പുലിക്കുന്നേലിനെ, ദേവഗിരി കോളേജില്‍ അദ്ദേഹം അദ്ധ്യാപകനായിരുന്ന കാലത്ത് താനുമായി ആരംഭിച്ച സ്നേഹബന്ധമാണെന്നുള്ള മുഖവുരയോടെയാണ് ശ്രീ പുല്ലാപ്പള്ളി തന്റെ അനുസ്മരണം ആരംഭിച്ചത്. പുലിക്കുന്നേല്‍ എന്ന പ്രവാചകനെ സ്ഥാപിത സഭ പുശ്ചിച്ചു തള്ളി. പുലിക്കുന്നേലാകുന്ന ജ്വലിക്കുന്ന അഗ്നിയെ തമസ്ക്കരിക്കാന്‍ സഭാധികാരം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. കോളേജ് അദ്ധ്യാപകന്‍, കെപിസിസി മെമ്പര്‍, സര്‍വ്വകലാശാല സെനറ്റ് മെംബര്‍, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് തുടങ്ങിയ നിലകളില്‍ ആദ്യ കാലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീടദ്ദേഹം കാര്യങ്ങള്‍ നേരെ ചൊവ്വെ പോകാത്ത ക്രിസ്തീയ സഭകളുടെ, പ്രതേകിച്ച് താന്‍ ആയിരുന്ന സീറോ-മലബാര്‍ സഭയുടെ, നവീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. ആഡംബര ളോഹ ധാരികളായ, അധികാര ചിഹ്നങ്ങളായ വടി, തൊപ്പി, മോതിരം, അരപ്പട്ടയുമെല്ലാം ധരിച്ചു നടക്കുന്ന, രാഷ്ട്രീയമായ ചീഞ്ഞ സ്വാധീനമുള്ള, അഹന്ത കൈമുതലായ, വെട്ടിപ്പിലും തട്ടിപ്പിലും കൂടി കള്ളപ്പണം സമാഹരിക്കുന്ന, തങ്ങളുടെ ഇഷ്ടത്തിനു വഴങ്ങാത്ത സാധാരണ വിശ്വാസികള്‍ക്ക് മരിച്ചടക്കും കൂദാശകളും മുടക്കുന്ന, സഭാധികാരികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അദ്ദേഹം വിമര്‍ശന വിധേയമാക്കി. വി കെ കുര്യന്‍ സാറിന്റെ മരിച്ചടക്കും മുപ്പതോളം വിവാഹങ്ങളും അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തികൊടുക്കുകയുണ്ടായി. 1975 മുതല്‍ ‘ഓശാന’ മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങി. പണ്ഡിതനായ അദ്ദേഹത്തിന്റെ നാവായിരുന്നു ഓശാന മാസിക. അതിലെ ലേഖനങ്ങള്‍ വരുംതലമുറയ്ക്ക് ഒരു നിക്ഷേപ ഖനിയായിരിക്കും. ശ്രീ പുലികുന്നേലിന്റെ പരിശ്രമഫലമായി മലയാളത്തിലേക്ക് ബൈബിള്‍ തര്‍ജ്ജിമ ചെയ്തു. മികച്ച മലയാളം ബൈബിള്‍ എന്ന ഖ്യാതി ഓശാന ബൈബിളിനായിരുന്നു. ലക്ഷക്കണക്കിന് കോപ്പികള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി. സുവിശേഷാധിഷ്ഠിത ജീവിതം നയിക്കാന്‍ അത് വിശ്വാസികള്‍ക്ക് പ്രേരണയായിത്തീര്‍ന്നു.

1991-ലെ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ത്തോമാ ക്രിസ്താനികളുടെ പള്ളിയും പള്ളി സ്വത്തുക്കളും മെത്രാന്മാര്‍ പിടിച്ചെടുത്തപ്പോള്‍ മറ്റു മതസ്തര്‍ക്കുള്ളതു പോലെ ക്രൈസ്തവര്‍ക്കും അവരുടെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഗവണ്മെന്റ് നിയമമുണ്ടാക്കണമെന്നുള്ള ആശയം ജനമദ്ധ്യത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. അതിന്റെ ഫലമായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷന്‍ രൂപം കൊടുത്ത് 2009-ല്‍ ‘The Kerala Christian Church Properties and Institutions Trust Bill എന്ന കരടു നിയമം ഗവണ്മെന്റിനു സമര്‍പ്പിച്ചു. ആ കരടു ബില്‍ നിയമമാക്കുന്നതിനുള്ള യാതൊരു നടപടികളും ഗവണ്മെന്റ് ഇന്നുവരേയും സ്വീകരിച്ചിട്ടില്ല.

അസാമാന്യ ധീരതയോടെ സഭയോടു പൊരുതിയ പുലിക്കുന്നേലിന് ‘സഭാ വിരുദ്ധന്‍’ എന്ന ലേബല്‍ മെത്രാന്മാരും വൈദികരും വൈദിക അടിമകളായ വിശ്വാസികളും ചാര്‍ത്തികൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സഭാവിശ്വാസികളുടെ ഇടയില്‍ ഇന്ന് പരക്കെ അംഗീകരിക്കപ്പെടുകയും സ്വീകാര്യമാകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

വിഷയാവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ പുലിക്കുന്നേല്‍ അവതരിപ്പിച്ച ആശയങ്ങളെ പലരും പല വിധത്തില്‍ വിശകലനം ചെയ്ത് സംസാരിച്ചു. അദ്ദേഹം വിശ്വാസികള്‍ക്കു ലഭിക്കേണ്ട നീതിക്കും അവകാശത്തിനും വേണ്ടിയാണ് പൊരുതിയത്. സിംപിളും ഓര്‍ഡിനറിയുമായ സാദാ വിശ്വാസികള്‍ക്കും സഭയില്‍ സ്ഥാനമുണ്ടായിരിക്കണം. അഭിപ്രായങ്ങള്‍ സഭാധികാരികളുടെ മുഖം നോക്കാതെ തുറന്നു പറയാനുള്ള കരുത്ത് പുലിക്കുന്നേലും ഓശാനയും നല്‍കി. ഓശാന ഒരു തിരുത്തല്‍ ശക്തിയായി മാറി. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാന്‍ പറ്റില്ലെന്ന് ഓശാന കാണിച്ചുകൊടുത്തു. സഭയുടെ അധികാര കേടുപാടുകളില്‍ പുലിക്കുന്നേല്‍ ഒരു പ്രവാചകനായിരുന്നു.

അദ്ദേഹത്തിന്റെ അസാമാന്യ ധീരതയും ബുദ്ധിവൈഭവവും സഭയെ തിരുത്താനുള്ള ഒറ്റയാന്‍ പട്ടാളത്തെ അദ്ദേഹം സൃഷ്ടിച്ചു. ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു പുലിക്കുന്നേലും അദ്ദേഹത്തിന്റെ ഓശാനയും. അദ്ദേഹം പൊക്കിപിടിച്ച ദീപശിഖ അദ്ദേഹം പ്രസവിച്ചുവിട്ട പുലികുട്ടികള്‍ മുന്‍പോട്ടു കൊണ്ടുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനുള്ള തെളിവുകള്‍ സോഷ്യല്‍ മീഡിയാകളില്‍ കാണാം. പുലിക്കുന്നേലിന്റെ ജീവിത സാക്ഷാക്കാരത്തിന്റെ പ്രതിഫലവും കാപട്യരഹിത ജീവിതത്തിന്റെ കറതീര്‍ന്ന തെളിവുമാണ് സ്വന്തം വീട്ടുവളപ്പില്‍ വെച്ചു നടത്തിയ ശവദാഹമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

സീറോ-മലബാര്‍ സഭയിലെ ക്നാനായ സമുദായത്തിലെ സ്വവംശവിവാഹ നിഷ്ഠയുടെ പരിണതഫലമായി തെക്കുംഭാഗ ഇടവക പള്ളികളില്‍ സമുദായത്തില്‍ നിന്നും മാറി വിവാഹം ചെയ്യുന്നവരെ പള്ളി അംഗത്വത്തില്‍ നിന്നും ബഹിഷ്ക്കരിക്കുന്ന അക്രൈസ്തവ നടപടിയെ ശ്രീപുലിക്കുന്നേല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. കോട്ടയം രൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന ആ നടപടി ക്രൈസ്തവ നീതിക്കും വിശ്വാസത്തിനും നിരക്കാത്തതാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടുള്ള ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം ഓശാനയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പുലിക്കുന്നേലിന്റെ ധീരമായ ആ ക്രിസ്തീയ നിലപാടിനെ ശ്രീ ജോസ് കല്ലിടുക്കില്‍ അഭിനന്ദിക്കുകയും അനുസ്മരണത്തില്‍ അദ്ദേഹത്തിന് ക്നാനായ കമ്മ്യൂണിറ്റിയുടെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആ ടെലികോണ്‍ഫെറന്‍സിൽ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു.

KCRM – North America-യുടെ അഞ്ചാമത് ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി14, 2018 ബുധനാഴ്ച വൈകീട്ട് ഒന്‍പതു മണിക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: “ഫ്രാന്‍സിസ് പാപ്പയും സഭാ നവീകരണയഗ്നങ്ങളും.”

ടെലികോണ്‍ഫറന്‍സിലേക്ക് എവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍ (ജനറല്‍ കോഓര്‍ഡിനേറ്റര്‍)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top