അങ്കമാലി: കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തിനെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു ലഭിച്ചാല്‍ ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മ വിവരങ്ങള്‍ പോലും പ്രതിഭാഗം ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാകാമെന്ന് പ്രോസിക്യൂഷന് പറയുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
കേസിന്റെ വിവരങ്ങളും കോടതി നടപടികളുമെല്ലാം ഡിജിപിയേയും മറ്റും യഥാസമയം അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിവരങ്ങള്‍ കൈമാറുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഡിജിപിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. നടിയെ ഉപദ്രവിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ പ്രതിയായ നടന് ദിലീപ് കൈപ്പറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്കിയ അപേക്ഷയില്‍ പ്രതിഭാഗത്തിനു നല്കാനാവുന്ന രേഖകളുടെ പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ 93 രേഖകളാണ് അഭിഭാഷകന് മുഖേനെ ദിലീപ് കൈപ്പറ്റിയത്.
ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ടുള്ള രണ്ടു ഹര്‍ജികളിലുള്ള വാദം നാളെ തുടരും. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നു പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പ്രതിഭാഗത്തിനു ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണു പ്രോസിക്യൂഷന് വാദം. നടി ഉപദ്രവിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് പ്രതിഭാഗത്തിനു ദൃശ്യങ്ങള്‍ നല്‍കരുതെന്ന നിലപാടു പ്രോസിക്യൂഷന് ആവര്‍ത്തിച്ചത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ മൊബൈല്‍ ഫോണ്‍ പ്രതികളുടെ പക്കല്‍ നിന്നു പിടിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതിഭാഗത്തിന്റെ നിലപാടു ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നിയമോപദേശം തേടി. കേസുമായി ബന്ധപ്പെട്ടു പ്രതിഭാഗത്തിനു കൊടുക്കാന്‍ കഴിയുന്ന എഴുപതോളം രേഖകളുണ്ട്. ഈ രേഖകളുടെയും കൊടുക്കാന്‍ സാധിക്കാത്ത രേഖകളുടെയും പട്ടിക പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുനൂറോളം രേഖകളാണു പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ പ്രതിഭാഗത്തിനു നല്കിയ രേഖകള്‍ വീണ്ടും ചോദിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടുള്ള മറ്റു രേഖകള്‍ നല്‍കാനാവാത്തതിന്റെ കാരണം കാണിച്ചുള്ള റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ക്കുന്നു. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.
ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തേ ദിലീപിന്റെ അഭിഭാഷകന് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.അതിനിടെ മെമ്മറികാര്‍ഡ് തരണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ‘സ്ത്രീശബ്ദം’ എന്ന കച്ചിത്തുരുമ്പുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദിലീപ് ഹൈക്കോടതിയിലെത്തുക. മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ആരോപിക്കുന്നു. ‘ഓണ്‍ ചെയ്യൂ…’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം.
മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം പ്രോസിക്യൂഷന് മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നു. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply